കോതമംഗലം മാര്‍ത്തോമ്മന്‍ ചെറിയപളളി കേസ് സംബന്ധിച്ച് ഇന്ന് ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായ വിധിയെ മലങ്കര ഓര്‍ത്തഡോക്‌സ് സഭ സ്വാഗതം ചെയ്യുന്നതായി പരിശുദ്ധ ബസേലിേയാസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ഇത് സത്യത്തിന്റെയും നീതിയുടെയും വിജയമാണ്. നിയമവാഴ്ച ഇല്ലാത്തിടത്ത് അരാജകത്വം നിലനില്‍ക്കുമെന്ന് കോടതിയുടെ കണ്ടെത്തല്‍ ശ്ലാഘനീയമാണ്. നിയമവാഴ്ച ഉറപ്പാക്കുന്നതാണ് ഈ കോടതിവിധി.
കോതമംഗലം മാര്‍ത്തോമ്മന്‍ ചെറിയപളളിയില്‍ നിന്നും ഇടവകാംഗങ്ങളെ ആരെയും മലങ്കര ഓര്‍ത്തഡോക്‌സ് സഭ പുറത്താക്കില്ല. 1934 ഭരണഘടന അംഗീകരിച്ച് നിയമാനുസൃത വികാരിയുടെ കീഴില്‍ നില്‍ക്കാനാഗ്രഹിക്കുന്ന ഇടവകാംഗങ്ങള്‍ക്ക് അപ്രകാരം തുടരുന്നതിനും യാതൊരു തടസവുമില്ല. ജനാധിപത്യ മൂല്യങ്ങളില്‍ അധിഷ്ഠിതമായാണ് 1934 ലെ ഭരണഘടന രചിക്കപ്പെട്ടിട്ടുളളത്. അതിന്റെ അന്ത:സത്ത പൂര്‍ണ്ണമായും പാലിക്കുന്നതിന് സഭ പ്രതിജ്ഞാബദ്ധമാണ്. മൃതശരീരങ്ങള്‍ അടക്കം ചെയ്യുന്നതിനും ഓര്‍ത്തഡോക്‌സ് സഭ എതിരല്ല, സംസ്‌കാരം തടയുകയുമില്ല. എന്നാല്‍ അത് നിയമാനുസൃത വികാരിയുടെ കാര്‍മ്മികത്വത്തില്‍ മാത്രമാകണമെന്നും പ. കാതോലിക്കാ ബാവാ കൂട്ടിചേര്‍ത്തു.