വി. മൂറോന്‍ / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

ആദിമസഭയില്‍ ക്രിസ്ത്യാനികള്‍ എന്ന പേര് ആദ്യമായി ഉണ്ടായത് അന്ത്യോക്യായില്‍ വച്ചാണല്ലോ. ക്രിസമുള്ളവര്‍ അതായത് അഭിഷേകം പ്രാപിച്ചിട്ടുള്ളവര്‍ ആകയാലാണു ക്രിസ്ത്യാനികള്‍ എന്നു വിളിക്കപ്പെട്ടിരിക്കുന്നത് എന്ന് ക്രി. 150-ല്‍ ജിവിച്ചിരുന്ന അന്ത്യോക്യായുടെ മാര്‍ തേയോപ്പീലോസ് പാത്രിയര്‍ക്കീസ് പ്രസ്താവിച്ചിട്ടുണ്ട്. ക്രിസം, മൂറോന്‍ എന്ന വാക്കിന്‍റെ മറ്റൊരു രൂപമാണ്. ഏറ്റം പ്രശസ്തന്മാരായ പ്രോട്ടസ്റ്റന്‍റു പണ്ഡിതന്മാര്‍ പറയുന്നത് കര്‍ത്താവിന്‍റെ കാലംമുതല്‍ 16-ാം നൂറ്റാണ്ടുവരെ മൂറോനഭിഷേകം സഭയില്‍ സാര്‍വ്വത്രികമായി നിലവിലിരുന്നു എന്നാണ്.

പാശ്ചാത്യസഭകള്‍ക്കും മൂറോന്‍ ഉണ്ട്. മാമോദീസ്സായ്ക്കു മൂറോന്‍ വേണമെന്നാണു പാശ്ചാത്യ വേദശാസ്ത്രപണ്ഡിതന്മാരുടെ അഭിപ്രായം. പാശ്ചാത്യസഭയില്‍ മാമോദീസ്സാ മുങ്ങുന്ന ആളിന്‍റെ (ശിശുവിന്‍റെ) തലയിലും സ്ഥിരീകരണ (ഇീിളശൃാമശേീില്‍) ത്തില്‍ നെറ്റിയിലും പുരോഹിത പട്ടമേല്‍ക്കുമ്പോള്‍ കൈയിലും, മെത്രാന്‍പട്ടമേല്‍ക്കുമ്പോള്‍ തലയിലും കൈയിലും വി. തൈലം പൂശുന്നു.

ആദിമസഭയിലെ പിതാക്കന്മാര്‍ മൂറോനെപ്പറ്റി പറയുന്നുണ്ട്. ‘ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവില്‍ ഉറപ്പിക്കുന്നതും നമ്മെ അഭിഷേകം ചെയ്തതും ദൈവമല്ലോ. അവന്‍ നമ്മെ മുദ്രയിട്ടും ആത്മാവ് എന്ന അച്ചാരം നമ്മുടെ ഹൃദയങ്ങളില്‍ തന്നുമിരിക്കുന്നു’ എന്നു വി. പൗലൂസ് പറയുന്നു (2 കൊരി. 1:21,22). ‘നിങ്ങളോ പരിശുദ്ധാത്മാവിനാല്‍ അഭിഷേകം പ്രാപിച്ചു, അവനാല്‍ പ്രാപിച്ച അഭിഷേകം നിങ്ങളില്‍ വസിക്കുന്നു’ എന്നു വി. യോഹന്നാന്‍ ശ്ലീഹായും (1 യോഹ. 2:20,27) പറയുന്നു. വി. മൂറോന്‍ അപ്പോസ്തോലകാലം മുതലേ ഉണ്ടായിരുന്ന കൂദാശയാണ്. നമ്മുടെ കര്‍ത്താവു തന്നെ ഇത് ആരംഭിച്ചു എന്നാണു പാരമ്പര്യം.

പാശ്ചാത്യസഭയില്‍ എല്ലാ മേല്പട്ടക്കാര്‍ക്കും മൂറോന്‍കൂദാശ ചെയ്വാന്‍ അധികാരമുണ്ട്. എന്നാല്‍ പൗരസ്ത്യ സഭകളിലാകട്ടെ ഏറ്റം പ്രധാന മേലദ്ധ്യക്ഷനാണ് ഈ കൂദാശ നിര്‍വ്വഹിക്കുന്നത്. അതു മറ്റു മേല്പട്ടക്കാരുടെയും, സഭയിലെ മറ്റു വിവിധ സ്ഥാനികളുടെയും സഹകരണത്തോടുകൂടി ആയിരിക്കും. ഇതു സഭയുടെ ഐക്യതയുടെ ഒരു ദൃശ്യമായിട്ടും കൂടിയാണ്. പാശ്ചാത്യസഭയും ഒലിവെണ്ണയും ബല്‍സാമും മറ്റു സുഗന്ധദ്രവ്യങ്ങളും ചേര്‍ത്താണു മൂറോന്‍ തൈലം ഉണ്ടാക്കുന്നത്. അവര്‍ ബല്‍സാമും ഒലിവെണ്ണയും രണ്ടു വെള്ളിപ്പാത്രങ്ങളില്‍വച്ചു പള്ളിയില്‍ കൊണ്ടുവരുന്നു. രണ്ടും കൂട്ടി യോജിപ്പിച്ച് ഒരു വെള്ളിഭരണിയിലായിരിക്കും സൂക്ഷിക്കുന്നത്. മെത്രാന്‍ കൂദാശചെയ്ത വി. തൈലം പട്ടക്കാര്‍ വെള്ളിക്കുപ്പികളില്‍ വാങ്ങി കൊണ്ടുപോയി ഉപയോഗിക്കുന്നു. മൂറോന്‍ പുരാതനസഭകള്‍ക്കെല്ലാം ഉണ്ടെന്ന് ഇതില്‍ നിന്നു വ്യക്തമാണല്ലോ. പുരാതനവും പരിശുദ്ധവുമായ ഈ കൂദാശ നമ്മുടെ സഭയില്‍ ഇന്നേയോളം നിലനില്‍ക്കുന്നു.

ഈ അക്ഷയതൈലം സന്തോഷതൈലമാണ്. ദൈവം തമ്പുരാനു തന്‍റെ സഭയോടുള്ള സന്തോഷത്തിന്‍റെ ദൃശ്യമാണു വി. മൂറോന്‍. നമ്മുടെ ആരാധനകളെല്ലാംതന്നെ സന്തോഷത്തിന്‍റേതാണ്. ദൈവസന്നിധി എപ്പോഴും സന്തോഷകരമാണല്ലോ. എണ്ണ ആരോഗ്യത്തെ ദ്യോതിപ്പിക്കുന്നു. ദൈവസന്നിധിയില്‍ ആരാധനയ്ക്കായി അടുത്തുവരുന്നവനു താന്‍ കൊഴുപ്പും നിശ്ചലതയും നല്‍കുന്നു. നാം മെലിഞ്ഞുവരണ്ടു ദൈവസന്നിധിയിലേക്കു പ്രവേശിക്കുന്നു, എന്നാല്‍ താന്‍ നമ്മെ കൊഴുപ്പും വെടിപ്പുമുള്ളവരാക്കി തിരിച്ചയക്കുന്നു. അതാണു വി. മൂറോനഭിഷേകം മൂലം സാധിക്കുന്നത്. ദൈവകൃപയുടെ ഫലമായ സ്നിഗ്ദ്ധതയും ശോഭയും മൂറോന്‍ മൂലം ലഭിക്കുന്നു.

നാമെല്ലാവരും വി. മൂറോന്‍ അഭിഷേകം പ്രാപിച്ചവരാണ്. ഇതു നിമിത്തമാണു നാം രാജകീയ പുരോഹിത വര്‍ഗ്ഗമായിത്തീരുന്നത്. രാജകീയ പുരോഹിതവര്‍ഗ്ഗത്തിനു മാത്രമേ നമ്മുടെ കര്‍ത്താവിന്‍റെ തിരുശരീരരക്തങ്ങള്‍ ഭക്ഷിച്ചു കുടിക്കാന്‍ അര്‍ഹതയുള്ളു. ആകയാല്‍ വി. മൂറോന്‍ വി.കുര്‍ബാനയില്‍ സംബന്ധിക്കുന്നതിനും അനുഭവിക്കുന്നതിനും യോഗ്യത നല്‍കുന്നു. വി. കുര്‍ബാന അര്‍പ്പിക്കുന്നതിനുള്ള പ്രത്യേക വരമാണ് ആചാര്യന്മാര്‍ക്കും പ്രധാനാചാര്യന്മാര്‍ക്കുമുള്ളത്. അവര്‍ ദൈവതുല്യരായി നമ്മുടെ ഇടയില്‍ വസിക്കുവാന്‍വേണ്ടിയാണ് ഈ കൃപ അവര്‍ക്ക് നല്‍കപ്പെട്ടിരിക്കുന്നത്. അവര്‍ ദൈവമുമ്പാകെയും മനുഷ്യമുമ്പാകെയും ദൈവത്തിന്‍റെ ദൃശ്യപ്രതിമകളായി വസിക്കുവാനുള്ളവരാണ്. അതിനനുസരിച്ച് ചുമതലകളും അവര്‍ക്കുണ്ട്.

സഭയ്ക്ക് എതിരെ പിശാച് അതിന്‍റെ അസൂയയുടെ അമ്പുകളെ നിരന്തരം എയ്തുകൊണ്ടാണിരിക്കുന്നത്. സഭാമക്കളെ തെറ്റിക്കുവാന്‍ പിശാച് എപ്പോഴും പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിനാല്‍ പൈശാചികശക്തിക്കെതിരായി നിരന്തരം സമരം ചെയ്യുവാന്‍ നാം ബാദ്ധ്യസ്ഥരാണ്. മൂന്നു വിധത്തിലുള്ള പൈശാചികശക്തികളാണ് ആധുനികകാലത്ത് സഭയ്ക്കെതിരായി ഉയര്‍ന്നുവരുന്നത്.

1. കലഹത്തിന്‍റെ ആത്മാവ്

തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വീഴിച്ചു കലഹകാരികളാക്കാന്‍ പിശാചു പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ വി. മൂറോന്‍ ഐക്യത, സ്നേഹം, സമാധാനം ഇവ വിളിച്ചറിയ്ക്കുന്നു. വി. മൂറോന്‍ സഭാംഗങ്ങളെ സ്നേഹത്തിന്‍റെ ആത്മാവില്‍ ഒരുമിച്ചുകൂട്ടുകയും സമാധാനത്തില്‍ സുദൃഢമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു.

2. ദ്രവ്യാഗ്രഹം

ദ്രവ്യാഗ്രഹം സഭയെ നശിപ്പിക്കുന്നതാണ്. ദ്രവ്യത്തിന്‍റെ മേലോ ധനത്തിന്‍റെ മേലോ അല്ല സഭ പടുത്തുയര്‍ത്തിയിട്ടുള്ളത്. പിന്നെയോ ക്രിസ്തു തന്‍റെ രക്തം മൂലം സമ്പാദിച്ചിട്ടുള്ളതാണ്. തന്‍റെ, വിശ്വോത്തരമായ പരിത്യാഗത്തിലാണ് അതു സ്ഥാപിതമായിട്ടുള്ളത്. മൂറോന്‍ ദ്രവ്യാഗ്രഹത്തിന്‍റേതല്ല (ക്ഷുദ്രക്കാരനായ ശിമോന്‍ ഇതു വിലയ്ക്കു വാങ്ങുവാന്‍ ആഗ്രഹിച്ചതു ശിക്ഷാര്‍ഹമായി വി. പത്രോസ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അപ്പോ. 8:20). മൂറോന്‍ നമ്മെ ബലിയായി കര്‍തൃസന്നിധിയില്‍ സമര്‍പ്പിക്കുന്നതിനുവേണ്ടിയുള്ളതാണ്.

3. സ്ഥാനമോഹം

പല കലഹങ്ങള്‍ക്കും കാരണം സ്ഥാനമോഹമാണ്. സ്ഥാനമോഹത്തിനുവേണ്ടി മനുഷ്യന്‍ ഏത് അധര്‍മ്മത്തിനും മുതിരും. മൂറോന്‍ താഴ്മയുടെ ആത്മാവാണ്. അതിനാല്‍ തമ്മില്‍ തമ്മില്‍ താഴുവാനുള്ള മനസ്സാണു നമുക്കു വേണ്ടത്.
ആധുനികസഭയെ അലട്ടുന്ന ഈ മൂന്നു ശത്രുതകള്‍ക്കെതിരായി ദൈവാത്മബലത്തോടെ സമരം ചെയ്യുവാന്‍ നമുക്കു സാധിക്കണം. ഇന്നു നിര്‍വ്വഹിക്കപ്പെട്ട ദൈവികമായ ഈ കൂദാശ അതിനു പ്രചോദനം നല്‍കട്ടെ.

(1967 ഡിസംബര്‍ 21-ാം തീയതി മൂറോന്‍ കൂദാശയോടനുബന്ധിച്ച് ചെയ്ത പ്രസംഗം. സമ്പാദകന്‍: ഫാ. റ്റി. വി. ജോര്‍ജ് നെടുമാവ്)