ദര്‍ശനമുളള യുവത്വം നന്മയുളള സമൂഹ നിര്‍മ്മിതിക്ക് ആവശ്യം: ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ്

റാന്നി: ദര്‍ശനമുളള യുവത്വം നന്മയുളള സമൂഹ നിര്‍മ്മിതിക്ക് ആവശ്യമെന്ന് നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത. നേതാക്കള്‍ മുമ്പേ നടക്കേണ്ടവര്‍ മാത്രമല്ല, പിമ്പില്‍ നിന്ന് അനേകരെ സമൂഹത്തിന്‍റെ മുന്‍ നിരയിലേക്ക് കൊണ്ടുവരേണ്ടതുമുണ്ട്. യുവാക്കള്‍ അവര്‍ക്ക് ലഭിക്കുന്ന അവസരങ്ങളെ വ്യക്തികള്‍ക്കും സമൂഹത്തിനും ഗുണപ്രദമാക്കണം. വ്യത്യസ്ത വീക്ഷണവും അനുഭവവുമുളളവരാണ് നാം. വ്യത്യസ്തതകളെ ഒരുമിച്ച് നിര്‍ത്തുമ്പോഴാണ് വളര്‍ച്ച സാധ്യമാകുന്നത്. ഭദ്രാസന യുവജനപ്രസ്ഥാനത്തിന്‍റെയും സ്റ്റുഡന്‍റ് ക്രിസ്ത്യന്‍ മൂവ്മെന്‍റിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ റാന്നി, സെന്‍റ് തോമസ് അരമനയില്‍ നടന്ന ദ്വിദിന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭദ്രാസന യുവജനപ്രസ്ഥാനം വൈസ്പ്രസിഡന്‍റ് ഫാ.യൂഹാനോന്‍ ജോണ്‍ അദ്ധ്യക്ഷത വഹിച്ചു.

സ്റ്റുഡന്‍റ് ക്രിസ്ത്യന്‍ മൂവ്മെന്‍റ് കേരള റീജിയന്‍ ചെയര്‍പേഴ്സണ്‍ ഓമന മാത്യു മുഖ്യപ്രഭാഷണം നടത്തി. പുതിയ സാധ്യതകളെ ആരായുന്ന മൂല്യാധിഷ്ഠിത യുവനേതൃത്വമാണ് ഇന്ന് അനിവാര്യമായിരിക്കുന്നത്. നീതിയും തുല്യത യുമുളള വിവേചന രഹിതമായ സമൂഹമാണ് ദൈവരാജ്യദര്‍ശനത്തിന്‍റെ അടിസ്ഥാനം. വാക്കുകള്‍ കൊണ്ട് മറ്റുളളവരെ തളിര്‍ക്കാന്‍ പ്രേരണ നല്‍കുന്നവരാകണം നേതാക്കളെന്ന് അവര്‍ പറഞ്ഞു. ക്രിസ്തീയ ദര്‍ശനത്തില്‍ വേരൂന്നിയ യുവനേതൃത്വം എന്നതാണ് ക്യാമ്പിന്‍റെ ചിന്താവിഷയം. ഭദ്രാസന സെക്രട്ടറി ഫാ.ഇടിക്കുള എം.ചാണ്ടി, യുവജനപ്രസ്ഥാനം ഭദ്രാസന ജനറല്‍ സെക്രട്ടറി അനു വടശ്ശേരിക്കര, ജോയിന്‍റ് സെക്രട്ടറി മിന്‍റാ മറിയം വര്‍ഗീസ്, എസ്.സി.എം പ്രോഗ്രാം സെക്രട്ടറി ലവിന്‍ ചെറിയാന്‍, ഡീക്കന്‍ ഫിലിപ്പോസ് തോമസ്, ആഷ്ന അന്ന വര്‍ഗീസ്, റ്റിറ്റി അന്നമ്മ എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.