ക്ഷമാപൂർവ്വമായ കാത്തിരുപ്പും സമാധാനപൂർണ്ണമായ പ്രവർത്തനശൈലിയുമാണുത്തമം

യൂഹാനോൻ മാർ മിലിത്തോസ്

അങ്ങിനെ മറ്റൊരു സുവർണ്ണ ക്ഷേത്ര നടപടി കൂടി. മുൻപൊരിക്കൽ പഞ്ചാബിലെ അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിൽ തമ്പടിച്ച പാക്കിസ്ഥാനി തീവ്രവാദികളെ ഒരു പട്ടാള നടപടിയിലൂടെ പുറത്താക്കി ക്ഷേത്രത്തിന്റെ വിശുദ്ധി പുനസ്ഥാപിച്ചു അന്നത്തെ കേന്ദ്ര സർക്കാർ. ഇപ്പോൾ പിറവം സെന്റ്‌ മേരീസ്‌ ഓർത്ത്ഡോക്സ്‌ പള്ളിയിൽ ഭാരതത്തിന്റെ ഭരണവ്യവസ്ഥയുടെ അടിത്തറകളിൽ ഒന്നായ കോടതിയുടെ ഉത്തരവുകളെ വെല്ലുവിളിച്ചുകൊണ്ട്‌ പാക്കിസ്ഥാനികളെപ്പോലെ നിലയുറപ്പിച്ചിരുന്ന അന്ത്യോഖ്യൻ ഭക്തരെ പോലീസ്‌ പുറത്താക്കിയിരിക്കുന്നു.

ഇക്കാര്യത്തിൽ രണ്ട്മൂന്ന് കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്‌. ഒന്നാമത്‌ കേരള സർക്കാരിന്റെ, പ്രത്യേകിച്ച്‌ പോലീസ്‌ വകുപ്പിന്റെ നിലപാട്‌. എറണാകുളം ജില്ലയിലെ ഏതാനും പാർട്ടി നേതാക്കളുടെ ഇടപെടലാണോ അതോ സംസ്ഥാന നേതൃത്വം മനപ്പൂർവ്വം എടുത്ത നിലപാടാണോ അതോ ഇത്‌ രണ്ടുമാണോ എന്നത്‌ പരിശോധിക്കേണ്ടതാണു. ഈ സാഹചര്യത്തിൽ കേരളാ മുഖ്യമന്ത്രി കോതമംഗലം കോളേജിന്റെ ഒരു പരിപാടിയിൽ കുറെ നാൾ മുൻപ്‌ നടത്തിയ അഭിപ്രായം ശ്രദ്ധേയമാണു. അദ്ദേഹം പറഞ്ഞു, “കമ്യൂണിസ്റ്റ്‌ പാർട്ടിക്കും യാക്കോബായ സഭക്കും കുറെ ഏറെ പൊതു ഘടകങ്ങളുണ്ട്‌”. ഇത്‌ പരസ്പര സഹകരണത്തിന്റെ തലത്തിലേക്ക്‌ വളർന്നു എന്ന് ഊഹിക്കുന്നവരെ കുറ്റം പറയാൻ കഴിയിമോ എന്നത്‌ സംശയമാണു. എൽ. ഡി. എഫിന്റെ, പ്രത്യേകിച്ച്‌ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ പ്രഖ്യാപിത തത്വങ്ങൾക്ക്‌ നിരക്കുന്ന ശൈലി അല്ലിത്‌ എന്ന് പറയേണ്ടിയിരിക്കുന്നു. ഈ പറഞ്ഞതുകോണ്ട്‌ വേറെ ഏതെങ്കിലും കക്ഷി ഈ കാര്യത്തിൽ മെച്ചമാണു എന്ന് ഞാൻ കരുതുന്നില്ല. സെപ്റ്റംബർ 24 നു എറണാകുളത്ത്‌ സംഘടിപ്പിച്ച ഉപവാസ സമ്മേളനത്തിൽ യു. ഡി. എഫിന്റെ പല ജന പ്രതിധികളും നേതാക്കളും പങ്കെടുത്ത് ആഭിമുഖ്യം പ്രകടിപ്പിച്ചു എന്നതും ശ്രദ്ധിക്കേണ്ടതാണു.

രണ്ടാമത്‌, യാക്കോബായ വിഭാഗം ഒരു സ്വയം പരിശോധനക്ക്‌ ഇനി എങ്കിലും തയാറാകേണ്ടതാണു എന്നതാണു. വർഷങ്ങൾ നീണ്ടുനിന്ന വ്യവഹാരത്തിന്റെ അവസാനം ബ. സുപ്രീം കോടതിയുടെ 1995 ലെ ഉത്തരവിൽ അന്നത്തെ പാത്രിയർക്കീസ്‌ ഭാഗം ഉയർത്തിയ പല ചോദ്യങ്ങൾക്കും ഉത്തരമുണ്ടാവുകയും പരിശുദ്ധ അന്ത്യോഖ്യാ പാത്രിയർക്കീസ്‌ ബാവ 2007 ഫെബ്രുവരി 26 ലെ E74/97 നമ്പർ കൽപ്പനയിലൂടെ സഭയിലെ ഐക്യത്തിനുള്ള നിർദ്ദേശം ഉണ്ടാവുകയും ചെയ്തത്‌ വിനയപൂർവ്വം അംഗീകരിച്ച്‌ 2002 ലെ അസോസിയേഷനിൽ പങ്കെടുത്ത്‌ 1958 മുതൽ 1974 വരെ ഒരു സഭ ആയി പ്രാർത്ഥിച്ച്‌, ആരാധിച്ച്‌ അതിന്റെ ആത്മ ബലത്തിൽ സമാധാനത്തോടെ ജീവിക്കാനും സാധിച്ചത്‌ തുടരാൻ ശ്രമിക്കേണ്ടതിനു പകരം ഒരു പുതു ഭരണഘടന ഉണ്ടാക്കി പുതു ക്രൈസ്തവസഭാഭാവത്തിൽ പുതിയ പേരോടെ പ്രർത്തനം ആരംഭിക്കുകയും തികച്ചും അക്രൈസ്തവ ശൈലിയിൽ കയ്യേറ്റങ്ങളിലൂടെ കോടതി വിധിയുടെ പരിധിയിൽ വരുന്ന പള്ളികൾ ഈ പുതു സഭയുടെതാണു എന്നവകാശപ്പെട്ട്‌ പിടിച്ചെടുത്ത്‌ പലയിടത്തും അക്രമത്തിലൂടെ നിലനിർത്തിയത്‌ ശരിയായിരുന്നില്ല എന്ന ബോധം ഉണ്ടാകേണ്ടതാണു. അർത്ഥരഹിതമായ അവകാശവാദങ്ങളിലൂടെ ഇനിയും വിശ്വാസ സമൂഹത്തെ വഞ്ചിക്കാതെ വിവേകപൂർവ്വം സ്വന്തം സമൂഹത്തെ സ്വതന്ത്രമായി വളർത്താൻ ശ്രമിക്കേണ്ട സമയമായി എന്നറിയേണം.

മൂന്നാമത്‌, കേരളാ പോലീസിന്റെ നിലപാട്‌ എത്രത്തോളം അർത്ഥരഹിതമാണു എന്നത്‌ ഈ സംഭവം വ്യക്തമാക്കുന്നുണ്ട്‌. അവർ കോതമംഗലം പള്ളി കേസിൽ കോടതി മുൻപാകെ പറഞ്ഞത്‌, “അവിടെ വെടിവയ്പ്പും കണ്ണീർ വാതക പ്രയോഗവും വേണ്ടിവരും. അതുകൊണ്ട്‌ ആളുകളെ ബോധവൽക്കരിക്കാൻ സമയം ആവശ്യമാണു” എന്നായിരുന്നു. സമാന സാഹചര്യം ഉണ്ടായിരുന്ന പിറവത്ത്‌ കല്ലിനെ പിളർക്കുന്ന ഉത്തരവ്‌ ബ. കോടതിയിൽ നിന്നുണ്ടായപ്പോൾ ഇതൊന്നും കൂടാതെ പത്തു മിനിറ്റുകൊണ്ട്‌ കാര്യം സാധിച്ചു എന്നത്‌ വ്യക്തമായ സന്ദേശമാണു നൽകുന്നത്‌. വേണമെങ്കിൽ ചക്ക വേരിലും കായ്പ്പിക്കാം. പറ്റില്ല എന്നു പറയുന്നതിന്റെ അർത്ഥം താൽപ്പര്യമില്ല എന്നാണു എന്ന് അരിയാഹാരം കഴിക്കുന്നവർക്ക്‌ മാത്രമല്ല ഗോതമ്പാഹാരം കഴിക്കുന്നവർക്കും മനസ്സിലാകും.

ഇവിടെ വിജയിച്ചത്‌ കണ്ടനാട്‌ ഈസ്റ്റ്‌ ഭദ്രാസനത്തിന്റെ ക്ഷമാപൂർവ്വമായ കാത്തിരുപ്പും സമാധാനപൂർണ്ണമായ പ്രവർത്തശെയിലിയുമാണു. ക്രൈസ്തവ സമൂഹങ്ങൾ പ്രവർത്തിക്കേണ്ടതും പ്രതികരിക്കേണ്ടതുമായ ശൈലിയിണ്ട്‌. അത്‌ ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ രാഷ്ട്രപിതാവ്‌ മഹാത്മ പിൻതുടർന്ന ശെയിലി തന്നെയാണു. ഇതിലൂടെ എല്ലാ ഇടവകളിലും മുൻപ്‌ അവിടെ ആരാധിച്ചിരുന്നവർക്കും എന്നാൽ കയ്യേറ്റക്കരുടെ അക്രമണത്തെ ഭയന്നും തെറ്റിദ്ധരിക്കപ്പെട്ടും നിന്നിരുന്നവർക്ക്‌ സഭയുടെ നിയമാനുസൃത ധാരയിലേക്ക്‌ വിമുഖതകൂടാതെ വരുവാൻ സാഹചര്യമുണ്ടാകും. ഇതുതന്നെയാണു ബ. സുപ്രീം കോടതി 1995 ൽ അതിന്റെ വിധിയിലൂടെ വിവക്ഷിച്ചത്‌. കേസിൽ ജയിച്ചവർക്കേ
വിനയത്തോടെയും സാധിക്കുന്ന വിട്ടുവീഴ്ചാ ഭാവത്തിലൂടെയും വിഷയത്തിനു വിജയകരമായ പരിഹാരം ഉണ്ടാക്കാൻ കഴിയൂ.

പാത്രിയർക്കീസ്‌ ഭാഗത്തിന്റെ അവസ്തയെക്കുറിച്ച്‌ എനിക്ക്‌ വാസ്തവത്തിൽ സഹതാപമാണു ഉള്ളത്‌. പത്ത്‌ മുപ്പത്‌ മെത്രാപ്പോലീത്തമാരെ, അവരിൽ തന്നെ ചിലർ ആരോപിക്കുന്നതുപോലെ കാശു വാങ്ങിച്ചും സ്വാധീനത്തിൽ പെട്ടും യാതൊരു മാനദണ്ഡവും ഇല്ലാതെ സൃഷ്ടിച്ച മെത്രാൻ സ്ഥാനികളും (അവരിൽ പലർക്കും യാതൊരു പണിയുമില്ല), ഇതര വൈദിക സ്ഥാനികളും, പല ടെലിവിഷൻ ചാനൽ അവതാരകരും പറഞ്ഞതുപോലെ, പള്ളികളെല്ലാം ബ. കോടതി വിധിപ്രകാരം 1934 ലെ ഭരണഘടനക്ക്‌ വിധേയപ്പെട്ടാൽ തൊഴിൽ നഷ്ടപ്പെട്ടവരാകും. ഇവരിൽ ഭൂരിപക്ഷം പേർക്കും മറ്റൊരു പണിയും അറിഞ്ഞുകൂടാ തനും. അപ്പോൾ ഇതു അവരുടെ ഭാവിയുടെയും നിലനിൽപ്പിന്റെയും ജീവിതത്തിന്റെയും പ്രശ്നമാണു. അതുകൊണ്ട്‌ അവർക്ക്‌ ഭാവി സുരക്ഷിതമാക്കാൻ മരണകളി നടത്തേണ്ടി വരുന്നു.

പക്ഷെ ഇവിടെയാണു വിവിധ കാരണങ്ങളാൽ ഈ നിയമവിരുദ്ധരോട്‌ ചേർന്ന് നിൽക്കേണ്ടിവന്നിട്ടുള്ളവർ തങ്ങളുടെ ദൈവദാനമായ വിവേകം ഉപയോഗിക്കേണ്ട സാഹചര്യം ഉരുത്തിരിഞ്ഞിരിക്കുന്നത്‌. അവർ യാഥാർത്ഥ്യബോധത്തോടെ പരിശുദ്ധ സഭാഗാത്രത്തിന്റെ പൊതുധാരയിൽ ചേർന്ന് നിന്നുകൊണ്ട്‌ അനുഗ്രഹീതവും സമാധാനപരവുമായ അത്മീയ ജീവിതം നയിക്കാൻ തയാറാകേണ്ടതാണു. ഈ നിയമവിരുദ്ധർ ഈ സാധുജനത്തിന്റെ അദ്ധ്വാനത്തിന്റെ ഫലം ഉപയോഗിച്ചുകൊണ്ടാണു ഈ അലങ്കോലം ഉണ്ടാക്കുന്നത്‌. ഇത്‌ വിശ്വാസികൾ തിരിച്ചറിയേണ്ടതാണു. ഇവിടെ ഇവർ പറഞ്ഞ്‌ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുന്നതുപോലെ വിശ്വാസത്തിന്റെ വിഷയം ഒന്നുമില്ല എന്നതാണു സത്യം. അൽപ്പം ശ്രദ്ധയോടെ കാര്യങ്ങൽ വിശകലനം ചെയ്താൽ ഇത്‌ ഏത്‌ കുട്ടിക്കും മനസ്സിലാകും. മുഖ്യ ധാരയിൽ ചേർന്ന് പോകുവൻ ആഗ്രഹിക്കുന്ന ഒരു വിശ്വാസിയേയും ഓർത്തഡോക്സ്‌ സഭ നിരസിക്കില്ല എന്ന് പരി. സുന്നഹദോസ്‌ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണു. അതുകൊണ്ട്‌ അവർ ഈ വൈകാരികവും സാമ്പത്തികവും, ആത്മീയവും ബന്ധപരവുമായ ചൂഷണത്തിൽ നിന്നും രക്ഷപ്പെടാൻ തയ്യാറാവേണ്ടതാണു. അവർക്ക്‌ വിവേകം ഉദിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

അടികുറിപ്പ്‌: പരിശുദ്ധ അന്ത്യോഖ്യാ പാത്രിയർക്കീസ്‌ പിറവം സംഭവത്തിന്റെ പശ്ചാത്തലത്തിൽ പുറപ്പെടുവിച്ച ഒരു വീഡിയോ പ്രസ്ഥാവന അനേക ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്‌. എന്നാൽ ഒരു കാര്യം മാത്രം പരാമർശിക്കട്ടെ: അദ്ദേഹം ഇൻഡ്യയിൽ ഉള്ള “സുറിയാനി ഓർത്തഡോക്സ്‌ വിശ്വാസികളെ” ആണു അദ്ദേഹം സംബോധന ചെയ്യുന്നത്‌. പക്ഷെ പിതാവേ അങ്ങിനെ ഒരു സഭ ഇൻഡ്യയിൽ ഇല്ലല്ലോ; ഇവിടെ അങ്ങ്‌ ആരൂഢനായിരിക്കുന്ന അന്ത്യോഖ്യാ സിംഹാസനത്തിനു സമ്പൂർണ്ണമായി വിധേയപ്പെട്ടിരിക്കുന്നു എന്ന് അവകാശപ്പെടുന്ന സമൂഹം “യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ സഭ” എന്ന സഭയാണുള്ളതു. അപ്പോൾ ചോദ്യം അങ്ങ്‌ ആരെയാണു സംബോധന ചെയ്തത്‌?
വാൽക്കഷണം: ഈ കുറിപ്പ്‌ തുടങ്ങിയത്‌ സുവർണ്ണ ക്ഷേത്രത്തിലെ കാര്യം പറഞ്ഞുകൊണ്ടാണല്ലോ? സുവർണ്ണക്ഷേത്ര വിഷയത്തിന്റെ ആന്റി ക്ലൈമാക്സ്‌ അതിനു നേതൃത്വം നൽകിയ അന്നത്തെ പ്രധാന മന്ത്രിയെ കൊല ചെയ്തു എന്നതാണു. ഇനി ഈ സഭാപ്രശ്നത്തിന്റെ പരിസമാപ്തിയിൽ വിരളിപൂണ്ടവർ ആരെ എന്ത്‌ ചെയ്യാനാണാവോ പദ്ധതി ഇടുന്നത്‌? അവർക്കും സത്ബുദ്ധിക്കായി പ്രാർത്ഥിക്കുന്നു.