നീതി നിഷേധം തുടർന്നാൽ നിലപാട് മുഖം നോക്കാതെ: പ. കാതോലിക്കാ ബാവാ

കോട്ടയം∙ സഭ ഒരു രാഷ്ട്രീയ പാർട്ടിയുടെയും അടിമയല്ലെന്നും നീതി നിഷേധം തുടർന്നാൽ സർക്കാരിനെതിരെ മുഖംനോക്കാതെ നിലപാടു സ്വീകരിക്കാൻ സഭ നിർബന്ധിതമാകുമെന്നും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. മലങ്കര സഭാ മാനേജിങ് കമ്മിറ്റി യോഗത്തിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

പൗരാണിക ഭാരതസഭ എന്ന തനിമ നിലനിർത്തിക്കൊണ്ടു തന്നെ സുപ്രീം കോടതിയുടെ വിധി അനുസരിച്ചും സഭാ ഭരണഘടനയുടെ അടിസ്ഥാനത്തിലും സഭയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുമ്പോൾ അതിനു വിരുദ്ധമായ നീക്കങ്ങൾക്ക് ആരും ശ്രമിക്കരുത്. ചില വൈദികരുടെ പേരിലുള്ള ആരോപണങ്ങളിൽ കുറ്റക്കാരെന്നു തെളിയുന്നവർക്ക് ഉചിതമായ ശിക്ഷ ലഭിക്കണമെന്നും നിരപരാധികൾ ശിക്ഷിക്കപ്പെടരുതെന്നുമാണ് ആദ്യംമുതലുള്ള സഭയുടെ നിലപാട്. അതിൽ മാറ്റമില്ല. എന്നാൽ ഈ കാര്യത്തിൽ ചിലർ വൈദികരെ ഒന്നടങ്കം പഴിചാരുന്നതും കുമ്പസാരം പോലെയുള്ള വിശുദ്ധ കൂദാശകളെ അവഹേളിക്കുന്നതിനുള്ള അവസരമായി ഉപയോഗിക്കുന്നതും നല്ല ഉദ്ദേശ്യത്തോടെയല്ല ചെയ്യുന്നത്–കാതോലിക്കാ ബാവാ പറഞ്ഞു.

കോടതിവിധികൾ നടപ്പാക്കുന്നതിനു വൈഷമ്യം കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കോടതി അലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകണമെന്നും യോഗം തീരുമാനിച്ചു.

യാക്കോബ് മാർ ഏലിയാസ് നയിച്ച ധ്യാനത്തോടെയാണു യോഗം ആരംഭിച്ചത്. അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ അവതരിപ്പിച്ച സമുദായ വരവുചെലവു കണക്കും ഓഡിറ്റ് റിപ്പോർട്ടും അംഗീകരിച്ചു.

റഷ്യൻ ഓർത്തഡോക്സ് സഭയുടെ പരമോന്നത ബഹുമതിയായ സെർജി റഡോനേഷ് നേടിയ റോയി ഇന്റർനാഷണൽ ചിൽഡ്രൻസ് ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ.ചെറിയാൻ ഈപ്പനെ അനുമോദിച്ചു. കേന്ദ്ര ഗവൺമെന്റിന്റെ നാരീശക്തി പുരസ്‌കാരം നേടിയ ഡോ.എം.എസ്.സുനിൽ, വൈഎംസിഎ സംസ്ഥാന ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട സന്തോഷ് ബേബി, രാജൻ ജോർജ് പണിക്കർ, ടി.സി.ബാബുക്കുട്ടി, കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ശാസ്‌ത്രജ്‌ഞർക്കുള്ള പുരസ്‌കാരങ്ങൾ നേടിയ ഡോ.ഏബ്രഹാം വർഗീസ്, ഡോ.മനു കുരുവിള, ഐസിഎസ്ഇ 12–ാം ക്ലാസ് പരീക്ഷയിൽ ദേശീയ തലത്തിൽ ഒന്നാം സ്ഥാനം നേടിയ മുംബൈ ഭദ്രാസനത്തിലെ സെന്റ് മേരീസ് സ്‌കൂൾ വിദ്യാർഥി സ്വയംദാസ് എന്നിവരെയും അനുമോദിച്ചു. മുൻ മാനേജിങ് കമ്മിറ്റി അംഗങ്ങളായ പ്രഫ.വി.ഐ.ജോസഫ്, പി.പി.മാത്യു എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ചു. സഭയുടെ ഓഡിറ്ററായി വർഗീസ് പോളിനെ നിയോഗിച്ചു.

സുന്നഹദോസ് നാളെ സമാപിക്കും.