116. ചെറിയപള്ളി ഇടവകയില്‍ ചേര്‍ന്നതില്‍ ചന്തയില്‍ പാര്‍ക്കുന്ന ചില ആളുകള്‍ക്കു ഈ വല്യപള്ളിയില്‍ മേടമാസം 24-നു കഴിച്ചുവരുന്ന ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളിനു മറുതലയായി ആ ദിവസം തന്നെ ഒരു പെരുന്നാള്‍ കഴിക്കണമെന്നു നിശ്ചയിച്ചു തുടങ്ങുകയാല്‍ ആ സംഗതിക്കു മെത്രാപ്പോലീത്തായ്ക്കു എഴുതി കൊടുത്തയച്ചതിനു പകര്‍പ്പ്.
വല്യപള്ളിയില്‍ വികാരിയും കൈക്കാരും കൂടെ എഴുതി ബോധിപ്പിക്കുന്നത്.
പോയാണ്ട് മേടമാസത്തില്‍ വസന്തദീനത്തിന്‍റെ കലശല്‍ കൊണ്ടു ഒരു വസന്ത പെരുനാള്‍ കഴിക്കുന്ന വകയ്ക്കു അനുവദിക്കണമെന്നും തിരുമനസ്സുകൊണ്ടു മുളന്തുരുത്തി പള്ളിയില്‍ ഇരിക്കുമ്പോള്‍ ചെറിയപള്ളിക്കാര്‍ എഴുതി ബോധിപ്പിച്ചാറെ ആ മാസത്തില്‍ ഈ പള്ളിയില്‍ ഒരു പെരുന്നാള്‍ ആഘോഷിച്ചുവരുന്ന വിവരം കല്‍പിച്ചു അറിഞ്ഞിട്ടില്ലാത്തതിനാല്‍ ആയാണ്ടില്‍ ഒരു വസന്ത പെരുനാള്‍ കഴിച്ചുകൊള്ളുന്നതിനു അനുവദിക്കയും അതിനാല്‍ ശുദ്ധമാന പള്ളിയുടെ നീതിക്കും ചട്ടത്തിനും കീഴ്മര്യാദയ്ക്കും വിരോധമായി ഭദ്രകാളി ക്ഷേത്രങ്ങളില്‍ മറുതല തൂക്കം കഴിച്ചുവരുന്നവിധം ദിവസമാറ്റം എങ്കിലും ചെയ്യാതെ തമ്പുരാനെ പെറ്റമ്മയുടെ ഈ പള്ളിയില്‍ മേടമാസം 24-നു കഴിച്ചുവരുന്ന പെരുനാളിനു മറുതല പെരുനാളായി ആ ദിവസം തന്നെ തമ്പുരാനെ പെറ്റമ്മയുടെ നാമത്തിലുള്ള ചെറിയപള്ളിയില്‍ മറുതല പെരുനാള്‍ കഴിക്കയും വാദ്യഘോഷത്തോടുകൂടെ പള്ളിപ്രദക്ഷിണം കഴിക്കയും ചെയ്തിരിക്കുന്ന വിവരം തിരുമനസറിയിച്ചിട്ടുള്ളതല്ലോ ആകുന്നു. ഇന്നേ ദിവസം പകല്‍ 12 മണി കഴിഞ്ഞതിന്‍റെ ശേഷം പല മേല്‍പട്ടക്കാര്‍ ഒരുമിച്ചു പള്ളിയില്‍ എത്തിയാല്‍ വേണ്ടുന്ന ക്രമത്തില്‍ അധികമായിട്ടു ചെറിയപള്ളിയില്‍ കൂട്ടമണി, വെടി വാദ്യങ്ങള്‍ തകര്‍ക്കയാല്‍ ആയതു എന്തൊരു കാരണമെന്നും തിരക്കിയാറെ ഈയാണ്ടിലും മറുതല പെരുനാള്‍ കഴിക്കുന്ന വകയ്ക്കു കൊടി ഏറ്റുന്നതിനു ഒരു വരട്ടു കപ്ലങ്ങ മണി, വാദ്യഘോഷത്തോടു കൂടെ കൊണ്ടുവരികയത്രെ ചെയ്തു എന്നു കേള്‍ക്കയും ചെയ്തു. പള്ളി എന്തിനു ആകുന്നുയെന്നും മണി തൂക്കിയിരിക്കുന്നത് എന്തിനു ആകുന്നുയെന്നും ഏതെല്ലാം സമയത്ത് മണി അടിക്കേണ്ടതാകുന്നു എന്നും അറിവാന്‍ പ്രാപ്തിയില്ലാതെ വരണ്ട കവുങ്ങ് കൊണ്ടുവരുമ്പോഴും കാട്ടുപന്നിയെ വെടിവച്ചു കൊണ്ടുവരുമ്പോഴും മറ്റും മണി അടിക്കുന്ന അവസ്ഥ കൊണ്ടു വിചാരിച്ചാറെ ഇവരു മറുതല പെരുനാള്‍ കഴിക്കുന്നതില്‍ അത്ഭുതപ്പെടുവാന്‍ ഇല്ലെന്നു സ്ഥിരം വന്നിരിക്കുന്നു. അതിനാല്‍ കുംഭമാസം 8-നു ചെറിയപള്ളിയില്‍ കഴിച്ചുവരുന്ന നെസ്തോര്‍ അവുപ്പന്‍റെ ചാത്തത്തിനു മറുതലയായി അറിയോസ് മൂപ്പന്‍റെ ചാത്തം കഴിക്കണമെന്നു വിചാരിച്ചാറെ ശുദ്ധമാന പള്ളിയില്‍ കാണിക്കുന്ന വികൃതിക്കു പകരം വികൃതികള്‍ കാണിക്കുന്നത് യുക്തമല്ലെന്നും നിരൂപിച്ചു വേണ്ടായെന്നു വെയ്ക്കയും ചെയ്തു. മുന്‍ ഒരാണ്ടില്‍ അന്നു ചെറിയപള്ളിയില്‍ ഉണ്ടായിരുന്ന ആളുകള്‍ മേടമാസം 24-നു കീഴ്മര്യാദയ്ക്കും ചട്ടത്തിനും വിരോധമായി ഒരു മറുതല പെരുനാള്‍ കഴിക്കയാല്‍ അന്നു ഞങ്ങളുടെ കാരണവന്മാര്‍ കോയ്മയില്‍ ബോധിപ്പിച്ചു ചെറിയപള്ളിയില്‍ കൈക്കാരന്മാര്‍ മുതലായവരെ വരുത്തി അതു വീണ പെരുന്നാളാകുന്നു എന്ന് നിശ്ചയിച്ചു പിഴയേറ്റു എഴുതി വെപ്പിച്ചു 326 പണം പ്രായശ്ചിത്തവും കെട്ടി വെയ്പിച്ചു മേലാല്‍ ഗബറിയേല്‍ മെത്രാപ്പോലീത്തായുടെ ചാത്തവും അമ്പതു നോമ്പ് വീടലും ഒഴികെ മേട മാസം 24-നു വാദ്യഘോഷത്തോടു കൂടെ യാതൊരു പെരുനാളും കഴിച്ചു കൂടായെന്നും മറ്റും ചട്ടം വച്ചു ഉടമ്പടി ചെയ്ത് അപ്രകാരം പിന്നെയും ഏറിയകാലമായിട്ടു ഇന്നുവരെ നടന്നുവരുമ്പോള്‍ ആയതിനു വിരോധമായി ഇന്നു ചെറിയപള്ളിയില്‍ ഉള്ള ആളുകള്‍ മറുതല പെരുനാള്‍ കഴിപ്പാന്‍ തുടങ്ങിയിരിക്കുന്നതാകുന്നു. ദാഹമുള്ള മക്കള്‍ തന്‍റെ മാതാവിന്‍റെ മുലപ്പാല്‍ വന്നു കുടിച്ചു പ്രാണനെ രക്ഷിപ്പാന്‍ വേണ്ടി വാത്സല്യമക്കളെ മാതാവ് വിളിക്കുന്നപ്രകാരം മാതാവായ ശുദ്ധമാന പള്ളിയില്‍ അതിന്‍റെ മക്കള്‍ വന്നു ശുദ്ധമുള്ള രഹസ്യങ്ങളിലും മറ്റും സംബന്ധിച്ചു ആത്മത്തെ രക്ഷിപ്പാനായികൊണ്ടു വിളിക്കുന്ന മാതാവായ ശുദ്ധമാന പള്ളിയുടെ വിളിയാകുന്ന മണിഅടിപ്പിനെ കലഹ തമ്പേറായി വരട്ടു കവുങ്ങുകൊണ്ട് വരുമ്പോഴും മറ്റും അനാവശ്യ സമയങ്ങളിലും സമീപെയുള്ള ഈ ചെറിയപള്ളിയില്‍ മണി അടിക്കുന്നത് മറുതല പെരുനാളിനേക്കാള്‍ ഒന്നുകൂടെ വഷളായിട്ടുള്ളതാകകൊണ്ട് അതില്‍ ഏറ്റവും ലജ്ജ തോന്നുന്നു. അതിനാല്‍ തിരുമനസുണ്ടായിട്ടു പള്ളിയും മണിയും പട്ടക്കാരും ഇന്നവകയ്ക്കാകുന്നുയെന്നും ചെറിയപള്ളിയിലുള്ള കത്തനാരച്ചന്മാരു മുതലായവരു പഠിപ്പാന്‍ ഇടവരുത്തുകയും കീഴ്മര്യാദയ്ക്കും ചട്ടത്തിനും വിരോധമായി വീണപെരുനാള്‍ തുടങ്ങുവാന്‍ എന്തെന്നും മുന്‍ ഒരാണ്ടില്‍ ഇപ്രകാരം തുടങ്ങിയാറെ നടപ്പില്ലാതെ തീരുവാന്‍ കാരണം എന്തെന്നും കല്‍പിച്ചു ചോദിക്കയും ചെയ്ത് ഇപ്രകാരമുള്ള വികൃതികള്‍ ചെയ്യാതെയിരിപ്പാന്‍ തക്കവണ്ണം ചട്ടം കെട്ടി ആ വിവരത്തിനു മുന്‍ ഇപ്രകാരമുള്ള മറുതലപെരുന്നാള്‍ തുടങ്ങിയാറെ കോയ്മയില്‍ ബോധിപ്പിച്ചു നില വരുത്തിയിരിക്കുന്നപ്രകാരം ഇപ്പോഴും ബോധിപ്പിച്ചു നില വരുത്തണമെന്നു നിശ്ചയിച്ചിരിക്കകൊണ്ടു ആയതിനും വേണ്ടുന്ന കല്‍പനകള്‍ കൊടുത്തയപ്പാറാകണമെന്നും അപേക്ഷിക്കുന്നു.
1020 മാണ്ട് മേട മാസം 18-നു.
(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)