സഭാ തർക്കത്തിൽ മധ്യസ്ഥ ചർച്ചകളുടെ ആവശ്യമില്ല: ഓർത്തഡോക്സ് സഭ


കൊച്ചി∙ഒാർത്തഡോക്സ് സഭ മറ്റു സഭകളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാറില്ലെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. സഭാ തർക്കത്തിൽ സുപ്രീം കോടതി വിധിക്കു മുകളിൽ മധ്യസ്ഥ ചർച്ചകളുടെ ആവശ്യമില്ല. കോടതി വിധി അംഗീകരിക്കാത്തവരോടു എന്ത് ചർച്ച ചെയ്യാനാണെന്നും അദ്ദേഹം ചോദിച്ചു. ചർച്ചകൾക്കൊന്നും പ്രസ്ക്തിയില്ലെന്നാണു തങ്ങളുടെ അനുഭവം. ചിലർ മറ്റു സഭകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒാർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടന്ന സഹന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാവാ.

അതേസമയം സഭ തർക്കത്തിൽ ഇതരസഭകളുടെ ഇടപെടൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം ചെയ്തു. സഭാതർക്കം പരിഹരിക്കാൻ സർക്കാർ നേരത്തെ തന്നെ ശ്രമിക്കുന്നുണ്ട്. അതിനായി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു ശ്രമങ്ങൾ തുടർന്ന് വരികയുമാണ്. ഇപ്പോൾ സിറോ മലബാര്‍, ലത്തീന്‍, മാര്‍ത്തോമ്മാ, സിറോ മലങ്കര, സിഎസ്ഐ സഭാധ്യക്ഷന്‍മാർ മുൻകൈയെടുത്തു നടത്തുന്ന ശ്രമത്തിനു സർക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.