ഞങ്ങളെയും ബലപ്പെടുത്തണമേ / ഫാ. ഡോ. ബിജേഷ് ഫിലിപ്പ്

(എന്നെത്തന്നെ സന്നിധിയില്‍… എന്ന ട്യൂണില്‍)

ശക്തിയെ സമ്പാദിക്കാനായ്
നോക്കിപ്പാര്‍ത്തൊരു സംഘത്തെ
റൂഹായാല്‍ ജ്വലിപ്പിച്ചതുപോല്‍
ഞങ്ങളെയും ബലപ്പെടുത്തണമേ

പരിശുദ്ധാത്മാവേ വന്ന്
സ്നേഹത്തിന്‍ നിറവേകണമേ
ശത്രുവിനെയും സ്നേഹിപ്പാന്‍
മാനസ ശുദ്ധി നിറയ്ക്കണമേ

മാമോദീസായില്‍ റൂഹാ
നല്‍കിയ പാവന വസ്ത്രത്താല്‍
കവചം തീര്‍ത്തതിനുള്ളില്‍ നീ
ഞങ്ങളെ സംരക്ഷിക്കേണമേ

തിന്മയെഴും കാഴ്ചയില്‍ നിന്നും
നാശത്തിന്‍ കേള്‍വിയില്‍ നിന്നും
റൂഹാ, നിന്നാവാസത്താല്‍
നാള്‍തോറും കാത്തീടണമേ

സൃഷ്ടിക്കും പുനഃസൃഷ്ടിക്കും
ഊതിനിറച്ചൊരു റൂഹായാല്‍
അദൃശ്യമതാം പോരാട്ടത്തില്‍
ജീവശ്വാസം പകരണമേ.

തിന്മകളെ നന്മകളാക്കും
ലോകത്തിന്‍ വഞ്ചനയറിയാന്‍
സത്യാത്മാവേ ഞങ്ങളെ നീ
തിരുശബ്ദം കേള്‍പ്പിക്കണമേ

റൂഹാ നിന്നാവാസത്താല്‍
ഞങ്ങളെയെല്ലാം ഐക്യത്തില്‍
ആദിമസഭയെപ്പോലിന്നും
നിന്‍ രാജ്യമതാക്കീടണമേ.

ഇന്നാളുകളില്‍ ഭൂമിക്ക്
ഏറ്റൊരു മുറിവിനെ മാറ്റിടുവാന്‍
സൗഖ്യം ജീവനുമേകിടുവാന്‍
റൂഹായേ വന്നീടണമേ.

പുതിയൊരു ആകാശം ഭൂമി
കടലും കരയും കാടുകളും
ശുദ്ധമതായിതീര്‍ന്നിടുവാന്‍
റൂഹാ വന്നു സഹായിക്ക

അര്‍പ്പിത വീഞ്ഞും അപ്പമതും
നാഥന്‍ ഗാത്രമതാകുമ്പോല്‍
സല്‍ഗുണ പോഷണ റൂഹായെ
ഞങ്ങളെ അതുപോല്‍ ആക്കണമേ