മലങ്കരസഭാ ഐക്യത്തിന് ഒരു റോഡ്മാപ്പ്


ദൈവതിരുഹിതവും ബഹുമാപ്പെട്ട ഇന്ത്യന്‍ സുപ്രീം കോടതി വിധിയും ഒരേ ഒരു മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ എന്നതാണ് വിവക്ഷിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് അതു യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ശ്രമങ്ങളുടെ പ്രാരംഭം എന്ന നിലയിലാണ് ഈ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുന്നത്.

ഈ ലക്ഷ്യപ്രാപ്തിക്കുള്ള ഏക മാര്‍ഗ്ഗം മലങ്കര സഭയുടെ സമ്പൂര്‍ണ്ണ ഐക്യം മാത്രമാണ്. സുദൃഢവും വ്യവസ്ഥാപിതവും ഭരണഘടനാപരവുമായ അന്ത്യോഖ്യന്‍ – മലങ്കര ബന്ധവുമുണ്ടാകണം. മലങ്കരസഭയില്‍ ഇനിയുണ്ടാകുന്ന സമാധാനവും ഐക്യവും ശാശ്വതമായിരിക്കണം.

1934-ലെ സഭാഭരണഘടന, സുപ്രീംകോടതി വിധികള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഉണ്ടാക്കുന്ന ഐക്യം മാത്രമേ ശാശ്വതമായി നിലനില്‍ക്കൂ എന്നത് സ്പഷ്ടമാണ്. അതിനാല്‍ അത്തരമൊരു നീക്കമാണ് അഭികാമ്യം.

മോറാന്‍ മാര്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ ബാവായും അദ്ദേഹത്തിന്‍റെ കാനോനിക പിന്‍ഗാമികളും അന്ത്യോഖ്യാ പാത്രിയര്‍ക്കീസും മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവായും അദ്ദേഹത്തിന്‍റെ കാനോനിക പിന്‍ഗാമികളും പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും ആണെന്നുള്ള അടിസ്ഥാന ധാരണയുടെ പശ്ചാത്തലത്തിലാണ് ഈ ഐക്യശ്രമം രൂപപ്പെടുത്തിയിരിക്കുന്നത്.

ഐക്യത്തിലേക്കു കുറുക്കുവഴികളില്ല എന്ന യാഥാര്‍ത്ഥ്യബോധത്തോടെ മൂന്നു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാവുന്ന സഭാസമാധാന പ്രക്രിയയാണ് ഇവിടെ അവതരിപ്പിക്കുന്നത്. വ്യവഹാരരഹിത സഭയ്ക്കുള്ള സ്വപ്നപദ്ധതികളാണ് ഇതില്‍ ഉള്‍ക്കൊള്ളുന്നത്.

2022 മാര്‍ച്ച് മാസത്തില്‍ മാനേജിംഗ് കമ്മറ്റി, സഭാ സ്ഥാനികള്‍ എന്നിവരെ തെരഞ്ഞടുക്കുന്നത് മലങ്കര മെത്രാപ്പോലീത്താ വിളിച്ചുകൂട്ടുന്ന ഏകീകൃത മലങ്കരസഭയുടെ അസോസിയേഷന്‍ ആയിരിക്കും എന്നതാണ് ഈ ഐക്യപ്രക്രിയയുടെ ശുഭസമാപ്തി.

മലങ്കരസഭായോജിപ്പ് ആരുടെയും വികാരങ്ങള്‍ വ്രണപ്പെടാതെയും ആത്മാഭിമാനം നഷ്ടപ്പെടാതെയും അന്തസോടെയും ആയിരിക്കുന്നതിന് ഈ നിര്‍ദ്ദേശങ്ങളില്‍ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്.

മാര്‍ഗ്ഗരേഖ

1. സഭാ സമാധാനത്തിനും ഐക്യത്തിനും ഏറ്റവും അത്യന്താപേക്ഷിതം പരിശുദ്ധാത്മ വ്യാപാരമാണ് എന്നതിനാല്‍ വലിയ നോമ്പു കാലം (2018 ഫെബ്രുവരി 12 – ഏപ്രില്‍ 1) സഭാസമാധാനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാനുള്ള ദിവസങ്ങളായി ഇരു ബാവാമാരും പ്രഖ്യാപിക്കണം. സഭ മുഴുവന്‍ ഈ വിഷയം ദൈവസന്നിധിയില്‍ സമര്‍പ്പിച്ച് ഉപവസിച്ച് പ്രാര്‍ത്ഥിക്കണം. ‘അനുരഞ്ജനപ്പെടാന്‍ ഞങ്ങളെ അനുഗ്രഹിക്കേണമേ’ എന്നത് പ്രാര്‍ത്ഥനാ വിഷയമായി പ്രഖ്യാപിക്കണം.

2. പ. പാത്രിയര്‍ക്കീസ് ബാവായും പ. കാതോലിക്കാ ബാവായും ഒരു അനുരജ്ഞന കമ്മറ്റി രൂപീകരണത്തെപ്പറ്റി അതത് വിഭാഗം സ്ഥാനികളും നേതാക്കളുമായി ചര്‍ച്ചചെയ്ത് പ്രാരംഭനടപടികള്‍ സ്വീകരിക്കണം. അംഗങ്ങള്‍ നീതിപൂര്‍വ്വം ചിന്തിക്കുന്നവരും നിഷ്പക്ഷരും പക്വതയുള്ളവരും പ്രഗത്ഭരും കാര്യവിവരമുള്ളവരും ആയിരിക്കണം.

3. പ. പാത്രിയര്‍ക്കീസ് ബാവായും പ. കാതോലിക്കാ ബാവായും അതാതു വിഭാഗത്തിന്‍റെ പ. എപ്പിസ്കോപ്പല്‍ സുന്നഹദോസ്, വര്‍ക്കിംഗ് കമ്മറ്റി എന്നിവയുടെ സംയുക്ത യോഗ തീരുമാനപ്രകാരം അതത് വിഭാഗത്തിന്‍റെ അനുരഞ്ജന കമ്മറ്റികളെ നിയമിക്കണം. പരസ്പരം അറിയിക്കുകയും വേണം.

4. രണ്ടു മെത്രാപ്പോലീത്താമാര്‍, മൂന്നു വൈദികര്‍, രണ്ട് അയ്മേനികള്‍ വീതം ഓരോ ഭാഗത്തും ഉണ്ടായിരിക്കണം. ഓരോ ഭാഗത്തും ആകെ ഏഴ് അംഗങ്ങള്‍ വീതമാണ് ഉണ്ടായിരിക്കേണ്ടത്. അതാതു വിഭാഗത്തില്‍ മെത്രാപ്പോലീത്താമാരില്‍ ഒരാള്‍ ചെയര്‍മാനും അപരന്‍ വൈസ്ചെയര്‍മാനും വൈദികരില്‍ ഒരാള്‍ കണ്‍വീനറും അയ്മേനികളിലൊരാള്‍ ജോയ്ന്‍റ് കണ്‍വീനറും ആയിരിക്കണം. സംയുക്ത യോഗം കൂടുമ്പോള്‍ ചെയര്‍മാന്‍മാര്‍ മാറിമാറി അദ്ധ്യക്ഷത വഹിക്കണം. അതാതു വിഭാഗത്തിന്‍റെ പ. എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിമാരെയും വിഷയ വിദഗ്ദ്ധരെയും പരസ്പര ധാരണയോടെ അവശ്യ സന്ദര്‍ഭങ്ങളില്‍ ക്ഷണിക്കാവുന്നതാണ്.

5. പ്രകോപനപരമായ പ്രസ്താവനകള്‍, പ്രസംഗങ്ങള്‍, പള്ളിപ്രവേശനങ്ങള്‍, ഉപരോധങ്ങള്‍ തുടങ്ങിയവ ഇരുവിഭാഗവും സ്നേഹപൂര്‍വം ഉപേക്ഷിക്കണം.
6. പുതിയ വ്യവഹാരങ്ങള്‍ സഭയില്‍ ആരംഭിക്കാന്‍ ശ്രമിക്കരുത്. അനിവാര്യ സാഹചര്യത്തിലൊഴികെ തല്‍ക്കാലം വ്യവഹാരങ്ങള്‍ സജീവമാക്കരുത്.

7. മോറാന്‍ മാര്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ ബാവായും മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവായും യഥാക്രമം അന്ത്യോഖ്യാ പാത്രിയര്‍ക്കീസ്, പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും എന്ന നിലകളില്‍ പരസ്പരം സ്വീകരിച്ച് നിയമാനുസൃതമായ തീരുമാനത്തിന്‍റെ പിന്‍ബലത്തോടെ സഭായോജിപ്പ് പ്രഖ്യാപിക്കണം.

8. ഇരുവിഭാഗവും വൈദികരെ സ്ഥാനത്തിനടുത്ത ബഹുമാനത്തോടെ കൂദാശകളില്‍ സംബന്ധിപ്പിക്കണമെന്ന് പ. പാത്രിയര്‍ക്കീസ് ബാവായും പ. കാതോലിക്കാ ബാവായും കല്പനകള്‍ പുറപ്പെടുവിക്കണം.

9. മെത്രാപ്പോലീത്താമാര്‍ തുടങ്ങി എല്ലാ പൗരോഹിത്യസ്ഥാനികളും ഭദ്രാസനതലം വരെ തിരഞ്ഞെടുക്കപ്പെട്ട സഭാസ്ഥാനികളും മലങ്കര സഭാ ഭരണഘടന അനുസരിച്ചു പ്രവര്‍ത്തിക്കുമെന്ന് രേഖാമൂലം പ്രതിജ്ഞ ചെയ്യണം.

10. ഐക്യം യാഥാര്‍ത്ഥ്യമാവുമ്പോള്‍ ഒന്നിലധികം മെത്രാപ്പോലീത്താമാര്‍ വരുന്ന ഭദ്രാസനങ്ങളിലെ തര്‍ക്കമില്ലാത്ത പള്ളികള്‍ അതാതു മെത്രാപ്പോലീത്താമാരുടെ ഭരണത്തില്‍ തന്നെ തുടരണം. തര്‍ക്കമുള്ള പള്ളികളുടെ കാര്യം സംയുക്ത അനുരഞ്ജന സമിതിയുടെ നിര്‍ദേശമനുസരിച്ച് തീരുമാനിക്കണം. മറിച്ചൊരു തീരുമാനമുണ്ടാകുന്നതു വരെ ഈ ക്രമീകരണം തുടരണം.

11. 2022 മാര്‍ച്ച് മാസത്തില്‍ ഏകീകൃത മലങ്കരസഭയുടെ അസോസിയേഷന്‍ യോഗം ചേര്‍ന്ന് വൈദിക ട്രസ്റ്റി, അത്മായ ട്രസ്റ്റി, മാനേജിംഗ് കമ്മറ്റി സ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പുകള്‍ നടത്തണം.

12. ക്നാനായ സമുദായം, ഇന്ത്യയ്ക്കു പുറത്തുള്ള മലയാളി പളളികള്‍, സിംഹാസനപള്ളികള്‍, പൗരസ്ത്യ സുവിശേഷ സമാജം, ഹോണവാര്‍ മിഷന്‍ തുടങ്ങിയ കാര്യങ്ങള്‍ അടുത്ത ഘട്ടത്തില്‍ പരിഗണിക്കണം.

2017 ജൂലൈ മൂന്നിന് ബഹു. സുപ്രിം കോടതിയില്‍ നിന്നുണ്ടായ വിധി ആത്യന്തികമായി സഭയില്‍ സമാധാനത്തിനും യോജിപ്പിനുമായുള്ള പ്രഖ്യാപനമായിരുന്നുവെന്നു നിസ്സംശയം പറയാം. “രണ്ടു വിഭാഗങ്ങളും, അവര്‍ വിശ്വസിക്കുന്ന വിശുദ്ധ മതത്തിന്‍റെ നന്മയ്ക്കായി, തങ്ങളുടെ അഭിപ്രായ ഭിന്നത, അങ്ങനെ എന്തെങ്കിലുമുണ്ടെങ്കില്‍, ഒരു പൊതുവേദിയില്‍ പരിഹരിക്കേണ്ടതാണ്. ഒഴിവാക്കി എടുക്കാവുന്നതും സഭയെത്തന്നെ ജീര്‍ണ്ണിപ്പിക്കുന്നതുമായ സ്ഥിതി സംജാതമാക്കുന്ന, മേലിലുള്ള കലഹവും അസമാധാനവും ഇല്ലാതാക്കുന്നതിന് ഇതാവശ്യമാണ്…” (184-ാം ഖണ്ഡികയുടെ 28-ാം അനുച്ഛേദം, പേജ് 274) ഏതു വിധത്തിലും സ്വാഗതാര്‍ഹമാണ്. സഭ ഒന്നാകണമെന്ന് ആഗ്രഹിക്കുന്ന മുഴുവന്‍ വിശ്വാസികളുടെയും വിജയമാണ് ഈ കോടതിവിധി. അത് നടപ്പാക്കേണ്ട ഉത്തരവാദിത്തം സഭയ്ക്കുണ്ട്. അതിനു വേദിയൊരുക്കുന്ന ഏവരെയും ചരിത്രം സുവര്‍ണലിപികളില്‍ എഴുതിച്ചേര്‍ക്കും.

കോട്ടയം,
10-02-2018

(മലങ്കര സഭയില്‍ ഐക്യത്തിലൂടെ ശാശ്വത സമാധാനം ലക്ഷ്യമാക്കി ഏതാനും പ്രമുഖ വ്യക്തികള്‍ ചേര്‍ന്നു തയ്യാറാക്കി 2018 ഫെബ്രുവരിയില്‍ കൂടിയ പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസിനു സമര്‍പ്പിച്ച റോഡ് മാപ്പ് ആണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത്)