ചാലിശ്ശേരി പള്ളി: ഹർജി സുപ്രീം കോടതി തള്ളി


ന്യൂഡൽഹി ∙ തൃശൂർ ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് പള്ളിക്കേസിൽ യാക്കോബായ സഭ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് നവീൻ സിൻഹ എന്നിവരുടെ ബെഞ്ചാണ് കേസ് തള്ളിയത്. സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പാക്കേണ്ടതാണെന്ന് ബെഞ്ച് പരാമർശിച്ചു. കയ്യൂക്ക് ഉപയോഗിച്ച് വിധി അട്ടിമറിക്കാൻ ശ്രമിക്കരുത്.

മലങ്കര സഭയ്ക്കു കീഴിലെ എല്ലാ പള്ളികളും 1934 ലെ സഭാ ഭരണഘടന പ്രകാരം ഭരിക്കേണ്ടതാണെന്ന് സുപ്രീം കോടതി ഉത്തരവായിരുന്നു. പിറവം പള്ളിക്കേസിൽ വിധി പറഞ്ഞത് ജസ്റ്റിസ് അരുൺ മിശ്ര ആയിരുന്നു. കട്ടച്ചിറ പള്ളിക്കേസ് വാദം കേട്ട മൂന്നംഗ ബെഞ്ചിലെ അംഗമായിരുന്നു ജസ്റ്റിസ് സിൻഹ. സുപ്രീം കോടതിയിൽ ഓർത്തഡോക്സ് സഭയ്ക്കായി ചന്ദേർ ഉദയ്സിങ്, ഇ.എം. സദറുൽ അനം യാക്കോബായ സഭയ്ക്കു വേണ്ടി വി. ഗിരി, നിഷേ രാജൻ എന്നിവർ ഹാജരായി.