മഹാനായ ഗ്രിഗോറിയോസ് ബാര്‍ എബ്രായ / ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്

മദ്ധ്യശതകങ്ങലില്‍ സുറിയാനി സാഹിത്യത്തെ പോഷിപ്പിച്ച ഉത്കൃഷ്ടരായ പിതാക്കന്മാരില്‍ അഗ്രഗണ്യനായിരുന്നു 13-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗ്രീഗോറിയോസ് ബാര്‍ എബ്രായ എന്നു പറയുന്നതില്‍ തൊറ്റുണ്ടെന്നു തോന്നുന്നില്ല. സുറിയാനി സാഹിത്യത്തെയും, സഭയെ സമഗ്രമായും വളര്‍ത്തിയ പിതാക്കന്മാര്‍ ആ കാലഘട്ടത്തില്‍ അനേകരുണ്ടായിരുന്നു എങ്കിലും, ബാര്‍എബ്രായയുടെ അത്രയും, ജീവിതത്തിന്‍റെ സമസ്ഥമേഖലകളിലും പ്രാവീണ്യം നേടുകയും, വിവിധ വിഷയങ്ങളില്‍ പണ്ഡിതോചിതമായ കൃതികള്‍ രചിക്കുകയും ചെയ്തവര്‍ വേറെയുണ്ടെന്നു തോന്നുന്നില്ല. റവ. ഡോ. ജോണ്‍ പണിക്കര്‍ (പിന്നീട് യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് മെത്രാപ്പോലീത്ത) അദ്ദേഹത്തെക്കുറിച്ചെഴുതിയ ഒരുലഘു ഗ്രന്ധത്തിന്‍റെ തലക്കെട്ടില്‍തന്നെ ڇസുറിയാനി സഭയിലെ വിശ്വവിജ്ഞാനിڈ എന്ന് ആ പിതാവിനെ വിളിച്ചിരിക്കുന്നത് തികച്ചും അവസരോചിതമാണെന്നതിന് രണ്ടുപക്ഷമില്ല.

ബാര്‍ എബ്രായ എന്ന പേരിനുതന്നെ രണ്ടു വ്യാഖ്യാനങ്ങള്‍ പണ്ഡിതന്മാര്‍ നല്‍കുന്നുണ്ട്. അദ്ദേഹത്തിന്‍റെ പിതാവ് അഹറോന്‍ യഹൂദമതത്തില്‍ നിന്നും ക്രിസ്ത്യാനി ആയിതീര്‍ന്ന ആളായിരുന്നതിനാല്‍ എബ്രായന്‍റെ (യഹൂദന്‍റെ) മകന്‍ എന്ന അര്‍ത്ഥത്തില്‍ ബാര്‍ എബ്രായ എന്ന് വിളിക്കപ്പെട്ടു എന്നതാണ് ആദ്യത്തെ വ്യാഖ്യാനം. ڇഎബ്രڈ എന്ന സുറിയാനി വാക്കിന്‍റെ അര്‍ത്ഥം തീരം, കടവ്, എന്നെല്ലാമാണ്. അദ്ദേഹത്തിന്‍റെ അമ്മ യൂഫ്രട്ടീസ് നദീ തീരത്തുവച്ചാണ് അദ്ദേഹത്തെ പ്രസവിച്ചതെന്നും, അതിനാല്‍ കടവിന്‍റെ പുത്രന്‍ എന്ന അര്‍ത്ഥത്തില്‍ ബാര്‍ എബ്രായ എന്നു വിളിക്കപ്പെട്ടു എന്നതാണ് രണ്ടാമത്തെ വ്യാഖ്യാനം. എ. ഡി. 1226 ല്‍, ആധുനിക തുര്‍ക്കിയിലെ എലസിഗ് പ്രവിശ്യയിലെ, മലാത്യയിലാണ് ജനനം. യോഹന്നാന്‍ എന്നായിരുന്നു ആദ്യത്തെ പേര്. മേല്‍പ്പട്ട സ്ഥാനം സ്വീകരിച്ചപ്പോള്‍ ഗ്രീഗോറിയോസ് എന്ന പേരു ലഭിച്ചു. ڇഎല്ലാവരെയും സന്തോഷിപ്പിക്കുന്നവന്‍ڈ എന്നര്‍ത്ഥമുള്ള അബ്ബുള്‍ ഫാറാജ് എന്നൊരു അറബി നാമം കൂടി അദ്ദേഹത്തിനുണ്ട്.

സുറിയാനി, അറബി ഭാഷകള്‍ ആദ്യം തന്നെ അദ്ദേഹം വശമാക്കിയിരുന്നു. അക്കൂട്ടത്തില്‍ ഹീബ്രുവിലും, ഗ്രീക്കിലും പ്രാവീണ്യം നേടി. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ അന്ത്യോഖ്യയിലേക്ക് കുടുംബം മുഴുവനും കുടിയേറി പാര്‍ക്കേണ്ട സാഹചര്യമുണ്ടായി. അതിനാല്‍ അദ്ദേഹത്തിന്‍റെ തുടര്‍ വിദ്യാഭ്യാസം അന്ത്യോഖ്യയിലാണ് നടന്നത്. 17-ാം വയസില്‍ സന്യാസം സ്വീകരിച്ച് ഏതാനും കാലം ഒരു ഗുഹയില്‍ ഏകാന്തവാസം അനുഷ്ടിച്ചു. 1246ല്‍ തന്‍റെ 20-ാം വയസില്‍ അന്ത്യോഖ്യ പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് രണ്ടാമന്‍ അദ്ദേഹത്തെ മേല്പ്പട്ടക്കാരനായി വഴിച്ചു.

സഭാഭരണം

ബാര്‍ എബ്രായയുടെ ആദ്യകാല സഭാഭരണം സമാധാനപൂര്‍ണ്ണമായിരുന്നില്ല. കലഹങ്ങളുടെ നടുവില്‍ക്കൂടി കടന്നു പോകേണ്ട അവസരങ്ങളും, സ്ഥാനഭൃഷ്ടനാക്കപ്പെട്ട് സ്വന്തഭവനത്തിലും, ദയറായിലുമെല്ലാം വസിക്കേണ്ട സാഹചര്യങ്ങളും അദ്ദേഹത്തിനുണ്ടായിട്ടുണ്ട്. എന്നാല്‍ 1264 ല്‍ കിഴക്കിന്‍റെ മഫ്രിയാനാ ആയി നിയമിതനായതോടെ തന്‍റെ കാലം തെളിയുകയായിരുന്നു. അന്ത്യോഖ്യ പാത്രിയര്‍ക്കീസിന്‍റെ അദ്ധ്യക്ഷതയില്‍ സെലൂഷ്യയിലെ സിസില്‍ വച്ചാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടതും, വാഴിക്കപ്പെട്ടതും.
മോസൂളിലെ മാര്‍ മത്തായിയുടെ ദയറാ ആസ്ഥാനമാക്കി അദ്ദേഹം പ്രവര്‍ത്തനം ആരംഭിച്ചു. പ്രശസ്തനായ ഒരു ഭരണകര്‍ത്താവ് എന്ന നിലയിലേക്ക് അദ്ദേഹത്തിന്‍റെ ഖ്യാതി ഉയര്‍ന്നത് ഈ കാലത്താണ്. അന്ത്യോഖ്യന്‍ സുറിയാനി സഭയുടെ ആജന്മ ശത്രുക്കള്‍ എന്നു വിശേഷിപ്പിക്കപ്പെടാവുന്ന, നെസ്തോറിയന്‍ സഭയിലെ നേതാക്കാളുമായിപ്പോലും സൗഹൃദം സ്ഥാപിക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചു. ഭരണമേറ്റ കാലത്തെ നെസ്തോറിയന്‍ പാത്രിയര്‍ക്കീസ് മക്കീക്കാ അദ്ദേഹത്തെ സ്വന്തം അരമനയില്‍ ക്ഷണിച്ചുവരുത്തി ഉജ്വലമായ സ്വീകരണം നല്‍കിയതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. പിന്നീടു വന്ന നെസ്തോറിയന്‍ പാത്രിയര്‍ക്കീസുമാരെയും അദ്ദേഹത്തിന്‍റെ സ്നേഹിതന്മാരാക്കിത്തീര്‍ക്കുവാന്‍പോന്ന ഇടപെടല്‍ ശൈലി അദ്ദേഹത്തെ പ്രസിദ്ധനാക്കി.

7-ാം നൂറ്റാണ്ടില്‍ അന്ത്യോഖ്യ പാത്രിയര്‍ക്കീസായിരുന്ന മാര്‍ അത്താനാസ്യോസ് ഗാമോലോയോയുടെ ശ്രമഫലമായി സ്ഥാപിക്കപ്പെട്ട മഫ്രിയാനേറ്റ് അതിന്‍റെ വളര്‍ച്ചയുടെ ഉത്തുഗശ്രംഗത്തിലെത്തിയ കാലഘട്ടമായിരുന്നു ബാര്‍ എബ്രായയുടെത്ീ. ധാരാളം ഭദ്രാസനങ്ങളും, പള്ളികളും എല്ലാം അദ്ദേഹത്തിന്‍റെ ഭരണസീമയിലുണ്ടായിരുന്നു. പുതിയവ പണിയുകയും, പഴയവ പുതുക്കിപ്പണിയുകയും എല്ലാം ചെയ്തു. സദാ കര്‍മ്മനിരതനായിരുന്നു ആ പിതാവ്. ഭരണകാര്യങ്ങളില്‍ മാത്രമല്ല, താന്‍ ജീവിച്ചിരുന്നപൊതു സമൂഹത്തിന്‍റെ നന്മയ്ക്കുവേണ്ടിയും ധാരാളം പ്രവൃത്തിച്ചിരുന്നു. മതത്തിന്‍റെ പേരില്‍ കലഹങ്ങളും പീഡനങ്ങളും അരങ്ങേറിക്കൊണ്ടിരുന്ന മദ്ധ്യപൂര്‍വ്വ ദേശത്തെ സാഹചര്യങ്ങളില്‍, ജാതിമതഭേദമെന്യേ, ആവശ്യക്കാനെ സഹായിക്കാനുള്ള പദ്ധതികളെല്ലാം ആസൂത്രണം ചെയ്യുന്നതില്‍ അതീവ തത്പ്പരനായിരുന്നു കഥാപുരുഷന്‍.
1286 ല്‍ തന്‍റെ അറുപതാമത്തെ വയസില്‍ ആ ഓട്ടം നിലച്ചു. ജൂലൈ 30 ആണ് അദ്ദേഹത്തിന്‍റെ ഓര്‍മ്മദിനം. 60 വയസിനിടയില്‍ വളരെ സംഭാവനകള്‍ സഭയ്ക്കും സമൂഹത്തിനും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിനു ശേഷം ഇത്രയും മഹാനായ ഒരു സാഹിത്യകാരനെ സുറിയാനി ഭാഷയ്ക്ക് ലഭിച്ചിട്ടില്ല.

സംഭാവനകള്‍

അദ്ദേഹത്തിന്‍റെ കൃതികളുടെ വൈവിദ്ധ്യം ആരെയും അതിശയിപ്പിക്കുന്നതാണ്. വേദശാത്രം, വ്യാകരണം, തത്വശാസ്ത്രം, സഭാചരിത്രം, കാനോനാകള്‍ മുതലായ ശാഖകള്‍ കൂടാതെ ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം മുതലായ മേഖലകളിലും ശോഭിക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നു. വിവിധ ഭാഷകളിലുള്ള ജ്ഞാനം പരന്ന വായനക്ക് സഹായകമായിത്തീര്‍ന്നു. അവ്സര്‍ റോസേ (രഹസ്യങ്ങലുടെ കലവറ) എന്ന വേദപുസ്തകവ്യാഖ്യാനം; മ്നാറെത് കുദ്ശേ (വിശുദ്ധിയുടെ തിരിക്കാലുകള്‍); ഈത്തിക്കോന്‍ (ധര്‍മ്മ ശാസ്ത്രം) സല്‍ഗേ (കിരണങ്ങള്‍); യവ്നോ (പ്രാവ് – ആത്മീക ജീവിതം സംബന്ധിച്ച്) മുതലായ വേദശാസ്ത്ര ഗ്രന്ഥങ്ങള്‍ സുപ്രസിദ്ധങ്ങളാണ്. മലങ്കര സഭ അതിന്‍റെ ഔദ്യോഗിക കാനോന്‍ ആയി സ്വീകരിച്ചിരിക്കുന്ന ഹൂദായ കാനോന്‍, ബാര്‍ എബ്രായയുടെ തൂലികയില്‍ നിന്നും ഉതിര്‍ന്ന ഒരു രചനയാണ്. സുറിയാനി ആരാധനാക്രമങ്ങളുടെ ഇന്നത്തെ വിധത്തിലുള്ള രൂപീകരണത്തിന് ആ പിതാവ് ഒരു മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. അതി ദീര്‍ഘമായ വി. യാക്കോബിന്‍റെ അനാഫോറാ ഇന്നു സഭയില്‍ ഉപയോഗിക്കുന്ന വിധത്തില്‍ ചുരുക്കിയെഴുതിയത് ബാര്‍ എബ്രായ ആണ്. വി. മാമോദീസ ക്രമവും അദ്ദേഹം ലഘൂകരിച്ചു. കൂടാതെ അനേകം കൂദാശാ വ്യാഖ്യാനങ്ങള്‍ രചിച്ചിട്ടുമുണ്ട്. സുറിയാനി ഭഷായുടെ ഏറ്റവും ഉന്നതമായ വ്യാകരണ ഗ്രന്ഥം രചിച്ചിട്ടുള്ളത് ഈ പിതാവാണ്. സെംഹേ (കിരണങ്ങള്‍) എന്നു പേരുള്ള ഈ പുസ്തകത്തിന്‍റെ പദ്യരൂപവും ഗദ്യ രൂപവുമുണ്ട്. രണ്ടു ഭാഗങ്ങളിലായി എഴുതപ്പെട്ടിട്ടുള്ള ചരിത്രഗ്രന്ഥവും പ്രസിദ്ധമാണ്. ആദ്യഭാഗം ലോകചരിത്രമാണെങ്കില്‍ രണ്ടാം ഭാഗം സഭാചരിത്രമാണ്. സഭാചരിത്രത്തിനുതന്നെ രണ്ടു ഉപവിഭാഗങ്ങളുണ്ട്. ആദ്യത്തെത് പാത്രിയര്‍ക്കേറ്റിന്‍റെ ചരിത്രവും രണ്ടാമത്തെത് പൗരസ്ത്യ കാതോലിക്കേറ്റിന്‍റെതുമാണ്.

മതപരമല്ലാത്ത മറ്റനേകം കൃതികളും രചിക്കുവാന്‍ തക്ക പ്രാവീണ്യം അദ്ദേഹത്തിനുണ്ടായിരുന്നു എന്നതാണ് ബാര്‍ എബ്രായയുടെ മഹിമ. അദ്ദേഹത്തിന്‍റെ പിതാവ് ഒരു വൈദ്യനായിരുന്നു. പിതാവില്‍നിന്ന് ഈ തൊഴില്‍ വശമാക്കിയതു കൂടാതെ, യാക്കോബ് എന്നുപേരുള്ള ഒരു നെസ്തോറിയന്‍ ഗുരുവില്‍ നിന്നും വൈദ്യശാസ്ത്രം അഭ്യസിച്ചു എന്നാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വൈദ്യശാത്രം അഭ്യസിക്കുക മാത്രമല്ല അതില്‍ ഗ്രന്ഥം രചിക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു. തര്‍ക്കശാത്രത്തില്‍ ബോബോത്തോ എന്നൊരു ഗ്രന്ഥവും, തത്ത്വശാസ്ത്രത്തില്‍ ഹേവത് ഹേക്കംത്തോ എന്ന പേരില്‍ ഒരെണ്ണവും അദ്ദേഹം എഴുതിയിട്ടുണ്ട്. കൂടാതെ ജ്യോതി ശാസ്ത്രത്തിലും, ഗണിതശാസ്ത്രത്തിലും, മനശാസ്ത്രത്തിലും എല്ലാം കൃതികള്‍ രചിച്ച ഈ മഹാന്‍ ഒരു ഹാസ്യ പുസ്തകവും എഴുതിയിട്ടുണ്ട്.

അദ്ദേഹത്തിന്‍റെ കൃതികളില്‍ ചിലതുമാത്രമേ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ളു. ഇംഗ്ലീഷിലേക്കും മറ്റു ലോകഭാഷകളിലേക്കും തര്‍ജിമചെയ്യപ്പെട്ടിട്ടുള്ളവയും ഉണ്ട്. എന്നാല്‍ നല്ലൊരു ഭാഗം, പ്രസിദ്ധീകരിക്കപ്പെടാതെ ഇന്നും കൈയെഴുത്തു രൂപത്തില്‍ അവശേഷിക്കുന്നു. അദ്ദേഹത്തിന്‍റെ പ്രധാനപ്പെട്ട വേദശാസ്ത്ര കൃതികളുടെയെല്ലാം കൈയെഴുത്തു പ്രതികള്‍ ഈ ലേഖകന്‍റെ ഉടമസ്ഥതയിലുള്ള പാമ്പാക്കുട കോനാട്ട് ഗ്രന്ഥശേഖരത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഇവിടെയുള്ള ഹൂദായകാനോന്‍റെ കൈയെഴുത്തുപ്രതി അദ്ദേഹത്തിന്‍റെ മരണശേഷം 20 വര്‍ഷത്തിനുള്ളില്‍ പകര്‍ത്തപ്പെട്ടതാണ്. ആ പുസ്തകത്തിന്‍റെതായി നിലവിലുള്ള ലോകത്തിലെ ഏറ്റവും പുരാതനമായ പ്രതിയാണത്.

പേര്‍ഷ്യയിലെ മഫ്രിയാനേറ്റിന്‍റെ ഏതാണ്ട് അന്ത്യകാലത്താണ് ബാര്‍ എബ്രായ ഭരിച്ചിരുന്നത്. അദ്ദേഹത്തിനുശേഷം അധികാരത്തില്‍ വന്നവര്‍ ഒട്ടും തന്നെ ശക്തന്മാരായിരുന്നില്ല. ഇസ്ലാം കൂടുതല്‍ ശക്തി പ്രാപിച്ചതോടെ ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുവാനും തുടങ്ങി. ആ സഭ ക്രമേണ ക്ഷയിച്ച് അപ്രത്യക്ഷമാവുകതന്നെ ചെയ്തു. പില്‍ക്കാലത്ത് മഫ്രിയാനാ എന്നത് അന്ത്യോഖ്യ പാത്രിയര്‍ക്കീസ് തനിക്ക് ഇഷ്ടമുള്ളവര്‍ക്കു നല്‍കുന്ന ഒരു സ്ഥാനപ്പേര് മാത്രമായി അധപ്പതിച്ചു. ഇഹലോകവാസം വെടിഞ്ഞിട്ട് 730 വര്‍ഷങ്ങള്‍ക്കുശേഷവും സുറിയാനിക്കാരുടെയും, ഇതര ക്രൈസ്തവരുടെയും ഓര്‍മ്മയില്‍ മായാതെ നില്‍ക്കുന്ന ഒരു പേരാണ് ബാര്‍ എബ്രായയുടെത്.