അയർലണ്ടിൽ മലങ്കര ഓർത്തഡോക്സ്‌ സഭക്ക് സ്വന്തം ദേവാലയം ഒരുങ്ങുന്നു 

ഡബ്ലിൻ: സെൻറ്. തോമസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ഇടവകയുടെ പന്ത്രണ്ട് വർഷക്കാലമായുള്ള സ്വപ്‌നം യാഥാർഥ്യത്തിലേക്ക് എത്തുന്നു. യു.കെ.-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനത്തിലെ രണ്ടാമത്തെ വലിയ പള്ളിയായ ഡബ്ലിൻ സെൻറ്.തോമസ് ഇടവക സ്വന്തമായ ദേവാലയ നിർമാണത്തിനായി ഒരുങ്ങുന്നു. അയർലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനിൽ പാർമസ്ററൗണ് (Palmerstown, Dublin-20) എന്ന സ്ഥലത്ത് 65 സെൻറ് സ്ഥലം 6,50,000 യൂറോക്ക് ഇടവക വാങ്ങുകയും പ്രാഥമിക നടപടി ക്രമങ്ങൾ പൂർത്തീകരിക്കുകയും ചെയ്തു. സ്വന്തമായ ഒരു ദേവാലയത്തിനു വേണ്ടി അക്ഷീണം പരിശ്രമിച്ച മുൻ വികാരി റവ.ഫാ.അനിഷ് കെ.സാമിന്റെ നേതൃത്വവും ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനിയുടെ പിന്തുണയും പ്രോത്സാഹനവും പ്രേരക ശക്തിയായിരുന്നു. 6 ബെഡ്‌റൂം ഉൾക്കൊള്ളുന്ന ഒരു വീടും, ഓഡിറ്റോറിയവും ഓഫീസ് സൗകര്യങ്ങളോടും കൂടിയ 65 സെൻറ് സ്ഥലം ഡബ്ലിൻ നഗരത്തിന്റെ ഹൃദയഭാഗത്തോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. 
മുൻ വികാരി  റവ.ഫാ.ഡോ.കോശി വൈദ്യന്റെ നേതൃത്വത്തിൽ 2010-ലാണ് ഡബ്ലിൻ ഇടവക സ്വന്തമായി ഒരു വീട് വാങ്ങുകയും, ‘മലങ്കര ഹൗസ്’ എന്ന പേരിൽ പരിശുദ്ധ സഭയുടെ അയർലണ്ടിലെ കാതോലിക്കേറ്റ് സെന്റർ ആയി വികസിപ്പിക്കുകയും ചെയ്തത്. ഇപ്പോൾ പുതുതായി വാങ്ങിയ സ്ഥലത്ത് പാഴ്‌സനേജിന്റെയും അതിനോട് ചേർന്ന് പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലുള്ള ചാപ്പലിന്റെയും (Gregorian Oratory) കൂദാശ കർമ്മം ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനിയുടെ കാർമികത്വത്തിൽ ഇന്ന് (10/12/2017) നിർവഹിക്കുകയും ‘മലങ്കര ഹൗസ്’ എന്ന കാതോലിക്കേറ്റ് സെന്റർ ഇവിടെ പുനഃപ്രതിഷ്ഠിക്കുകയും ചെയ്തു. ഇടവകയുടെ പ്രഥമ മെത്രാപ്പോലീത്താ കാലം ചെയ്ത അഭിവന്ദ്യ ഡോ.തോമസ് മാർ മക്കാറിയോസ് തിരുമേനിയുടെ നാമത്തിൽ ഒരു എക്യൂമെനിക്കൽ സെൻററും (Bishop Makarios Centre for Faith & Culture), കാലം ചെയ്ത അഭിവന്ദ്യ ഡോ.സഖറിയാസ് മാർ തെയോഫിലോസ് തിരുമേനിയുടെ നാമത്തിൽ ഒരു ലൈബ്രററിയും (Bishop Theophilos Lonad Foghlama) മലങ്കര ഹൗസിൽ പ്രവർത്തിക്കും. 
ദേവാലയ നിർമാണം എന്ന രണ്ടാമത്തെ ഘട്ടത്തിലേക്ക് ദൈവാശ്രയത്തോടെ പ്രവേശിക്കുവാൻ ഒരുങ്ങുകയാണ് ഡബ്ലിൻ ഇടവക. ഇടവക വികാരി റവ.ഫാ.അനിഷ് ജോണിന്റെ നേതൃത്വത്തിൽ മാനേജിങ് കമ്മിറ്റി, ബിൽഡിംഗ് കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെ ദേവാലയ നിർമാണത്തിനായുള്ള ക്രമീകരണങ്ങൾ നടന്നു വരുന്നു. അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ സ്വന്തമായ ആദ്യ ദേവാലയം എന്ന പ്രത്യേകതയും ഇതിന് കൈവരും എന്നതിൽ ദൈവത്തെ നന്ദിയോടെ സ്തുതിക്കുന്നു. 
 
വാർത്ത – ഷാജി പന്തളം.