റാമായിലെ കരച്ചിലുകൾ അവസാനിക്കുന്നില്ല.! / ഡെറിൻ രാജു

ക്രിസ്ത്യൻ പശ്ചാത്തലത്തിൽ ഡിസംബർ 27 ഒരു കൂട്ടക്കൊലയെ സ്മരിക്കുന്ന ദിവസമാണ്. ശിശുവധമെന്ന് പറയുന്നു. (Massacre of the innocents). റോമൻ രീതിയിൽ അത് ഡിസംബർ 28-നും കിഴക്കൻ രീതിയിൽ അത് ഡിസംബർ 29 നും ആണ്. യേശുവിനെ കാണുവാൻ ബേതലഹേമിലേക്ക് പുറപ്പെട്ട ജ്ഞാനികൾ വഴി തെറ്റി ഹെറോദോസിൻ്റെ (King Herod, the Great BC 37 – 4) കൊട്ടാരത്തിൽ എത്തിചേരുന്നു. അവിടെ വച്ച് മ്ശിഹായുടെ ജനനം നടക്കേണ്ടത് ബേതലഹേമിലാണ് എന്ന് മനസിലാക്കിയ അവർ അവിടേക്ക് പോകുമ്പോൾ കുട്ടിയെ കണ്ടെത്തിയാൽ തന്നെയും അറിയിക്കണമെന്ന് ഹെറോദോസ് ഉപദേശിക്കുന്നു. എന്നാൽ കുട്ടിയെ വകവരുത്തുകയാണ് ഹെറോദോസിൻ്റെ പദ്ധതിയെന്നു മനസിലാക്കിയ ജ്ഞാനികൾ കുട്ടിയെ കണ്ടതിനു ശേഷം വേറെ ഒരു വഴിയിലൂടെ അവരുടെ ദേശത്തിലേക്ക് മടങ്ങി പോയി. ഇതിൽ കുപിതനായ ഹേറോദോസ് ബേതലഹേമിലും അതിൻ്റെ നാലതിരുകളിലും ആളയച്ചു രണ്ട് വയസ്സിൽ താഴെയുള്ള എല്ലാ കുഞ്ഞുങ്ങളെയും കൊന്നുകളഞ്ഞു. ഇതാണ് ശിശുവധത്തെപ്പറ്റി ബൈബിൾ നൽകുന്ന വിവരണം.എന്നാൽ ജോസീഫസ് ഉൾപ്പെടെയുള്ള ചരിത്രകാരൻമാരും ഹെറോദോസിൻ്റെ ചരിത്രകാരൻമാരും ഈ സംഭവത്തെപ്പറ്റി മൗനമാണ് പുലർത്തുന്നത്. അതിനാൽ തന്നെ ഈ വധം ചരിത്രമല്ല ബൈബിളിൽ മാത്രമുള്ള ഒരു ചിത്രീകരണമാണെന്ന വാദം ശക്തമായി നിലവിലുണ്ട്. എന്നാൽ അധികാരം നഷ്ടമാകുമെന്ന ഭീതിയിൽ തൻ്റെ തന്നെ മൂന്ന് മക്കളെ ഹെറോദോസ് കൊന്നു കളഞ്ഞത് ജോസീഫസ് തന്നെ രേഖപ്പെടുത്തിയിട്ടുമുണ്ട്. അതിനാൽ തന്നെ ഇത്തരം ഒരു പ്രവൃത്തിക്ക്‌ ഹെറോദോസിന് മടിയുണ്ടാകും എന്നു കരുതാനാകില്ല. മാത്രമല്ല അക്കാത്തെ ജനസംഖ്യയുടെ തോത് വച്ച് പരിശോധിച്ചാൽ രണ്ട് വയസിൽ താഴെയുള്ള പരമാവധി 10-12 കുട്ടികളെ മാത്രമാണ് ഹെറോദോസ് കൊന്നു കളഞ്ഞിരിക്കാൻ സാധ്യത. അത് പ്രാധാന്യമുള്ളതായി ജോസിഫസ് കണ്ടിരിക്കാൻ വഴിയില്ല എന്ന വാദവും മുഖവിലയ്ക്കെടുക്കാവുന്നത്. ജോസീഫസ് അങ്ങനെ അപ്രധാനമായി കരുതിയ മറ്റ് പല പ്രധാന സംഭവങ്ങളും ഉണ്ട് എന്ന വസ്തുതയും ഇതുമായി കൂട്ടിവായിക്കാം’റാമായിൽ വലിയ കരച്ചിൽ കേട്ടു’ എന്ന ജെറമിയായുടെ പ്രവചനമാണ് നിറവേറിയത് എന്ന് ബൈബളിൽ കാണുന്നു. കുരുന്നുകളുടെയും അവരുടെ മാതാപിതാക്കളുടെയും പ്രലാപം ബേതലഹേമിനെ പ്രകമ്പനം കൊള്ളിച്ചുവത്രെ. എന്നാൽ ആ വിലാപം ഇന്നും തുടരുകയല്ലെ വാസ്തവത്തിൽ.?ഏതു കെടുതിയും; അത് യുദ്ധമായിക്കൊള്ളട്ടെ, ക്ഷാമമായിക്കൊള്ളട്ടെ ആദ്യം ബാധിക്കുന്ന ഒരു കൂട്ടർ കുഞ്ഞുങ്ങളാണ്. യുനീസെഫിൻ്റെ കണക്കുകൾ പ്രകാരം 2017 വരെ 1000 – ലധികം കുഞ്ഞുങ്ങളാണ് അമേരിക്ക – ഇറാഖ് യുദ്ധത്തിൽ കൊല്ലപ്പെട്ടത്. പരുക്കേറ്റവർ 1500 ഓളവും. ഇന്നും പശ്ചിമേഷ്യ സംഘർഷത്തിലാണ്. യു. എന്നിൻ്റെ തന്നെ 2018 – ലെ ഒരു കണക്കു പ്രകാരം ആ വർഷം മാത്രം അറുപതോളം കുട്ടികളാണ് ഇസ്രായേൽ – പാലസ്തീൻ സംഘർഷത്തിൽ കൊല്ലപ്പെട്ടത്. രണ്ടായിരത്തിലധികം കുട്ടികൾക്കു പരിക്കുപറ്റി. 2013 നും 2017 നുമിടയ്ക്ക് 10 രാജ്യങ്ങളിൽ മാത്രം ആറ് ലക്ഷത്തോളം കുട്ടികളാണ് മരിച്ചത്. ‘Save the Children’ റിപ്പോർട്ടുകൾ പ്രകാരം 2017 മുതൽ ലോകത്തിൽ 420 മില്യണ്‍ കുട്ടികൾ ജീവിക്കുന്നത് യുദ്ധ മേഖലയിലാണ്. അഫ്ഗാനിസ്ഥാൻ, സെൻട്രൽ ആഫ്രിക്ക റിപ്പബ്ലിക്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് കോംഗോ, ഇറാഖ്, മാലി,നൈജീരിയ, സൗത്ത് സുഡാൻ, സിറിയ, യെമൻ എന്നീ രാജ്യങ്ങളിലെ കുട്ടികളാണ് ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നത്. ഏറ്റവും സുന്ദരകാലമായ ബാല്യം ശപിക്കപ്പെട്ടതായി തോന്നുന്നവരാണ് സിറിയ ഉൾപ്പെടെയുള്ള നാടുകളിലെ കുട്ടികൾ. യുദ്ധം അവസാനമാർഗമാകട്ടെ എന്നു പറയുന്നതിൻ്റെ ഒരു പ്രധാനകാരണവും ഇതൊക്കെ തന്നെയാണ്. തങ്ങൾ എന്തിന് കൊല ചെയ്യപ്പെട്ടു എന്ന് അറിയാതെ മരിച്ചു വീഴുന്ന കുട്ടികൾ മാനവരാശിയുടെ തന്നെ ശാപവും വേദനയുമാണ്. പ്രതീക്ഷാനിർഭരമായ ഒരു ഭാവിയെ നോക്കിക്കണ്ട് നമ്മുടെ കുട്ടികൾ വളരട്ട്. സ്നേഹവും സഹവർത്തിത്വവും സാഹോദര്യവും നമ്മെ ഭരിക്കട്ട്. റാമായിലെ വിലാപങ്ങൾ എന്നേക്കുമായി ഒടുങ്ങട്ട്.

27.12.2020