മാര്‍ കുറിയാക്കോസു സഹദായും തന്‍റെ മാതാവായ യൂലീത്തിയും (മിശിഹാകാലം 304)


ദുഷ്ടനായ മക്സേമ്മീനോസിന്‍റെ നാളുകളില്‍ ക്രിസ്ത്യാനികള്‍ക്കു പീഡയുണ്ടായി. തന്‍റെ പൈതല്‍പ്രായം മുതല്‍ ദൈവത്തെ ഭയപ്പെട്ടു വിശ്വാസത്തിലും മിശിഹായെയുള്ള സ്നേഹത്തിലും സ്ഥിരപ്പെട്ടിരുന്നവളായി യൂലീത്തി എന്നു നാമധേയമുള്ള ഒരു സ്ത്രീ ഈക്കാനോന്‍ പട്ടണത്തില്‍ ഉണ്ടായിരുന്നു. ന്യായാധിപതിയുടെ ഭീഷണികളെയും മിശിഹായുടെ ദാസന്മാര്‍ അനുഭവിക്കുന്ന പീഡയെയും അവള്‍ കേട്ടപ്പോള്‍ ഭയപ്പെട്ടു കിലിക്കിയായിലെ തര്‍സൂസ്സിലേക്കു ഓടിപ്പോയി. നാടുവാഴിയായ ആലക്സന്ത്രയോസു ഭാഗ്യശാലിനി താമസിച്ച പട്ടണത്തില്‍ വന്നു മിശിഹായുടെ ദാസന്മാരെ പിടിപ്പാന്‍ ശ്രമിച്ചു. അവന്‍റെ പട്ടാളക്കാരില്‍ പൈശാചികവേലക്കാരായ ചിലര്‍ ഭാഗ്യശാലിനിയായ യൂലീത്തിയെ പിടിച്ചു ന്യായാധിപതിയുടെ അടുക്കല്‍കൊണ്ടുവന്നു. ഇവര്‍ ക്ഷുദ്രത്താല്‍ പട്ടണത്തെ മുഴുവനും നശിപ്പിക്കയും നമ്മുടെ ദേവന്മാര്‍ ജീവനില്ലാത്തവരാകുന്നു എന്നു പറഞ്ഞുകൊണ്ടു ദേവന്മാര്‍ക്കു ബലികഴിക്കാതിരിപ്പാന്‍ സകല മനുഷ്യരെയും അനുസരിപ്പിക്കയും ചെയ്യുന്നു എന്നു പറഞ്ഞു. ആലക്ക്സന്ത്രയോസു കേട്ടു കോപത്തോടെ, ‘നിന്‍റെ കുടുംബം ഏതു? നിന്‍റെ ദേശം ഏതു? നിന്‍റെ പേര്‍ എന്തു?’ എന്നു ചോദിച്ചു. ഞാന്‍ ഈക്കാനോന്‍ പട്ടണത്തില്‍ ഒട്ടുംതന്നെ അപ്രധാനമല്ലാത്തവള്‍ ആകുന്നു. എന്‍റെ കുടുംബം വലുതും പ്രധാനപ്പെട്ടതുമാകുന്നു. നിന്നില്‍നിന്നു ഞാന്‍ ഓടിഒളിച്ചു. എന്നാല്‍ ദിവ്യവിചാരണപ്രകാരം നിന്‍റെ കൈയില്‍ ഞാന്‍ അകപ്പെടുകയും നിന്‍റെ മുമ്പാകെ ഞാന്‍ നില്‍ക്കയും ചെയ്യുന്നു എന്നു പരിശുദ്ധ സ്ത്രീ, സ്ത്രീകള്‍ക്കുവേണ്ട അടക്കത്തോടെ പറഞ്ഞു.
ന്യായാധിപതി: ‘നീ എന്‍റെ കൈയില്‍ അകപ്പെട്ടു എന്നു സമ്മതിക്കുന്നു എങ്കില്‍ നല്ലതിനെ തിരഞ്ഞെടുത്തു അതിനു ചേര്‍ന്നു വഞ്ചനയില്‍നിന്നു അകലുകയും നിന്‍റെ പേര്‍ എന്താകുന്നു എന്നു എന്നോടു പറകയും ചെയ്ക’.
ഭാഗ്യക്കാരി: ‘ഞാന്‍ ക്രിസ്ത്യാനി ആകുന്നു’.
ന്യായാധിപതി: ‘ഈ വഞ്ചന നിനക്കു യാതൊന്നും പ്രയോജനം വരുത്തുകയില്ല. എന്നാല്‍ നിന്‍റെ പേര്‍ എന്നോടു പറഞ്ഞു ദേവന്മാര്‍ക്കു ബലികഴിച്ചുകൊള്‍ക. നീ ദുര്‍മ്മരണം അനുഭവിക്കയില്ല’.
ഭാഗ്യക്കാരി: ‘ഞാന്‍ ക്രിസ്ത്യാനിയാകുന്നു. നിലനില്‍ക്കാത്ത പേരിനെപ്പറ്റി നീ ചോദിക്കുന്നു എങ്കില്‍ ഞാന്‍ യൂലീത്തി എന്നു വിളിക്കപ്പെടുന്നു’.
ന്യായാധിപതി: ‘ആകയാല്‍ നല്ലതിനെ നീ തിരഞ്ഞെടുത്തു ദേവന്മാര്‍ക്കു ബലികഴിച്ചുകൊള്‍ക. നീ എന്നെ അനുസരിക്കുകയില്ലെങ്കില്‍ ഞെരുക്കങ്ങളും അതിവേദനകളും നീ സഹിക്കേണ്ടിവരും’.
ഭാഗ്യക്കാരി: ‘നിനക്കു ഇഷ്ടമുണ്ടെങ്കില്‍ തെരുവിലേക്കു ആളയച്ചു കര്‍ത്താവു ഇവന്‍തന്നെയൊ എന്നു പറയേണ്ടുന്നതിനു മൂന്നു വയസ്സു മാത്രം പ്രായമുള്ള ഒരു പൈതലിനെ അന്വേഷിക്ക. പൈതല്‍ പറയുന്നവനെ നാം സേവിക്കണം. എന്നാല്‍ പൈതല്‍ വിവരീതിയായി കണ്ടെത്തപ്പെടുകയും ദേവന്മാര്‍തന്നെ എന്നു പറയുകയും ചെയ്താല്‍ നീയും നിന്‍റെ കുടുംബം മുഴുവനും അവരെ വന്ദിച്ചുകൊള്‍ക. എന്നാല്‍ ഞാനോ ഞാന്‍ എന്‍റെ ദൈവമായ കര്‍ത്താവിനെ വന്ദിക്കും’.
അപ്പോള്‍ ദുഷ്ടന്യായാധിപതി മൂന്നു വയസ്സു പ്രായമുള്ള പൈതലിനെ അന്വേഷിപ്പാന്‍ ഭടന്മാരെ അയച്ചു. ഈ പ്രായത്തിലുള്ള പൈതങ്ങള്‍ ഉണ്ടായിരുന്നവര്‍ എല്ലാവരും ന്യായാധിപതിയെ ഉള്ള ഭയം നിമിത്തം അവരെ ഒളിപ്പിച്ചതിനാല്‍ അവര്‍ അന്വേഷിച്ചാറെ കണ്ടുകിട്ടാഴികകൊണ്ടു കോട്ടയ്ക്കു പുറത്തു ശ്ലീഹന്മാരായ മാര്‍ പത്രോസിന്‍റെയും മാര്‍ പൌലൂസിന്‍റെയും പള്ളി പണിതിരിക്കുന്ന സ്ഥലത്തു വന്നു ഭാഗ്യക്കാരിയായ യൂലീത്തിയുടെ പുത്രനെ കണ്ടെത്തി. അവിടെ ഉണ്ടായിരുന്ന ആളുകളില്‍നിന്നു പൈതല്‍ മൂന്നു വയസ്സിനു മൂന്നുമാസം ഇളപ്പമുള്ളവനാകുന്നു എന്നും യൂലീത്തിയുടെ പുത്രനാകുന്നു എന്നും അറിഞ്ഞു അവനെ അവര്‍ ന്യായാധിപതിയുടെ അടുക്കല്‍ കൊണ്ടുവന്നു.
പൈതല്‍ വന്നു ന്യായാധിപതിയുടെ സിംഹാസനത്തിന്‍ മുമ്പാകെ നിന്നപ്പോള്‍ അവന്‍ കാഴ്ചയ്ക്കു എത്രയും സുന്ദരനാകുന്നു എന്നു ന്യായാധിപതി കണ്ടു അവനോടു സ്നേഹിക്കപ്പെട്ടു പൈതലേ നിനക്കു സമാധാനം എന്നു പറഞ്ഞു.
പൈതല്‍ ഉത്തരമായിട്ടു അവനോടു എന്‍റെ മേല്‍ സമാധാനവും ദുഷ്ടനു സമാധാനവുമില്ലെന്നു കര്‍ത്താവു പറയുന്നു എന്നു പുസ്തകം പറഞ്ഞിരിക്കയാല്‍ നിന്‍റെ മേല്‍ സമാധാനമില്ലാഴികയും ഉണ്ടാകട്ടെ എന്നു പറഞ്ഞു. നിന്നോടു ചോദിപ്പാന്‍ തുടങ്ങുന്നതിനു മുമ്പുതന്നെ നീ എന്നോടു ഉത്തരം പറഞ്ഞുതുടങ്ങിയോ? എന്നു ന്യായാധിപതി ചോദിച്ചു.
പൈതല്‍: ‘ശക്തിയേറിയ വചനത്താല്‍ ഞാന്‍ നിന്നോടു ഉത്തരം പറയും’ എന്നു പറഞ്ഞു.
ന്യായാധിപതി: അവനോടു ‘പൈതലേ! നിന്‍റെ പേര്‍ എന്തു’ എന്നു ചോദിച്ചു.
പൈതല്‍: ‘ഞാന്‍ ക്രിസ്ത്യാനി ആകുന്നു. മനുഷ്യരുടെ ഇടയിലുള്ള എന്‍റെ പേര്‍ അറിവാനായിട്ടു നീ ആഗ്രഹിക്കുന്നു എങ്കില്‍ എന്‍റെ അമ്മയും എന്നെ മാമ്മോദീസാ മുക്കിയ പട്ടക്കാരനും കര്‍ത്താവില്‍ കുറിയാക്കോസു എന്നു എന്നെ വിളിച്ചു’ എന്നു പറഞ്ഞു.
നാടുവാഴി: ‘നീ എന്നെ അനുസരിച്ചു ദേവന്മാര്‍ക്കു ബലികഴിക്കാ. നിനക്കു പ്രായം ആകുമ്പോള്‍ ഞാന്‍ നിന്നെ ദേവന്മാര്‍ക്കു പുരോഹിതനാക്കുകയും രാജാവിനാല്‍ വളരെ പൊന്നും വെള്ളിയുംകൊണ്ടു നീ ബഹുമാനിക്കപ്പെടുകയും രാജ്യത്തില്‍ നീ രണ്ടാമനായിത്തീരുകയും ചെയ്യും എന്നു പറഞ്ഞു.
ഭാഗ്യവാന്‍: ‘സാത്താന്‍റെ ശുശ്രൂഷക്കാരനും വഞ്ചനയെ നിലനിര്‍ത്തുന്നവനുമേ! എന്നില്‍നിന്നു മാറിപോക. ദൈവത്തിന്‍റെ നല്‍വരത്തെ നിന്‍റെ ദ്രവ്യംകൊണ്ടു വിലയ്ക്കു വാങ്ങാമെന്നു നീ വിചാരിച്ചതിനാല്‍ നിന്‍റെ പൊന്നും വെള്ളിയും നിന്നോടുകൂടെ നാശത്തിനായി കാക്കപ്പെടട്ടെ’ എന്നു പറഞ്ഞു.
നാടുവാഴി അവനോടു ഇവ എന്നോടു പറയേണ്ടുന്നതിനു നീ എങ്ങനെ പഠിച്ചു. നിന്‍റെ അപ്പനില്‍നിന്നോ അമ്മയില്‍നിന്നോ മറ്റുള്ളവരില്‍നിന്നോ എന്നു ചോദിച്ചു.
പരിശുദ്ധന്‍ ഉത്തരമായിട്ടു -ഭോഷനും മഠയനുമേ! ‘ഇവ എന്നോടു പറവാനായി നിന്‍റെ അപ്പനില്‍നിന്നോ അമ്മയില്‍നിന്നോ നീ പഠിച്ചതെന്നു’ മൂന്നു വയസ്സുള്ള പൈതലിനോടു നീ ചോദിക്കുന്നുവോ? ഇവ നിന്നോടു പറവാന്‍ വിശുദ്ധറൂഹാ എന്നെ പഠിപ്പിച്ചു. അശുദ്ധനും രക്തത്തിനു ദാഹിച്ചിരിക്കുന്നവനുമേ! കേള്‍പ്പാന്‍ നിനക്കു യോഗ്യത ഉണ്ടായിട്ടല്ലാ ഞാന്‍ പറയുന്നതു. എന്നാലോ ഇവര്‍ കേള്‍ക്കയും നിനക്കു ലജ്ജയുണ്ടാകയും ചെയ്യേണ്ടുന്നതിനു ഇവരുടെ നിമിത്തം ഞാന്‍ പറയുന്നു എന്നു പറഞ്ഞു.
നാടുവാഴി കേട്ടപ്പോള്‍ ഭാഗ്യവാനെ ഞെളിച്ചുകെട്ടി കഠിനമായി അടിപ്പാന്‍ കല്പിച്ചു. അവര്‍ ഭാഗ്യവാനെ അടിക്കുമ്പോള്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ സത്യദൈവത്തിന്‍റെ അടുക്കലേക്കു സൂക്ഷിച്ചു ‘കര്‍ത്താവേ! എന്‍റെ പൂര്‍ണ്ണ ആത്മാവോടും ശരീരത്തോടും ബോധങ്ങളോടും ഹൃദയത്തിന്‍റെ രഹസ്യങ്ങളോടും ബോധക്കണ്ണുകളോടും ഞാന്‍ നിന്നെ സ്തോത്രം ചെയ്യുന്നു. എന്‍റെ രക്ഷിതാവും മറയും സങ്കേതസ്ഥലവും ആയുള്ളോവെ! നിനക്കു സ്തുതി. എന്തെന്നാല്‍ നീ മരണമില്ലാത്ത രാജാധിരാജാവാകുന്നു. വിശ്വാസികളെ കാത്തുകൊള്ളുന്നവനെ നിനക്കു എന്നും എന്നേക്കും സ്തുതി ആമ്മീന്‍’ എന്നു പറഞ്ഞു.
ഭാഗ്യവാനായ കുറിയാക്കോസു പ്രാര്‍ത്ഥിച്ചപ്പോള്‍ ഉപദ്രവക്കാര്‍ക്കു ശക്തിയില്ലാതെയായി അവനെ നിലത്തുവെച്ചു. അവന്‍റെ അടികളുടെ പാടുകളും മാഞ്ഞുപോയി. അവന്‍ സുഖമായിരിക്കുന്നു എന്നും അവന്‍റെ ദേഹത്തു പാടുകള്‍ ഇല്ലെന്നും നാടുവാഴി കണ്ടപ്പോള്‍ വളരെ വിസ്മയിച്ചു അവന്‍റെ അമ്മയായ യൂലീത്തിയെ കൊണ്ടുവരുവാന്‍ അവന്‍ കല്പിച്ചു. അവള്‍ വന്നപ്പോള്‍ നാടുവാഴി അവളോടു നിന്‍റെ പുത്രന്‍ ദേവന്മാര്‍ ഉണ്ടെന്നു വിശ്വസിച്ചു ഏറ്റുപറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. ഭാഗ്യക്കാരി എന്‍റെ പുത്രന്‍റെ വായില്‍നിന്നു കേള്‍പ്പാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്നു പറഞ്ഞു. നാടുവാഴി പൈതലിനെ കൊണ്ടുവരുവാന്‍ കല്പിച്ചു. ഭാഗ്യക്കാരി അവളുടെ പുത്രനെ കണ്ടപ്പോള്‍ സ്വര്‍ഗ്ഗത്തിലേക്കു സൂക്ഷിച്ചു ദൈവത്തെ മഹത്ത്വപ്പെടുത്തി ഇപ്രകാരം പറഞ്ഞു: ‘കരുണയുള്ളവനായ ദൈവമേ! ഈ പോരാട്ടത്തില്‍ എന്‍റെ പുത്രനെ കാണ്മാന്‍ എന്നെ യോഗ്യമാക്കിയതിനാല്‍ നിന്നെ ഞാന്‍ സ്തോത്രം ചെയ്യുന്നു. ആംഗികത്താല്‍ ആകാശത്തെ വിരിക്കുകയും പുഷ്പാദികളാല്‍ ഭൂമിയെ അലങ്കരിച്ചു കിരീടം ധരിപ്പിക്കയും സൂര്യനെയും ചന്ദ്രനെയും തിരുവിഷ്ടംപോലെ നിയമിക്കുകയും ചെയ്ത ദൈവമേ! എനിക്കും എന്‍റെ വയറ്റില്‍നിന്നു പുറപ്പെട്ട എന്‍റെ പുത്രനും വാടിപ്പോകാത്ത കിരീടം തരേണമെ എന്തെന്നാല്‍ ഒഴിഞ്ഞുപോകാത്ത നിന്‍റെ തിരുനാമത്തെ ഞങ്ങള്‍ ധരിച്ചിരിക്കുന്നു’. ‘യൂലീത്തീ നീ ശക്തിപ്പെട്ടുകൊള്‍ക, എന്തെന്നാല്‍ നിന്നില്‍നിന്നു ജനിച്ചവന്‍ നിന്നെക്കാളും പലരെക്കാളും വലിയവനാകും. നീ ഉപ്രദവം കാണുമ്പോള്‍ ഭയപ്പെട്ടു ഭ്രമിക്കും. നിന്‍റെ പുത്രന്‍ നിന്നെ അറിവിങ്കലേക്കു തിരിപ്പിക്കുകയും നിന്ദയെ നിന്നില്‍നിന്നു നീക്കിക്കളകയും ചെയ്യും’ എന്നു പറയുന്ന ഒരു ശബ്ദം ഉയരത്തില്‍നിന്നു ഉണ്ടായി. യൂലീത്തി അവളുടെ പുത്രനോടു നീ ഏതു ദൈവത്തെ ആരാധിച്ചു വന്ദിക്കുന്നു എന്നു എന്നോടു പറക എന്നു പറഞ്ഞു. പൈതല്‍ അവന്‍റെ അമ്മയോടു പഴയ മനുഷ്യനെ ഉരിഞ്ഞു വിശുദ്ധവസ്ത്രം നമ്മെ ധരിപ്പിച്ച യേശുമിശിഹാ നമ്മുടെ സഹായകാരനാകയാല്‍ നീ ചഞ്ചലപ്പെടേണ്ടാ എന്നു പറഞ്ഞു.
നാടുവാഴി, ‘നീചമായിരിക്കുന്നപ്രകാരം ഈ ലോകത്തില്‍നിന്നും പിരിഞ്ഞുപോകുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?’ എന്നു ചോദിച്ചു. ഭാഗ്യവാനായ കുറിയാക്കോസ്, നീ പറയുന്ന ഈ ജീവന്‍ പാതാളത്തിന്‍റെ അടിവാരങ്ങളിലേക്കു ഞങ്ങളെ കൂട്ടിക്കൊണ്ടു പോകുന്നതാകുന്നു എന്നും ഞങ്ങള്‍ക്കു വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുള്ള ജീവന്‍ യേശുമിശിഹായുടെ അടുക്കലേക്കു ഞങ്ങളെ ക്ഷണിക്കുന്നതാകുന്നു എന്നും നാടുവാഴിയോടു പറഞ്ഞു. ഉപ്പും ഗന്ധകവും കൊണ്ടുവന്നു പൊടിച്ചു കാടിയില്‍ കലര്‍ത്തി ഇവരുടെ മൂക്കില്‍ ഒഴിപ്പീന്‍ എന്നു നാടുവാഴി പറഞ്ഞു. കല്പനപോലെ അവര്‍ ചെയ്തു. ഭാഗ്യവാന്‍ ഉത്തരമായിട്ടു നിന്‍റെ വചനങ്ങളെ മാധുര്യമേറിയ തേന്‍പോലെ ഞാന്‍ രുചിച്ചു എന്നു ഹസ്ക്കയേല്‍ (3,4) ദീര്‍ഘദര്‍ശിയാല്‍ എഴുതപ്പെട്ടിരിക്കുന്നപ്രകാരം നിന്‍റെ വചനങ്ങള്‍ എന്‍റെ തൊണ്ണയ്ക്കു മാധുര്യമുള്ളവയും തേനിനെക്കാള്‍ വായ്ക്കു നല്ലതും തേന്‍കട്ടപോലെയും ആകുന്നു എന്നു പറഞ്ഞു. ഹേ നാടുവാഴി! ഞങ്ങള്‍ക്കു സമീപിച്ചിരുന്നു സഹായിക്കുന്ന ദൈവത്തെ ഞങ്ങള്‍ ഉപേക്ഷിക്കുവാന്‍ ഈ ഉപദ്രവങ്ങളാല്‍ ഞങ്ങളെ നീ സമ്മതിപ്പിക്കുമോ? ഇതു നിമിത്തം നിന്‍റെ ഉപദ്രവങ്ങളെയും ക്രോധങ്ങളെയും ഞങ്ങള്‍ യാതൊന്നുമായി വിചാരിക്കുന്നില്ല എന്നു പറഞ്ഞു.
നാടുവാഴി നിങ്ങള്‍ എന്നെ അനുസരിച്ചാല്‍ മരിക്കയില്ലെന്നു പറഞ്ഞു. വിശുദ്ധപൈതല്‍ – മരണം ഞങ്ങള്‍ക്കു ജീവനാകുന്നു. എന്നാല്‍ നന്മയെക്കുറിച്ചു അതു തിന്മയെന്നും തിന്മയെക്കുറിച്ചു അതു നന്മയെന്നും പറയുന്നവനു ഹാ കഷ്ടം എന്നു ദീര്‍ഘദര്‍ശി പറഞ്ഞിരിക്കുന്നവന്‍ (ഏശാ. 5:20) നീ ആകുന്നു എന്നു പറഞ്ഞു. നാടുവാഴി തിന്മപെട്ട തലയോടെ! മരണത്തെ ജീവനെന്നും ജീവനെ മരണമെന്നും നീ എങ്ങനെ വിളിക്കുന്നു എന്നു ചോദിച്ചു. തുടരെ തുടരെയായി കുറേശ്ശെ വെള്ളം ഒഴുകുന്ന 14 ഇരുമ്പുകുഴലുകള്‍ 7 എണ്ണം പരിശുദ്ധനും 7 എണ്ണം മാതാവിനും ആയി കൊണ്ടുവന്നു. തീപോലെ ചൂടുള്ള വെള്ളംകൊണ്ടു അവ നിറച്ചു രണ്ട് എണ്ണം പരിശുദ്ധന്‍റെ കണ്ണുകളിലും രണ്ടു ചെവികളിലും ഒന്നു ചങ്കിലും അപ്രകാരംതന്നെ മാതാവിനും. അവരുടെ കാഴ്ചയും കേള്‍വിയും ഇല്ലാതായി. ചങ്കില്‍ വേദനയുണ്ടായി മരിക്കുന്നതിനു തറപ്പാന്‍ കല്പിച്ചു. അവര്‍ അപ്രകാരം ചെയ്തു -ചൂടുപിടിച്ചു പഴുത്തിരിക്കുന്നവയായ ഈ കുഴലുകള്‍ തറച്ചപ്പോള്‍ മിശിഹാതമ്പുരാന്‍റെ ആംഗ്യത്താല്‍ അവ തണുത്തുപോയി. അപ്പോള്‍ ഭാഗ്യശാലികള്‍ മിശിഹാതമ്പുരാനെ മഹത്ത്വപ്പെടുത്തി. ഇവരെ ഏതു വിധത്തില്‍ നശിപ്പിക്കണമെന്നു ഞാന്‍ ആലോചിക്കുന്നതുവരെയ്ക്കും വിലങ്ങുവെച്ചു കാരാഗൃഹത്തില്‍ താമസിപ്പിക്കുക എന്നു നാടുവാഴി കല്പിച്ചു.
പരിശുദ്ധന്‍ കാരാഗൃഹത്തില്‍ വിലങ്ങില്‍ കിടക്കുമ്പോള്‍ 15-ാം മസുമൂറാ പാടി പ്രാര്‍ത്ഥിച്ചു. പിന്നെയും പാതിരാത്രിയില്‍ പരിശുദ്ധന്‍ എഴുന്നേറ്റു. ‘കര്‍ത്താവേ! എന്‍റെ അധരത്തെ എനിക്കു തുറക്കേണമേ. എന്‍റെ വാ നിന്‍റെ സ്തുതികള്‍ക്കു ചേരുകയും ചെയ്യേണമേ -നീതിയുള്ള നിന്‍റെ ന്യായവിധികളെപ്പറ്റി നിന്നെ സ്തുതിപ്പാനായിട്ടു പാതിരാത്രിയില്‍ ഞാന്‍ എഴുന്നേറ്റു’ എന്നിപ്രകാരം പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ സാത്താന്‍ വളരെ വേദനയോടുകൂടെ കാരാഗൃഹത്തില്‍ ഭാഗ്യക്കാരന്‍ കുറിയാക്കോസിന്‍റെ അടുക്കല്‍ പ്രവേശിച്ചു അവനോട് ഇപ്രകാരം പറഞ്ഞു: ‘പൈതലേ, നിന്‍റെ ദൈവമായ കര്‍ത്താവിന്‍റെ മുമ്പാകെ നീ എന്തിനു അധികം പ്രാര്‍ത്ഥിക്കുന്നു -കര്‍ത്താവു നിന്‍റെ പ്രാര്‍ത്ഥനയെ കേള്‍ക്കയില്ല- അവന്‍ നിന്‍റെ പ്രാര്‍ത്ഥനയില്‍നിന്നു ഉദാസീനന്‍ ആയിരിക്കുന്നു- നിന്‍റെ സഹായത്തിനായി അവന്‍ എന്നെ അയച്ചു ഇവയെ നിന്നോടു പറവാനായി കല്പിച്ചിരിക്കുന്നു- ഇനിയും നാടുവാഴി നിന്നെ വിളിച്ചു ചോദ്യം ചെയ്യുമ്പോള്‍ ഭയംകൂടാതെയും തര്‍ക്കിക്കാതെയും നീ ഉത്തരം പറയണം. അപ്പോള്‍ നീ ഈ ലോകരാജാവിനും സ്വര്‍ഗ്ഗീയരാജാവിനും സ്നേഹിതനായിത്തീരും. തിന്മപ്പെട്ടവന്‍റെ വഞ്ചന ഉടനെ പരിശുദ്ധന്‍ ഗ്രഹിച്ച് അവനോട്, ‘സാത്താനെ എന്നില്‍നിന്നു നീങ്ങിപോക. എന്തെന്നാല്‍ നിനക്കു മിശിഹായുടെ പരിശുദ്ധന്മാരില്‍ സ്ഥലവും അധികാരവും ഇല്ല -ദൈവമായ കര്‍ത്താവു അഗ്നിനരകത്തിലേക്കു നിന്നെ അയക്കട്ടെ’ എന്നു പറഞ്ഞു. ആകല്ക്കറുസാ, ഭാഗ്യവാനോടു ‘നിനക്കു എന്നെ ജയിക്കാമെന്നു നീ നിരൂപിക്കുന്നുവോ? ഞാന്‍ നാടുവാഴിയില്‍ പ്രവേശിച്ച് അവന്‍റെ വിചാരത്തെ മാറ്റും. അവന്‍ നിന്നോടു യാതൊന്നും പറയാതിരിക്കേണ്ടുന്നതിനു അവന്‍റെ അധരത്തെ ഞാന്‍ ബന്ധിക്കും -അപ്പോള്‍ നീ നോക്കിപ്പാര്‍ക്കുന്ന കിരീടം നിനക്കു ലഭിക്കയില്ല- നിന്‍റെ അമ്മയുടെ ഹൃദയത്തിലേക്കും ഞാന്‍ പ്രവേശിച്ച് അവളെ നേരുള്ളവഴിയില്‍നിന്നു ഞാന്‍ തെറ്റിക്കും’ എന്നു പറഞ്ഞു- അപ്പോള്‍ ഭാഗ്യക്കാരന്‍ കുറിയാക്കോസു ‘സാത്താനെ എന്നില്‍നിന്നു നീങ്ങിപോക. കര്‍ത്താവു നിന്നെ ലജ്ജിപ്പിക്കട്ടെ’ എന്നു പറഞ്ഞു. അപ്പോള്‍ അവന്‍ പുകപോലെയും ചുഴലിക്കാറ്റുപോലെയും നീങ്ങിപ്പോയി- അപ്പോള്‍ ഭാഗ്യക്കാരന്‍, കള്ളന്‍വന്നു നമ്മുടെ നിക്ഷേപം കവര്‍ച്ച ചെയ്യാതിരിക്കേണ്ടുന്നതിനു പ്രാര്‍ത്ഥനയിലും ജാഗരണത്തിലും ഇടവിടാതിരിക്ക എന്നു അമ്മയോടു പറഞ്ഞു. കാരാഗൃഹത്തില്‍ ബന്ധിക്കപ്പെട്ടിരുന്ന ശേഷമുള്ളവര്‍ കേട്ടു ദൈവത്തെ എത്രയും ഭയപ്പെട്ടു. ദൈവമേ! നിന്‍റെ കൃപപോലെ ഞങ്ങളുടെമേല്‍ അനുഗ്രഹം ചെയ്യേണമേ! നിന്‍റെ അനുഗ്രഹങ്ങളുടെ ബഹുത്വംപോലെ ഞങ്ങളുടെ പാപങ്ങളെ മായിച്ചുകളയേണമേ – ഞങ്ങളുടെ അന്യായത്തില്‍നിന്നു ഞങ്ങളെ നന്നായി കഴുകി ഞങ്ങളുടെ പാപങ്ങളില്‍നിന്നു ഞങ്ങളെ വെടിപ്പാക്കേണമേ! എന്നിപ്രകാരം പരിശുദ്ധന്‍ പ്രാര്‍ത്ഥിപ്പാന്‍ തുടങ്ങി.
കുറെ ദിവസങ്ങളുടെ ശേഷം നാടുവാഴി ആളയച്ചു പരിശുദ്ധനെയും അമ്മയെയും കാരാഗൃഹത്തില്‍നിന്നു കൊണ്ടുവന്നു. നാടുവാഴി പൈതലിനോട്, നീ എന്‍റെ ദേവന്മാര്‍ക്കു ബലികഴിക്കണമെന്നു ഞാന്‍ ആവശ്യപ്പെടുന്നില്ല -എന്നാലോ സ്രാപ്പിയൂനു ധൂപം വെയ്ക്കാമെന്നു മാത്രം നീ പറക- ഞാന്‍ നിന്നെ അഴിച്ചുവിടാം എന്നു പറഞ്ഞു.
ഭാഗ്യവാന്‍: പിശാചിന്‍റെ സ്നേഹിതനും, സഖിയും ശുശ്രൂഷക്കാരനുമെ! ഇതു ഞാന്‍ പറയുകയില്ല. എന്നാല്‍ ഇതിനുപകരം ഈ വിഗ്രഹ ആലയങ്ങള്‍ മറിച്ചിടപ്പെടേണ്ടുന്നതിനു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു എന്നു പറഞ്ഞു. ഉടനെ ദൈവദൂതന്‍ സ്വര്‍ഗ്ഗത്തില്‍നിന്നു ഇറങ്ങി വിഗ്രഹാലയത്തെയും അതില്‍ നിന്നിരുന്ന പതിന്നാല് ദേവന്മാരെയും മറിച്ചിട്ടു തകര്‍ത്തുപൊടിയാക്കി. അപ്പോള്‍ ഭാഗ്യവാന്‍ ചിരിച്ചുകൊണ്ടു നാടുവാഴിയോടു ഇപ്രകാരം പറഞ്ഞു: ‘നിന്‍റെ ദേവന്മാരില്‍ സൂക്ഷിക്ക. അവന്‍ എങ്ങനെ പൂഴിയായി! എന്‍റെ ദൈവം നിന്‍റെ ദേവന്മാരോടു കോപിച്ചു. അവര്‍ ഒന്നിനും കൊള്ളരുതാത്ത മണ്ണായിത്തീര്‍ന്നു. എന്തെന്നാല്‍ എന്‍റെ ദൈവം ബലവാനും പരാക്രമനും ആകുന്നു. ഹേ നാടുവാഴി! ഞാന്‍ നിന്നോടു പറയുന്നതുപോലെ ചെയ്ക. നിന്‍റെ ദേവന്മാരുടെ മണ്ണെടുത്തു എണ്ണയും വെള്ളവും കൂട്ടിക്കുഴച്ചു അതിന്‍റെ ആകൃതിയില്‍ മനഞ്ഞു നല്ല കേത്താനായില്‍ ഏഴു ദിവസം പൊതിഞ്ഞുവെയ്ക്ക. അവ എഴുന്നേല്ക്കുമോ എന്നു കാണാമല്ലോ. അവയ്ക്കുതന്നെ അവ സഹായിച്ചില്ലെങ്കില്‍ മനുഷ്യരെ സഹായിപ്പാനും അവയ്ക്കു കഴികയില്ല’. ഭാഗ്യവാന്‍ ആജ്ഞാപിച്ചതുപോലെ നാടുവാഴി ചെയ്തു. യാതൊരു ഫലവും ഉണ്ടായില്ല. ഉപദ്രവിക്കുന്നതിനു ആയുധങ്ങള്‍ ഉണ്ടാക്കുവാന്‍ പണിക്കാരനോടു പറവാന്‍ നാടുവാഴി കല്പിച്ചു. സാത്താന്‍ നാടുവാഴിയില്‍ പ്രവേശിച്ചു പണിക്കാരനോടു യാതൊന്നും പറവാന്‍ അവനെ സമ്മതിച്ചില്ല. അപ്പോള്‍ പരിശുദ്ധന്‍, ഉണ്ടാക്കേണ്ടുന്ന ആയുധങ്ങള്‍ ഇത്രയെന്നും അവ എന്തിനെന്നും അവയുടെ വിധം എങ്ങിനെ എന്നും പണിക്കാരനോടു പറഞ്ഞു. പണിക്കാരന്‍ കേട്ടിട്ടു ഇങ്ങനെയുള്ള കഠിന ആയുധങ്ങളെപ്പറ്റി ഞാനും എന്‍റെ പിതാക്കന്മാരും കേട്ടിട്ടില്ല. അതിനാല്‍ ഇവയെ ഈ കുട്ടിയെ ഉപദ്രവിപ്പാനായി ഉണ്ടാക്കാന്‍ ഇനിക്കു അറിഞ്ഞുകൂടാ. അതുകൊണ്ടു മറ്റു പണിക്കാരെ വരുത്തിക്കൊള്‍ക എന്നു പറഞ്ഞു. നാടുവാഴി ആളയച്ചു മറ്റു പണിക്കാരെ വരുത്തി നാല്പതു ദിവസങ്ങള്‍ക്കകം കൊണ്ടുവരുന്നതിനു ആജ്ഞാപിച്ചു.
നാടുവാഴി പൈതലിനെ കാരാഗൃഹത്തിലേക്കു അയച്ചു. ഭാഗ്യവാന്‍ അവിടെയുണ്ടായിരുന്ന നാനൂറ്റിമുപ്പതു തടവുകാരോടും ഉപദേശിച്ചു അവരെ മനസ്സു തിരിച്ചു. അവരുടെ മേല്‍ ഉണ്ടായ കൃപനിമിത്തം അവന്‍ ആത്മാവില്‍ ശക്തിപ്പെടുകയും ചെയ്തു. നാടുവാഴി ആളയച്ചു ആയുധങ്ങള്‍ വരുത്തി ഭാഗ്യക്കാരെ വിളിപ്പിച്ചു. പൈതലിനോടു ഞാന്‍ നിന്നെ വൃഥാ വിടുമെന്നു നീ വിചാരിക്കേണ്ട എന്നു പറഞ്ഞു.
വിശുദ്ധപൈതല്‍: നാണം കെട്ടവനെ! നീ എന്നെ ഭയപ്പെടുത്തുന്നുവോ; ഈ ആയുധങ്ങള്‍ എല്ലാം ഉണ്ടാക്കുന്നതിനു പറഞ്ഞതു ഞാന്‍തന്നെ അല്ലയോ എന്നു ചോദിച്ചു. നാടുവാഴി ഇവന്‍ ക്ഷുദ്രക്കാരന്‍ ആകുന്നു എന്നു പറഞ്ഞു. ഭാഗ്യവാന്‍ ദുഷ്ടാ! ഇതുപോലെ നൂറ് എണ്ണം ഉണ്ടാക്കിയാലും ഇനിക്കു സഹായമുള്ളതിനാല്‍ നിന്നെ ഞാന്‍ ജയിക്കും. നിന്‍റെ കോപത്തെ ഞാന്‍ ഭയപ്പെടുന്നില്ല. എന്തെന്നാല്‍ യേശുമിശിഹാ എന്‍റെ സഹായകാരനാകുന്നു എന്നു പറഞ്ഞു. നാടുവാഴി അവരെ ചിരച്ചു അവരുടെ തലയിലെ തൊലി ഉരിച്ചു. അഗ്നിക്കനല്‍ അവരുടെ തലയില്‍ ഇടുവീന്‍, അവര്‍ നശിക്കട്ടെ എന്നു പറഞ്ഞു. കനലുകള്‍ പെട്ടെന്നു കെട്ടു. അവ അവരുടെ തലകളില്‍ കിരീടങ്ങളായിത്തീരുകയും സൂര്യരശ്മിപോലെ അവര്‍ ശോഭിക്കയും ചെയ്തു. അത്യുന്നതന്‍റെ കല്പനയാല്‍ കാരാഗൃഹം തുറക്കപ്പെടുകയും നാനൂറ്റിമുപ്പതു ആളുകളും അവിടെനിന്നു പുറപ്പെട്ടു ഉന്നതശബ്ദത്താല്‍ തന്‍റെ കൃപ മുഖാന്തിരം സകലവും ഉണ്ടാക്കിയ ദൈവത്തെ സ്തോത്രംചെയ്തുകൊണ്ടു വരികയുംചെയ്തു.
നാടുവാഴി അവരോടു ‘വിശ്വസിക്കുന്നതിനായി നിങ്ങള്‍ എന്തു കണ്ടു’ എന്നു ചോദിച്ചു.
ഭാഗ്യവാന്മാര്‍ ദുഷ്ടനും ബുദ്ധിയില്ലാത്തവനുമേ! ശ്രേഷ്ഠന്മാരുടെ കിരീടങ്ങള്‍, അവരുടെ തലകളില്‍തന്നെ വെയ്ക്കപ്പെട്ടിരിക്കുന്നതു നീ കാണുന്നില്ലയോ. എന്നാറെയും നിങ്ങള്‍ വിശ്വസിക്കേണ്ടുന്നതിനു എന്തുകണ്ടു എന്നു നീ ചോദിക്കുന്നുവോ എന്നു ചോദിച്ചു. നാടുവാഴി, അവരെ പട്ടണത്തിനു പുറത്തുകൊണ്ടുപോയി കൊല്ലുവാന്‍ കല്പിച്ചു. അവര്‍ മിശിഹായുടെ സ്ലീബായിന്‍ അടയാളത്താല്‍ തങ്ങളെത്തന്നെ മുദ്രകുത്തി ധനുമാസം 15-ാംനു കിരീടം ധരിപ്പിക്കപ്പെടുകയും ചെയ്തു.
അപ്പോള്‍ നാടുവാഴി കോപിച്ചു ആയുധങ്ങള്‍ കൊണ്ടുവന്നു വലത്തു തോള്‍ മുതല്‍ ഉള്ളങ്കാല്‍ വരെയും ഇടത്തുതോള്‍ മുതല്‍ ഉള്ളങ്കാല്‍ വരെയും തലയിലും ആണി തറപ്പാന്‍ കല്പിച്ചു. നാടുവാഴി നിന്‍റെ ദൈവം സത്യമുള്ളവനാകുന്നു എങ്കില്‍ അവന്‍ വന്നു എന്‍റെ കൈയില്‍നിന്നു നിന്നെ രക്ഷിക്കട്ടെ എന്നു പറഞ്ഞു. ഉടനെ സ്വര്‍ഗ്ഗത്തില്‍നിന്നു ഒരു ദൈവദൂതന്‍ വന്നു പൈതലില്‍നിന്നു ആണി ഊരി നാടുവാഴിയുടെ കഴുത്തേല്‍ തറച്ചു. നാടുവാഴി അട്ടഹസിച്ചു ക്രിസ്ത്യാനികള്‍ക്കു ജീവനുള്ള ദൈവം ഉണ്ടെന്നു ഇപ്പോള്‍ ഞാന്‍ അറിഞ്ഞു. ഞാന്‍ ആശ്വസിച്ചു നിന്‍റെ ദൈവത്തില്‍ വിശ്വസിക്കേണ്ടുന്നതിനു എനിക്കുവേണ്ടി പ്രാര്‍ത്ഥിക്ക എന്നു പറഞ്ഞു. ഭാഗ്യവാന്‍ നീ വിശ്വസിക്കയില്ലെന്നു ഞാന്‍ അറിയുന്നു എങ്കിലും നില്‍ക്കുന്ന ഈ ആളുകള്‍ വിശ്വസിക്കേണ്ടുന്നതിനു നിനക്കു ആശ്വസമുണ്ടാകട്ടെ എന്നു പറഞ്ഞു അവന്‍റെ കൈ നീട്ടി. ആണികള്‍ നാടുവാഴിയുടെ കഴുത്തില്‍നിന്നു ഊരിപ്പോകയും ചെയ്തു. അപ്പോള്‍ അവന്‍ അട്ടഹസിച്ചു അര്‍പ്പാക്കും, അപ്പല്ലോനും, അറിയൂസ്സും ആയുള്ളൊരെ! നിങ്ങള്‍ക്കു സ്തുതി. എന്തെന്നാല്‍ നിങ്ങളുടെ നിമിത്തം ലോകത്തില്‍ സമാധാനം നടക്കുന്നു. നിങ്ങള്‍ എന്നെ ജീവിപ്പിക്കയും ചെയ്തു, എന്നു മഹത്ത്വപ്പെടുത്തി പറഞ്ഞു. ഭാഗ്യവാന്‍ – നീ ഇപ്പോള്‍ ജയിച്ചു എന്നു വിചാരിക്കുന്നു എങ്കിലും മറ്റൊന്നില്‍ നീ പിടിക്കപ്പെടും എന്നു പറഞ്ഞു.
ഉപദ്രവിപ്പാനുള്ള മറ്റു ആയുധങ്ങളും കൊണ്ടുവന്നു അവയാല്‍ അവരെ ഉപദ്രവിപ്പീന്‍. മിശിഹാ വന്നു എന്‍റെ കൈയില്‍നിന്നു അവരെ രക്ഷിക്കട്ടെ എന്നു പറഞ്ഞു. പരിശുദ്ധന്‍ തല മുതല്‍ ഉള്ളങ്കാല്‍വരെയും പീഡിപ്പിക്കപ്പെട്ടു. പിന്നെയും ഉണ്ടാക്കപ്പെട്ടിട്ടുള്ള ആയുധങ്ങള്‍ കൊണ്ടുവരുവാന്‍ കല്പിച്ചു. അവര്‍ കൊണ്ടുവന്നു. അറ്റത്തു ഇരിമ്പുള്ള വടികളില്‍ ഒന്നു നാടുവാഴി എടുത്തു ഒരു അടിയാല്‍ പൈതലിനെ കൊല്ലണമെന്നു അവന്‍ പറഞ്ഞു. അവന്‍റെ കൈ അവനു വിരോധമായി വന്നു അവനെ അടിച്ചതിനാല്‍ അവന്‍ മറിഞ്ഞുവീണു. അവരുടെ വാള്‍ അവരുടെ ഉള്ളില്‍ കടക്കുകയും അവരുടെ വില്ലു അവരെ തകര്‍ക്കുകയും ചെയ്യട്ടെ എന്നു എഴുതപ്പെട്ടിരിക്കുന്നതു നിവൃത്തിച്ചു. നാടുവാഴി – ദേവന്മാരുടെ ജീവനാണെ ഈ പൈതല്‍ ക്ഷുദ്രക്കാരന്‍ ആകുന്നു എന്നു പറഞ്ഞു. വിശുദ്ധപൈതല്‍, ഞാന്‍ ക്ഷുദ്രം അറിയുന്നില്ല. ഇനിക്കു സഹായിക്കുന്നതു മിശിഹായുടെ ശക്തിയാകുന്നു എന്നു പറഞ്ഞു. നാടുവാഴി ഇരുമ്പു ചങ്ങലകള്‍ കൊണ്ടുവന്നു അവനെ വരിഞ്ഞുകെട്ടുവിന്‍ എന്നു പറഞ്ഞു. അവര്‍ അവരെ വരിഞ്ഞുകെട്ടി. അവരുടെ ശരീരങ്ങള്‍ മൂന്നായി മുറിയത്തക്കവിധത്തില്‍ ആകുകയുംചെയ്തു. അപ്പോള്‍ വിശുദ്ധപൈതല്‍ പ്രാര്‍ത്ഥിച്ചു: ‘ആകാശവും ഭൂമിയും തന്‍റെ ശ്രേഷ്ഠതയിന്‍ പ്രഭയില്‍നിന്നും ഉള്ളവനും ബലവാനും പരിശുദ്ധനുമായി സര്‍വ്വശക്തനായ ദൈവമേ! എന്‍റെ കര്‍ത്താവേ! ഈ ഞെരുക്കങ്ങള്‍ എല്ലാം ജയത്തിന്‍റെ കിരീടം പ്രാപിപ്പാനായിട്ടു ഞാന്‍ സഹിച്ചു എന്നു നീ കാണേണമേ. ബലവാനായ ദൈവമായ കര്‍ത്താവേ! ഇവയൊക്കെയും ഞാന്‍ സഹിച്ചതിനാല്‍ ഇപ്പോള്‍ എന്‍റെ ആത്മാവിനെ എടുത്തുകൊള്ളേണമേ എന്‍റെ കര്‍ത്താവേ! സകല ലോകങ്ങളുടെയും രാജാവേ! ശത്രുവിനെ ജയിപ്പാനും നിന്‍റെ തിരുമുമ്പാകെ മുഖപ്രസാദമുണ്ടാകുവാനും ആയി എനിക്കു കൃപ നല്കേണമേ’ എന്നു പറഞ്ഞു. പോരാട്ടം ചെയ്തു ജയിച്ച ശ്രേഷ്ഠനെ! നീ വന്നു നിന്‍റെ പ്രതിഫലം കൈക്കൊണ്ടു വീണ്ടും നാടുവാഴിയെ ലജ്ജിപ്പിപ്പാനായിട്ടു പോക’ എന്നു പറയുന്ന ശബ്ദം സ്വര്‍ഗ്ഗത്തില്‍നിന്നു ഉണ്ടായി.
അപ്പോള്‍ ആ ദ്രോഹിയുടെ കല്പനപ്രകാരം അറപ്പുവാള്‍ കൊണ്ടുവന്നു അവരുടെ ദേഹത്തില്‍ അറക്കേണ്ടുന്നതിനായി വെച്ചു. വാള്‍ തിരിഞ്ഞു, കൊണ്ടുവന്നവരെ അറുത്തു. എന്നാല്‍ പരിശുദ്ധന്‍ നിനക്കു ഞങ്ങളെ അറക്കണമെന്നു ആഗ്രഹമുണ്ടെങ്കില്‍ മരംകൊണ്ടു അറപ്പുവാള്‍ ഉണ്ടാക്കി ഞങ്ങളെ അറക്കുക എന്നു പറഞ്ഞു. നാടുവാഴി അപ്രകാരംചെയ്തു. അറത്തതിന്‍റെ ശേഷം വറക്കുന്ന ഇരിമ്പുചട്ടിയില്‍ അവരുടെ ശരീരങ്ങള്‍ ഇട്ടു എണ്ണയും ഉപ്പും ഒഴിച്ചു വറക്കുന്നതിനു കല്പിച്ചു. വറത്തുകഴിയുന്നതുവരെ നാടുവാഴിയും അവിടെത്തന്നെ നിന്നു. അതിന്‍റെ ശേഷം ഈ പൈതലിനെ വല്യ യുദ്ധത്തില്‍ അകപ്പെടുത്തിയിട്ടും അവന്‍ അവന്‍റെ സത്യത്തില്‍നിന്നു പിഴച്ചില്ല എന്നു നാടുവാഴി തന്‍റെ മന്ത്രിയോടു പറഞ്ഞിട്ടു പട്ടികള്‍ക്കു ഇട്ടുകൊടുപ്പാന്‍ കല്പിച്ചു. അപ്പോള്‍ മിശിഹാ കുട്ടിയെ സ്വര്‍ഗ്ഗരാജ്യം കാണിച്ചു വറക്കുന്ന ചട്ടിയിലേക്കു എഴുന്നെള്ളി അവരുടെ ശരീരങ്ങളെ പുതുതാക്കി ജീവാത്മാവിനെയും സ്വര്‍ഗ്ഗീയശക്തിയെയും കൊടുത്തു നിങ്ങള്‍ പോയി ദുഷ്ടനായ ന്യായാധിപതിയെ ലജ്ജിപ്പിപ്പീന്‍ എന്നു കല്പിച്ചു. അവര്‍ സംഘത്തിലേക്കു വന്നപ്പോള്‍ അനേകായിരം ജനങ്ങള്‍ കൂടിയിരുന്നതിനാല്‍ യൂലീത്തിക്കു അകത്തു പ്രവേശിപ്പാന്‍ പാടില്ലാതെ നിന്നു. അപ്പോള്‍ പരിശുദ്ധന്‍ തന്‍റെ അമ്മയോടു എന്‍റെ അമ്മെ എന്നെ താഴെ നിര്‍ത്തുക എന്നു പറഞ്ഞു. പൈതല്‍ നിലത്തിറങ്ങി ദിവ്യശക്തിയാല്‍ കൂട്ടത്തില്‍കൂടെ അമ്മയുടെ കൈയ്ക്കുപിടിച്ചു കയറി നാടുവാഴിയുടെ സിംഹാസനത്തിന്‍ മുമ്പാകെ വന്നു അവനോടു ദുഷ്ടാ! നീ ഞങ്ങളെ അറിയുന്നുവോ? എന്നു ചോദിച്ചു. നാടുവാഴി ഭയന്നിട്ടു ഞാന്‍ അറിയുന്നില്ല, നിങ്ങള്‍ എന്‍റെ അടുക്കല്‍നിന്നു പോകുവീന്‍ എന്നു പറഞ്ഞു. പരിശുദ്ധന്‍, ഞാന്‍ നിങ്ങളെ അറിയുന്നില്ല എന്നു നീ പറയുന്നതു നിന്‍റെ അടുക്കല്‍വെച്ച് സംഭവിച്ചവയെ നീ വിശ്വസിക്കാഴികകൊണ്ടാകുന്നു. നീ അറത്തു വറത്തതു ഞങ്ങളെ അല്ലയോ? ഞങ്ങളുടെ രക്ഷിതാവു മരിച്ചവരുടെ ഇടയില്‍നിന്നു ഞങ്ങളെ ഉയര്‍പ്പിച്ചു. ഉടനെ അനേകരും മരിച്ചവരില്‍നിന്നു ഇവനെ ഉയര്‍പ്പിച്ച ഈ പൈതലിന്‍റെ ദൈവം വല്യവനാകുന്നു എന്നു അട്ടഹസിച്ചു.
അപ്പോള്‍ നാടുവാഴി നിങ്ങള്‍ ബദ്ധപ്പെടരുതു. ഇതു വഞ്ചനയാകുന്നു.നിങ്ങള്‍ എന്നെ വിശ്വസിക്കുകയില്ലെങ്കില്‍ ഞാന്‍ ഇവരില്‍നിന്നു ഒരു അടയാളം ചോദിക്കാം. അപ്പോള്‍ എല്ലാവര്‍ക്കും സത്യം അറിയാം എന്നു അട്ടഹസിച്ചു പറഞ്ഞു. വിശുദ്ധ കുറിയാക്കോസു, കുറവുകൂടാതെ കൊടുക്കുന്ന ദൈവത്തോടു ചോദിക്ക എന്നു പറഞ്ഞു. നാടുവാഴി, നിങ്ങള്‍ മരിച്ചവരുടെ ഇടയില്‍നിന്നു ഉയര്‍ത്തതു സത്യമാകുന്നു എങ്കില്‍ എന്‍റെ ചെരിപ്പു മുമ്പിലത്തെ മൃഗമായി ജീവിക്കട്ടെ അപ്പോള്‍ നിങ്ങള്‍ മരിച്ചവരുടെ ഇടയില്‍നിന്നു ജീവിച്ചു എന്നു ഞങ്ങള്‍ വിശ്വസിക്കാം എന്നു പറഞ്ഞു. അപ്പോള്‍ പരിശുദ്ധന്‍ പ്രാര്‍ത്ഥിച്ചു. അതു വല്യകാളയായിത്തീരുകയും അതില്‍നിന്നു ആടുകള്‍ പുറപ്പെടുകയും ചെയ്തു. ഉടനെ അനേകരും ‘കര്‍ത്താവേ നീ നീതിയുള്ളവനും നിന്‍റെ ന്യായവിധികള്‍ ചൊവ്വുള്ളവയും ആകുന്നു’ എന്നു അട്ടഹസിച്ചു. നാടുവാഴി, പൈതല്‍ ക്ഷുദ്രംകൊണ്ടു ഇതു ചെയ്തതിനാല്‍ നിങ്ങള്‍ ധൃതിയുണ്ടാക്കരുതു എന്നു പറഞ്ഞു. പരിശുദ്ധന്‍, തീറ്റികൊടുക്കുക, കാളയും ആടും ഒരുമിച്ചു ഭക്ഷിക്കും എന്നു പറഞ്ഞു. നാടുവാഴി, കാളയെയും ആടിനെയും അറത്തു ഈ പതിനായിരങ്ങള്‍ക്കു കൊടുക്കുക. എല്ലാവരും ഇതുകൊണ്ടുതന്നെ തൃപ്തിപ്പെട്ടാല്‍ സംഭവിച്ചവ സത്യമെന്നു ഏവനും അറിയും എന്നു പറഞ്ഞു. ഭക്ഷണം ഒരുക്കി പതിനായിരങ്ങളും ഇരുന്നു ഭക്ഷിച്ചു തൃപ്തന്മാരായി. ആടില്‍നിന്നു പത്തു കൊട്ടയും കാളയില്‍നിന്നു നാലു കൊട്ടയും ശേഷിച്ചു. നാടുവാഴി വേലക്കാരെ വിളിച്ചു ശേഷിച്ച കഷണങ്ങള്‍ ആരും കണ്ടുവിശ്വസിക്കാതിരിപ്പാന്‍ കടലില്‍ ഇട്ടുകളയുന്നതിനു പറഞ്ഞു.
ഒസിയായെ വിളിപ്പാന്‍ നാടുവാഴി കല്പിച്ചു. ഒസിയായോടു ഇവന്‍റെ വചനം എനിക്കു സഹിച്ചുകൂടാത്തതിനാല്‍ ഇവന്‍റെ നാക്കു ഖണ്ഡിക്കുക എന്നു പറഞ്ഞു. ഒസിയാ നാക്കു ഖണ്ഡിച്ചതിന്‍റെശേഷം പരിശുദ്ധന്‍ നാടുവാഴിയോടു ‘നീ എന്‍റെ നാക്കു ഖണ്ഡിച്ചതുകൊണ്ടു ഞാന്‍ നിന്നോടു സംസാരിക്കയില്ലെന്നു നീ വിചാരിച്ചുവോ? നിനക്കും നിന്‍റെ അപ്പനും അതിനെ ഇല്ലായ്മ ചെയ്വാന്‍ കഴിയാത്ത ആത്മീയനാവു എനിക്കു നല്കപ്പെട്ടിരിക്കന്നു’ എന്നു പറഞ്ഞു. നാടുവാഴി ഒസിയായോടു ‘നീ എന്തുകൊണ്ടു അവന്‍റെ നാക്കു മുഴുവനായി ഖണ്ഡിച്ചില്ല’ എന്നു ചോദിച്ചു. ഒസിയാ എന്‍റെ യജമാനനെ കണ്ടാലും അവന്‍റെ നാക്കു എന്‍റെ കൈയില്‍ ഇരിക്കുന്നു. ഹസ്സീറാ വന്നു അവന്‍റെ നാക്കു ഖണ്ഡിപ്പാന്‍ കല്പിക്കേണമേ. ഹസ്സീറാ പിന്നെയും ജീവിച്ചാല്‍ ഞാനും മരണത്തിനു കുറ്റക്കാരനാകുന്നു എന്നു പറഞ്ഞു. ഹസ്സീറാ വന്നു അവന്‍റെ നാക്കു ഖണ്ഡിച്ചയുടനെതന്നെ അവന്‍ വീണു മരിച്ചു. അപ്പോള്‍ ഒസിയാ യവുസേബിസ്സ് എസ്തുലേത്തിക്കായോടും ദേമത്രിയോസ് സ്ക്കുന്‍ദേറോസ്സിനോടുംകൂടെ ദൈവത്തില്‍ വിശ്വസിച്ചു ഖേദംകൂടാതെ അവന്‍റെ മുമ്പില്‍നിന്നു പുറപ്പെട്ടുപോയി. അവര്‍ മിശിഹാ കര്‍ത്താവില്‍ സന്തോഷിച്ചുകൊണ്ടു തന്‍റെ അടുക്കലേക്കു നമ്മെ തിരിപ്പിച്ച ക്രിസ്ത്യാനികളുടെ ദൈവം നമ്മെ കാണിച്ചിട്ടുള്ള തന്‍റെ ക്രിയകള്‍ അനുഗ്രഹിക്കപ്പെട്ടതാകുന്നു എന്നു പറഞ്ഞു.
നാടുവാഴി, ദേവന്മാര്‍ക്കു ബലികഴിപ്പാന്‍ നിനക്കു മനസ്സില്ലെങ്കില്‍ നിവേദിക്കപ്പെട്ട മാസം ഭക്ഷിക്കയും വീഞ്ഞു കുടിക്കയും ചെയ്ക. ഉപദ്രവങ്ങളില്‍നിന്നു നിനക്കു രക്ഷയുണ്ടാകും എന്നു പറഞ്ഞു. വിശുദ്ധപൈതല്‍, സാത്താന്‍റെ ശുശ്രൂഷക്കാരനെ! അശുദ്ധമായിട്ടുള്ളതും നിന്ദ്യമായിട്ടുള്ളതും ഒരുനാളും ഞാന്‍ ഭക്ഷിക്കയില്ലെന്നുള്ളതു നീ അറിഞ്ഞുകൊള്‍ക എന്നു പറഞ്ഞു. നാടുവാഴി, അവരുടെ വാ പൊളിച്ചു അവരുടെ വായില്‍ മാംസം ഇട്ടു വീഞ്ഞു ഒഴിപ്പാന്‍ കല്പിച്ചു. അവര്‍ അങ്ങനെ ചെയ്തപ്പോള്‍ നാടുവാഴി, കുറിയാക്കോസേ നിന്‍റെ ദൈവത്തിന്‍റെ അടുക്കല്‍ ഉള്ള നിന്‍റെ മുഖപ്രസാദം നീ ഇല്ലാതാക്കി എന്നു പറഞ്ഞു. വിശുദ്ധപൈതല്‍, സത്യത്തിന്‍റെ ശത്രുവും അത്യുന്നതനായ ദൈവത്തിന്‍റെ സ്നേഹിതന്മാരെ ദ്വേഷിക്കുന്നവനും സ്വര്‍ഗ്ഗീയനിയമത്തില്‍നിന്നു ഇതരനുമെ! എന്‍റെ ഇഷ്ടത്തോടെ ഇതു ചെയ്താല്‍ ഞാന്‍ കുറ്റക്കാരനായേനെ. എന്‍റെ ഇഷ്ടംകൂടാതെ ഇതു ഉണ്ടായതിനാല്‍ ജയത്തിന്‍റെ കിരീടം ഇനിക്കു ഒരുക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു. നാടുവാഴി ഒരു വല്യചെമ്പുപാത്രം കൊണ്ടുവന്നു അതില്‍ ചെമ്പും വെടിയുപ്പും ഈയവും ഗന്ധകവും അരക്കും ചെഞ്ചല്യവും ഇരുമ്പും ഇട്ടു ഉരുക്കുവാന്‍ കല്പിച്ചു. വേലക്കാര്‍ കല്പനപോലെ ചെയ്തതിന്‍റെശേഷം നാടുവാഴിയോടു കണ്ടാലും ചെമ്പുപാത്രം എത്രയും ചൂടുപിടിച്ചിരിക്കുന്നു. അതിന്‍റെ ശബ്ദം ഇടിപോലെ പുറപ്പെടുന്നു. അതു സൂര്യനെക്കാള്‍ ശോഭിക്കുന്നു. അതു തിളച്ചാറെ പാത്രത്തിനു മുകളില്‍ പതിനഞ്ചു മുഴത്തോളം പൊങ്ങുന്നു. അതിനാല്‍ ആ മനുഷ്യര്‍ വരുവാന്‍ കല്പിക്കണമേ, എന്നു പറഞ്ഞു. നാടുവാഴി ആളയച്ചു അവരെയും ചെമ്പുപാത്രത്തില്‍ കിടന്നു അവരുടെ മരണം കാണുന്നതിനു അനേകായിരങ്ങളെയും വരുത്തി.
എന്നാല്‍ യൂലീത്തി ചെമ്പുപാത്രത്തില്‍ തീ തിളയ്ക്കുന്നതിനെ കണ്ടാറെ അവള്‍ക്കായി ഒരുക്കപ്പെട്ടിരിക്കുന്ന നിക്ഷേപത്തെ ഉപേക്ഷിപ്പാന്‍ വിചാരിച്ചു. പുത്രന്‍ ഇതു അറിഞ്ഞിട്ടു അവളോടു എന്‍റെ അമ്മേ! ഈ ചെമ്പുപാത്രത്തിന്‍റെ മുമ്പാകെ നിന്നു നീ ഭയപ്പെടരുതേ. ഹനനിയായിടത്തുള്ളവരെ അഗ്നിച്ചൂളയില്‍നിന്നു രക്ഷിച്ചവനു ഈ ചെമ്പുപാത്രത്തില്‍നിന്നു നമ്മെയും രക്ഷിപ്പാന്‍ കഴിയും എന്നു ഗ്രഹിച്ചുകൊള്‍ക – ഭൂമിക്കടുത്ത ഈ ശിക്ഷയില്‍നിന്നു ഓടിയൊളിപ്പാനായിട്ടു നീ വിചാരിക്കുന്നു എങ്കില്‍ കെട്ടുപോകാത്ത അഗ്നിയുണ്ടെന്നു നീ അറിയുന്നുവല്ലോ. എന്‍റെ അമ്മേ! അപ്രകാരമല്ല, കണ്ടാലും നമ്മുടെ ദൈവം നമ്മുടെ അടുക്കല്‍ നിന്നു നമുക്കു സഹായിക്കുന്നു. ശൂശാനെ അവളുടെ ശത്രുക്കളില്‍നിന്നു രക്ഷിച്ചവന്‍ ഈ ചെമ്പുപാത്രത്തില്‍നിന്നു നമ്മെയും രക്ഷിക്കും. ദാനിയേലിനെ സിംഹങ്ങളുടെ കുഴിയില്‍നിന്നു രക്ഷിച്ചവന്‍ നമ്മെയും വീണ്ടുകൊണ്ടു നമുക്കു സഹായിക്കും. കര്‍ത്താവിനു തിരുവിഷ്ടം ഉണ്ടെങ്കില്‍ ഈ ചെമ്പുപാത്രത്തെ വിശ്വാസിയായ യോബിന്‍റെ പോരാട്ടംപോലെ ആക്കും. അവന്‍ അവന്‍റെ പുത്രന്മാരെയും പുത്രിമാരെയും അവനുള്ള സകലത്തെയും അവന്‍റെ ശരീരത്തെയും നശിപ്പിച്ചപ്പോള്‍ കര്‍ത്താവു തന്നു കര്‍ത്താവു എടുത്തു കര്‍ത്താവിന്‍റെ നാമം സ്തുതിക്കപ്പെട്ടതായിരിക്കട്ടെ എന്നല്ലാതെ ഒന്നും പറഞ്ഞില്ല. ഇപ്പോള്‍ എന്‍റെ അമ്മേ! നാമും അവനെപോലെ ജീവന്‍റെ കിരീടം വാങ്ങണം എന്നു പറഞ്ഞു അമ്മയ്ക്കുവേണ്ടി സങ്കടത്തോടെ പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനയുടെ അവസാനത്തില്‍ വിശുദ്ധാത്മാവു അവളുടെമേല്‍ ഇറങ്ങി. ഉടനെ അവളുടെ അടുക്കല്‍ ഉണ്ടായിരുന്ന സാത്താന്‍ ഓടിപ്പോയി. അപ്പോള്‍ അവള്‍ എന്‍റെ പുത്രാ! വരിക നീ എനിക്കു സ്വര്‍ഗ്ഗരാജ്യത്തില്‍ പിതാവായിതീര്‍ന്നു എന്‍റെ പുത്രാ! വരിക, നമുക്കായി ഒരുക്കിയിരിക്കുന്ന ഈ പോരാട്ടത്തെ നമക്കു ജയിക്കാം -എന്നില്‍ ഒളിച്ചിരുന്ന തിന്മപെട്ടവന്‍ എന്നില്‍നിന്നു പോയതിനാല്‍ ചെമ്പുപാത്രം തിളയ്ക്കുന്നതു ഞാന്‍ കാണുന്നില്ല- കണ്ടാലും പ്രഭാതസമയത്തു വീഴുന്ന മഞ്ഞുപോലെ പാത്രത്തെ ഞാന്‍ കാണുന്നു എന്നു പറഞ്ഞു.
ഇപ്രകാരം സംസാരിച്ചതിന്‍റെശേഷം പരിശുദ്ധന്‍ ചെമ്പുപാത്രത്തില്‍ പ്രവേശിച്ചുനിന്നു. ആയുധങ്ങളാല്‍ അവരെ അതില്‍ മറിച്ചിട്ടു മുക്കി. അപ്പോള്‍ അതു വെള്ളംപോലെ തണുത്തു. അവരെ ഉപദ്രവിച്ചതുമില്ല. പരിശുദ്ധന്‍ അവിടെനിന്നു ഉറച്ച ശബ്ദത്തില്‍ ദൈവത്തെ മഹത്ത്വപ്പെടുത്തി പുകഴ്ത്തി -പരിശുദ്ധന്‍റെ പ്രാര്‍ത്ഥനയുടെ അവസാനത്തില്‍ പിശാചു ഒരു സ്ത്രീവേഷം ധരിച്ചു വിലപിച്ചു മൂന്നു വയസ്സുള്ള കുട്ടി എന്നെ ജയിച്ചതിനാല്‍ എനിക്കു ഹാ കഷ്ടം. ഞാന്‍ പരിഹാസമായിത്തീരുകയും മൂന്നൂ വയസ്സുള്ള കുട്ടി എന്നെ ജയിക്കയും ചെയ്തതിനാല്‍ എനിക്കു ഹാ കഷ്ടം. ഇപ്പോള്‍ ഞാന്‍ എവിടേയ്ക്കു പോകണ്ടൂ, ഇനിയും എവിടെ ദുഷ്കൃത്യം ചെയ്യേണ്ടു എന്നു ഞാന്‍ അറിയുന്നില്ല -എന്‍റെ ഉപദേശം ഇതു മുതല്‍ മാഞ്ഞിരിക്കുന്നു. എന്‍റെ കുറ്റം എന്നെ പിടിച്ചു മറിച്ചിടുകയും ചെയ്തിരിക്കുന്നു. മൂന്നു വയസ്സുള്ള കുട്ടിയില്‍നിന്നു ഞാന്‍ ലജ്ജിച്ചിരിക്കുന്നു. ഇനിയും ദോഷം എന്നെ എത്തിപ്പിടിച്ചിരിക്കുന്നു – ഈ നിന്ദ്യനായ പൈതലില്‍നിന്നല്ലാതെ ഒരു ബാല്യക്കാരനില്‍നിന്നായിരുന്നു എങ്കില്‍ നന്നായിരുന്നു. ഈ പൈതല്‍ മുഖാന്തിരം എനിക്കു ഹാ കഷ്ടം. ഇനിയും ഞാന്‍ എന്തു ചെയ്യേണ്ടൂ. വൃദ്ധനില്‍ ഞാന്‍ പ്രവേശിച്ചാല്‍ വൃദ്ധന്‍ പൈതലിനെ നോക്കി എന്നെ ചെവിക്കൊള്ളാതിരിക്കും. ബാല്യക്കാരനില്‍ ഞാന്‍ പ്രവേശിച്ചാല്‍ അവനെ ഇളക്കുവാന്‍ എനിക്കു കഴിയുകയില്ല’ എന്നിപ്രകാരം പറഞ്ഞു.
അപ്പോള്‍ പരിശുദ്ധനായ മാര്‍ കുറിയാക്കോസു പ്രാര്‍ത്ഥിക്കയും ചെമ്പുപാത്രത്തില്‍നിന്നു വളരെ തണുപ്പുള്ള വെള്ളം പുറപ്പെടുകയും ചെയ്തു. അവന്‍ ആ വെള്ളം കൈയില്‍ കോരി കൂടിയിരുന്ന അനേകായിരം ജനങ്ങളുടെ മേല്‍ തളിച്ചു. അവര്‍ക്കു അതു നീതീകരണം ചെയ്യുന്ന മാമ്മോദീസായ്ക്കും പാപമോചനത്തിനുമായി തീര്‍ന്നു. ചെമ്പുപാത്രത്തില്‍നിന്നു അഗ്നി പുറപ്പെട്ടു അവിടെ നിന്നിരുന്ന നാല്പതു പട്ടാളക്കാരെ കൊന്നു. അപ്പോള്‍ നാടുവാഴി ക്ഷുദ്രം അഗ്നിയെയും ജയിക്കുമോ എന്നു പറഞ്ഞു ചെമ്പുപാത്രം കാണ്മാന്‍ അടുത്തുചെന്നു. വിശുദ്ധ കുറിയാക്കോസു പാത്രത്തില്‍നിന്നു മൂന്നു വിരലേല്‍ വെള്ളം എടുത്തു നാടുവാഴിയുടെ കൈയില്‍ തളിച്ചു. ഉടനെ അവന്‍റെ കൈ വെന്തു അസ്ഥിമാത്രം ശേഷിച്ചു. അപ്പോള്‍ നാടുവാഴി പൈതലേ, നിന്നില്‍ ദൈവം ഉണ്ടെന്നു ഇപ്പോള്‍ സത്യമായിട്ടു ഞാന്‍ ഗ്രഹിച്ചു. എന്‍റെ യജമാനനെ എനിക്കു സഹായിക്ക മാത്രം ചെയ്ക എന്നു പറഞ്ഞു. വിശുദ്ധ കുറിയാക്കോസു നീ വിശ്വസിക്കയില്ലെന്നും നിനക്കു ദൈവരാജ്യത്തില്‍ ഓഹരിയും പങ്കും ഇല്ലെന്നും ഞാന്‍ അറിയുന്നു. നില്‍ക്കുന്ന വിശ്വാസികളുടെ നിമിത്തം നിന്നെ സൗഖ്യമാക്കാമെന്നു പറഞ്ഞു പ്രാര്‍ത്ഥിച്ചു. ഉടനെ അവന്‍റെ കൈ സുഖപ്പെടുകയും ചെയ്തു. നാടുവാഴി ദേവന്മാരെ മഹത്ത്വപ്പെടുത്തി ഇപ്രകാരം പറഞ്ഞു: ‘തങ്ങളുടെ നിമിത്തം ലോകം നിലനില്‍ക്കുന്ന സൂസ്സും അപ്പല്ലോനും ബര്‍ശുനായുമെ! നിങ്ങളെ ഞാന്‍ സ്തോത്രം ചെയ്യുന്നു. സകലത്തിന്‍റെയും സ്രഷ്ടാവായ മിശിഹാ നിനക്കു സ്തുതി. വിശുദ്ധ പൈതല്‍ അവനോടു നീ മുന്നമെ ദേവന്മാരെയും പിന്നീടു മിശിഹായെയും മഹത്ത്വപ്പെടുത്തി. ഒരുത്തനും രണ്ടു യജമാനന്മാരെ സേവിപ്പാന്‍ കഴികയില്ല. ഒരുത്തനെ സ്നേഹിക്കയും മറ്റവനെ ദ്വേഷിക്കയും ചെയ്യണം. ആഹാബുരാജാവിന്‍റെ നാളുകളില്‍ ഇസ്രായേല്‍ ദൈവത്തെ ഭയപ്പെടുകയും വിഗ്രഹത്തെ ഉണ്ടാക്കുകയും ചെയ്തപ്രകാരം നീ ചെയ്യരുത്’.
നാടുവാഴി എഴുപതു മനുഷ്യര്‍ക്ക് ഇളക്കാന്‍ കഴിയാത്ത ഒരു കല്ലു നില്‍ക്കുന്ന സ്ഥലത്തുചെന്നു അതില്‍ അവരുടെ തലയുടെ അളവിന്‍പ്രകാരം അരയോളം കുഴിയുണ്ടാക്കി അവരെ തകര്‍ക്കത്തക്കവിധത്തില്‍ ആയുധങ്ങള്‍ ഉണ്ടാക്കുവാന്‍ കല്പിച്ചു. കര്‍ത്താവിന്‍റെ ദൂതന്‍ അവരെ കല്ലില്‍നിന്നെടുത്തു ആ കല്ലു മറിച്ചിട്ടു പുറജാതികളില്‍ അഞ്ഞൂറു പേരെ കൊന്നു. അപ്പോള്‍ നാടുവാഴി ‘വാളാല്‍ ഞാന്‍ ഇവരെ കൊല്ലുകയില്ലെങ്കില്‍ ഉപദ്രവങ്ങളില്‍ ഒന്നും ഇവരോടു പറ്റുകയില്ല’ എന്നു പറഞ്ഞു. വേഗം വാള്‍കൊണ്ടു അവരെ കൊല്ലണമെന്നു തീര്‍പ്പു കല്പിക്കയും ചെയ്തു. വിശുദ്ധ കുറിയാക്കോസും മാതാവും ന്യായസ്ഥലത്തേക്കു വിളിക്കപ്പെട്ടപ്പോള്‍ ദൈവദൂതന്മാര്‍ അവരെ വളഞ്ഞു. നമ്മുടെ രക്ഷിതാവും ശ്രേഷ്ഠന്‍റെ വചനങ്ങളെ കേള്‍പ്പാന്‍ എഴുന്നെള്ളി. ഹൃദയങ്ങളെ അറിയുന്ന ദൈവം ശ്രേഷ്ഠന്‍റെ പ്രാര്‍ത്ഥനകളിലും അവരുടെ വിശ്വാസം മനുഷ്യരുടെ നിമിത്തം അല്ലാഴികകൊണ്ടും ആനന്ദിച്ചു.
വിശുദ്ധ കുറിയാക്കോസു നമ്മുടെ രക്ഷിതാവു മാലാഖമാരോടുകൂടെ എഴുന്നെള്ളുന്നതു കണ്ടപ്പോള്‍തന്നെ വന്ദിച്ചു. ‘ഞാന്‍ നിന്‍റെ തിരുമുമ്പാകെ അപേക്ഷിക്കുന്ന സകലത്തിലും എന്നെ കേട്ടു എന്‍റെ അപേക്ഷയെ കൈക്കൊള്ളണമേ’ എന്നു പറഞ്ഞു. കര്‍ത്താവു അവനോടു ‘നിനക്കു ആവശ്യമുള്ള സകലവും ചോദിച്ചുകൊള്‍ക’ എന്നു കല്പിച്ചു. വിശുദ്ധ കുറിയാക്കോസു ‘എന്‍റെ ഓര്‍മ്മ കഴിക്കയും ഞാന്‍ സാക്ഷിമരണം അനുഭവിച്ചിട്ടുള്ള സ്ഥലത്തു ആ രാത്രി മുഴുവനും ജാഗരണം ചെയ്കയും ചെയ്യുന്നവനു സ്വര്‍ഗ്ഗത്തില്‍ നല്ല പ്രതിഫലം നീ കൊടുക്കണമേ. അവന്‍റെ ഭവനത്തെ നിന്‍റെ കൃപയാല്‍ നീ വാഴ്ത്തേണമേ. എന്‍റെ നാമത്തില്‍ സഹദേന്മാരുടെ ഭവനം പണിയുന്ന എല്ലാവന്‍റെയും സ്ഥലത്തു മനുഷ്യരിലും മൃഗങ്ങളിലുമുള്ള വസന്തയുണ്ടാകരുതെ. അപ്പത്തിന്‍റെ ക്ഷാമവും വെള്ളമില്ലായ്മയാലുള്ള ദാഹവും ദൈവഭയത്തിനു കുറവും ഉണ്ടാകരുതെ! പിശാചു അവിടെ പ്രവേശിക്കാതിരിക്കയും പിശാചുബാധിതര്‍ അവിടെ പ്രവേശിച്ചാല്‍ ദുഷ്ടപിശാചു അവരില്‍നിന്നു ഒഴിഞ്ഞുപോകയും വീണ്ടും അവരില്‍ പ്രവേശിക്കാതിരിക്കയും ചെയ്യേണമേ’ എന്നിപ്രകാരം പ്രാര്‍ത്ഥിച്ചു. അവന്‍ പ്രാര്‍ത്ഥിച്ച സകലവും കര്‍ത്താവു അവനോടു വാഗ്ദത്തം ചെയ്കയും ചെയ്തു.
വിശുദ്ധ കുറിയാക്കോസും അവന്‍റെ മാതാവും കര്‍ക്കടകം 15-ാംനു പാതിരാത്രിയില്‍ കിരീടധാരികളായിത്തീര്‍ന്നു. നീതിമാന്മാരും വിശുദ്ധന്മാരും ആയ ആളുകളാല്‍ കബറടക്കപ്പെട്ടു. അവരുടെ ഓര്‍മ്മ വാഴ്വിനായിരിക്കട്ടെ. അവരുടെ പ്രാര്‍ത്ഥനയാലുള്ള വാഴ്ച ലോകമൊക്കെയിലും വായനക്കാരന്‍റെ മേലും കേള്‍വിക്കാരന്‍റെ മേലും എഴുത്തുകാരന്‍റെ മേലും എഴുതിക്കുന്നവന്‍റെ മേലും ശുദ്ധിമാന്മാരുടെ ഓര്‍മ്മയെ ആഘോഷിക്കുന്ന സകല കൂട്ടത്തിന്മേലും അവരുടെ അസ്ഥികള്‍ വെയ്ക്കപ്പെട്ടിരിക്കുന്ന ദയറാമേലും ഇപ്പോഴും എല്ലായ്പ്പോഴും എന്നും എന്നേക്കും ഉണ്ടായിരിക്കട്ടെ, ആമ്മീന്‍.

പ്രാര്‍ത്ഥന

അന്യായക്കാരനായ ന്യായാധിപതിമാരാല്‍ കഷ്ടതകളും ഉപദ്രവങ്ങളും സഹിച്ച വിശുദ്ധ സഹദേന്മാരെ! അഴിവില്ലാത്ത പ്രകാശത്തിന്‍ മണവറയില്‍ നിങ്ങളുടെ പ്രതിഫലം സൂക്ഷിക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ പ്രാര്‍ത്ഥന ഞങ്ങള്‍ക്കു ഉന്നതകോട്ടയും സങ്കേതസ്ഥലവും ആയിത്തീരേണമേ.
(ഒരു വിശുദ്ധ പിതാവ്)