പ്രശസ്ത സംവിധായകനായ മെല്‍ ഗിബ്സണിന്‍റെ ڇദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റڈ വന്‍ ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രമായിരുന്നു. യേശുക്രിസ്തു കുരിശു മരണത്തിനു മുന്‍പ് നേരിട്ട തീവ്രമായ പീഢാനുഭവ രംഗങ്ങളാണ് ചിത്രത്തിന്‍റെ സമയം മുക്കാല്‍ പങ്കുമെടുത്തത്.
പരസ്യത്തിന്‍റെ ശക്തി കൊണ്ടാകണം ലോകമാസകലം വിശ്വാസികളുടെ ദശലക്ഷങ്ങള്‍ ഭക്ത്യാദരവുകളോടെയാണ് ചിത്രം കാണാന്‍ തീയറ്ററുകളില്‍ എത്തിയത്.എന്നാല്‍ ഇടയ്ക്ക് ചിലര്‍ ഇറങ്ങിപ്പോകുന്നതും ചിലര്‍ കണ്ണടച്ചോ മുഖം പൊത്തിയോ ഇരിക്കുന്നതും കാണാമായിരുന്നു. അതിക്രൂരമായ ചിത്രം എന്ന് ചില നിരൂപകര്‍ അതിനെ വിശേഷിപ്പിക്കുകയും ചെയ്തു.
നിഷ്കളങ്കനും നീതിനിഷ്ഠനും മനുഷ്യസ്നേഹിയുമായ ഒരു യുവാവിനെ ഇടതടവില്ലാതെ കൊടും മര്‍ദ്ദനത്തിനു വിധേയമാക്കുന്നതു കണ്ടിരിക്കാന്‍ അത്ര പരപീഢനരതിയുള്ളവര്‍ക്കേ കഴിയൂ എന്നു തോന്നുന്നു.
ഇരുണ്ട മധ്യകാല നൂറ്റാണ്ടുകളില്‍ യൂറോപ്പിലെ ക്രൈസ്തവ സഭയില്‍ ഉടലെടുത്ത ഒരു തരം ആദ്ധ്യാത്മികത ക്രിസ്തുവിന്‍റെ പീഢാനുഭവങ്ങളില്‍ അമിതമായി ശ്രദ്ധയൂന്നുന്നതു കാണാം. ക്രൂശിത രൂപവും ,മുള്‍മുടിയും, രക്തം വാര്‍ന്നൊഴുകുന്ന മുഖവും, കുരിരുമ്പാണികളും, പഞ്ചക്ഷതങ്ങളുമെല്ലാം, ഏതാണ്ട് രോഗാതുരമെന്ന് വിശേഷിപ്പിക്കാവുന്ന ഈ ആദ്ധ്യത്മികതയുടെ അടയാളങ്ങളായി മാറി.മൈക്കിള്‍ ആഞ്ചലോയും ദാവിഞ്ചിയും മറ്റുംതുടക്കം കുറിച്ച നവോത്ഥാന ചിത്രകലയില്‍ ഈധാരണ കടന്നു കൂടി. വേദന കൊണ്ട് പുളയുന്ന ക്രൂശിതനായ യേശുവിന്‍റെ മുഖം എത്രയും ബീഭത്സമാക്കാമോ അത്രയും കലയും വിശ്വാസവും നന്നാവും എന്നു വിശ്വസിച്ച പാശ്ചാത്യ കാലാകാര്മാരുമുണ്ടായി .
ക്രസ്തു അനുഭവിച്ച ശാരീരിക വേദന പ്രധാനമാണെങ്കിലും, ആ പീഢാനുഭവത്തിന്‍റെ തീവ്രതയിലാണ് ക്രിസ്തു നല്‍കിയ രക്ഷാസന്ദേശത്തിന്‍റെ കാതല്‍ എന്ന് പുരാതന ക്രൈസ്തവ പൈത്യകം പഠിപ്പിക്കുന്നില്ല. ഹിറ്റ്ലറുടെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലും മറ്റും വര്‍ഷങ്ങളോളം അതില്‍ കൂടുതല്‍ നരകയാതന അനുഭവിച്ചവരുണ്ട് എന്ന് ചൂണ്ടിക്കാട്ടുന്നു. അപ്പോള്‍ ഭൗതിക തലത്തില്‍ അളക്കാനും താരതമ്യം ചെയ്യാനുമുള്ള ഒന്നായിരുന്നില്ല. ക്രിസ്തുവിന്‍റെ പീഢാനുഭവം ലോക നന്മക്കും രക്ഷക്കും വേണ്ടിയുള്ള ഒരു മഹാ യജ്ഞവും ദിവ്യദൗത്യവുമായിട്ടാണ് ക്രിസ്തു തന്‍റെ കുരിശുമരണത്തെ കണ്ടത്. കുരിശില്‍ കിടക്കുന്ന യേശുവിന്‍റെ മുഖം ആന്തരികശാന്തിയുടെ ദര്‍പ്പണമായി, സൗമ്യദീപ്തമായി ആലേഖനം ചെയ്യുന്ന പുരാതന പൗരസ്ത്യക്രിസ്തീയ ചിത്രരചന (ഐക്കണ്‍ ചിത്ര ശൈലി) വളരെയൊന്നും അറിയപ്പെട്ടിട്ടില്ല. മരണത്താല്‍ മരണത്തെ ജയിച്ചവന്‍ എന്നാണ് ക്രിസ്തുവിനെ ഈ സമ്പ്രദായത്തെവിശേഷിപ്പിക്കുന്നത്. ڇകുരിശില്‍ മരിക്കുകയും ഉയിര്‍ക്കുകയും ചെയ്ത ക്രിസ്തു ڇഎന്നതായിരുന്നു ആദി ശിഷന്മാരായിരുന്ന അപ്പൊസ്തോലന്മാരുടെ ജീവീത മന്ത്രം ദുഖവെള്ളി അന്തിമ വിധിയല്ല, ജീവന്‍റെ പുനരുത്ഥാനമാണ്. ഭാവിയുടെ പ്രത്യാശ എന്നതിലാണ് കുരിശിന്‍റെ അര്‍ത്ഥം സാക്ഷാത്ക്യതമാക്കുന്നത്.
എന്തായിരുന്നു ക്രിസ്തുവിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍
നിഷേധിയും നിയമ ലംഘകനുമായിട്ടാണ് ഗലീലക്കാരനായ യേശുവിനെ യഹൂദ മത നേത്യത്വം കണ്ടത്. രാജ്യദ്രോഹിയും ദൈവദൂഷകനായ മത ദ്രോഹിയുമായിരുന്നു യേശു അവര്‍ക്ക്. യഹൂദര്‍ക്ക് അതി വിശുദ്ധമായ ശാബത് നാളില്‍ ദൈവാരാധനയല്ലാതെ ഒരു ജോലിയും പാടില്ല. പക്ഷേ യേശു അത് ലംഘിച്ചു. ആ ദിവസം രോഗികളെ സൗഖ്യമാക്കി.,മനുഷ്യസ്നേഹപരമായ പ്രവ്യത്തികള്‍ ചെയ്തു.കുഷ്ഠരോഗിയെ തീണ്ടുന്നവര്‍ അശുദ്ധരാകും. പക്ഷേ യേശു അവരെ അടുത്ത് വിളിച്ച് മനപൂര്‍വ്വം തൊട്ടുകൊണ്ട് സൗഖ്യം നല്‍കിയതായി സുവിശേഷങ്ങള്‍ രേഖപ്പെടുത്തുന്നു.മ്ലേച്ഛജാതികളെന്ന് യഹൂദന്മാര്‍ വിളിച്ചവരോട് സമ്പര്‍ക്കം പുലര്‍ത്തി, അവരുടെ ആഴമായ ദൈവവിശ്വാസത്തെ പരസ്യമായി പുകഴ്ത്തി. പാപികളെന്നും വേശ്യകളെന്നും വിളിക്കപ്പെട്ടവരോട് സഹാനുഭൂതിയും സൗഹ്യദവും കാണിച്ചു. ജാതീയമായ എല്ലാ തൊട്ടുകൂടായ്മകളെയും നിഷേധിച്ച് ആരുടെ ക്ഷണവും സ്വീകരിച്ചു.
ക്രസ്തുവിന് രാഷ്ട്രീയ അജണ്ടയൊന്നും ഇല്ലായിരുന്നു. യഹൂദന്മാര്‍ വെറുത്തിരുന്നു. റോമന്‍ സാമ്രാജ്യത്തിന്‍റെ അധികാരത്തെ യഹൂദന്മാര്‍ വെറുത്തിരുന്നു.എങ്കിലും റോമന്‍ വാഴ്ചയെ ചോദ്യം ചെയ്യുന്നവന്‍ എന്ന ആരോപണം യഹൂദ പുരോഹിത നേത്യത്വം യേശുവിനെതിരെ കൊണ്ടുവന്നു. അങ്ങനെയാണ് റോമന്‍ ഗവര്‍ണ്ണറായ പീലാത്തൊസിന്‍റെ മുന്‍പില്‍ വിസ്താരത്തിനായി യേശുവിനെ ഹാജരാക്കുന്നത്. ڇഞാന്‍ ഇവനില്‍ ഒരു കുറ്റവും കാണുന്നില്ലڈ എന്ന് പരസ്യമായി ആ ന്യായാധിപന്‍ പറഞ്ഞെങ്കിലും ജനങ്ങള്‍ ആവശ്യപ്പെെട്ടതനുസരിച്ചു, യേശുവിനെ കുരിശേറ്റാന്‍ വിട്ടുകൊടുത്തു. ڇഎന്‍റെ രാജ്യം ഐഹികമല്ലڈ എന്ന് വിസ്താര വേളയില്‍ പറഞ്ഞ യേശുവിനെ കുറിച്ച് അവന്‍ സ്വയം രാജാവാകാന്‍ ശ്രമിക്കുന്നു റോമാ കൈസര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നു എന്നൊക്കെയായിരുന്നു ആരോപണങ്ങള്‍
മനുഷ്യ പുത്രന്‍ എന്ന് സ്വയം വിളിക്കുന്ന യേശു പാവങ്ങളും തള്ളപ്പെട്ടവരുമായ മനുഷ്യരുടെ എല്ലാ അവസ്ഥകളോടും താതാത്മ്യം പ്രാപിച്ചു. څദരിദ്രന്മാരോട് സുവാര്‍ത്ത അറിയിക്കാന്‍ ദൈവം എന്നെ അയച്ചിരിക്കുന്നതു കൊണ്ട് ദൈവാത്മാവ് എന്‍റെ മേലുണ്ട്.ബന്ധിതര്‍ക്ക് വിടുതലും കുരുടന്മാര്‍ക്ക് കാഴ്ചയും നല്‍കാനും പീഢിതരെയെല്ലാംമോചിപ്പിച്ച് ദൈവപ്രസാദത്തിന്‍റെ പുതുയുഗംچ ആരംഭിക്കാനാണ് താന്‍ വന്നിരിക്കുന്നതെന്ന് പുരാതന പ്രവാചകനായ ഏശായയെ ഉദ്ധരിച്ചു കൊണ്ട് യേശു പറഞ്ഞു. യേശു യഹൂദന്മാര്‍ കാത്തിരുന്ന രക്ഷകനായ മിശിഹാ അഥവാ ദൈവത്തിന്‍റെ അഭിക്ഷിക്തന്‍ (ഗ്രീക്കു ഭാഷയില്‍ ക്രിസ്തു ) ആണ് നസ്രയനായ യേശു എന്ന് വളരെ പേര്‍ വിശ്വസിച്ചു. യേശുവിന്‍റെ വാക്കുകളും പ്രവര്‍ത്തികളും തിരിച്ചറിഞ്ഞവര്‍, ഒരു മഹാ പ്രകാശം തങ്ങള്‍ക്കു ലഭിച്ചതു പോലെയായിരുന്നു. ചിലര്‍ കരുതി യേശു രാഷ്ട്രീയാധികാരം പിടിച്ചെടുത്ത് ,യഹൂദ ജനതയെ റോമാക്കാരില്‍ നിന്നും മോചിപ്പിച്ചെടുക്കുമെന്ന്, ഇങ്ങനെ കരുതിയ തീവ്രവാദികളില്‍ഒരാളായിരുന്നു യൂദാസ് എന്ന് ചില പണ്ഡിത്മാര്‍ ചിന്തിക്കുന്നു.സ്നേഹത്തിലും ക്ഷമയിലും സഹനത്തിലും അധിഷ്ഠിതമായ ഒരു വ്യവസ്ഥ അവര്‍ക്ക് രൂപികരമായിരുന്നില്ല. അവഹേളിതനായി കഠിന മര്‍ദ്ദനമേറ്റ്, കുരിശില്‍ കിടന്ന് ڇ പിതാവെ ഇവര്‍ ചെയ്യുന്നത് ഇന്നതെന്ന് ഇവര്‍ അറിയായ്കയാല്‍ ഇവരോട് ക്ഷമിക്കേണമെ ڈഎന്ന് പ്രാര്‍ത്ഥിച്ച യേശുവിനെ മനസ്സിലാക്കാന്‍ അവര്‍ക്ക് പ്രയാസമായിരുന്നു.കണ്ണിനു പകരം കണ്ണ് പല്ലിനു പകരം പല്ല് എന്ന പ്രതികാര ന്യായം ദൈവേഷ്ടമായി കരുതിയിരുന്ന ഒരു സമൂഹത്തിലാണ് ആത്മത്യഗത്തിന്‍റെയും സ്നേഹത്തിന്‍റെയും സന്ദേശം ക്രിസ്തു നല്‍കിയത്.
ക്രിസ്തുവിന്‍റെ കുരിശിലെ മരണം മനുഷ്യ രക്ഷക്കുവേണ്ടിയുള്ള മഹായാഗമായി ക്രൈസ്തവ പൈതൃകം പഠിപ്പിച്ചു. സര്‍വ്വശക്തനായ ദൈവം താഴ്മയോടെ മനുഷ്യ സ്നേഹത്തെപ്രതി ക്രിസ്തുരൂപത്തില്‍ മനുഷ്യനായി മരണം വരിച്ചു എന്നും,ക്രിസ്തീയ പാരമ്പര്യം ഉദ്ഘോഷിച്ചു. കുരിശ് അങ്ങനെ ത്യാഗത്തിന്‍റെയും,സ്നേഹത്തിന്‍റെയും,അനുരഞ്ജനത്തിന്‍റെയും പ്രതീകമായിതീര്‍ന്നു. പില്‍കാലത്ത് രാഷ്ട്രീയ പ്രാമുഖ്യം നേടിയ ക്രിസ്തീയ സഭ പല സ്ഥലത്തും കുരിശിനെ ഭൗതിക വിജയത്തിന്‍റെയും രാഷ്ട്രീയ ശക്തിയുടെയും കൊടിയടയാളമായി ഉയര്‍ത്തിപ്പിടിച്ചു. ഒരുവശത്ത്, ക്രിസ്തുമാതൃകയില്‍ സ്വജീവിതങ്ങളെ ത്യാഗപൂര്‍വ്വം ലോകത്തിനു വേണ്ടി സമര്‍പ്പിച്ച വളരെയോറെ മനുഷ്യര്‍ ഉണ്ടായെങ്കിലും, മറുവശത്ത് ക്രസ്തീയ സാമ്രാജ്യത്വവും പാശ്ചാത്യകൊളോണിയല്‍ ആധിപത്യവും ക്രിസ്തുവിന്‍റെ ത്യാഗത്തെ പരിഹാസ്യമാക്കി. മതങ്ങള്‍ രാഷ്ട്രീയ കുപ്പായമണിഞ്ഞ് സൈനിക സന്നാഹങ്ങള്‍ ഒരുക്കി, അക്രമത്തിന്‍റെയും അസഹിഷ്ണുതയുടെയും മാര്‍ഗ്ഗത്തിലേക്ക് തിരിഞ്ഞാല്‍ നമ്മുടെ ലോകം വീണ്ടും څഅന്ധകാരത്തി ലേക്കും മരണ നിഴലിലേക്കുംچ വഴുതിപ്പോകും.
ആത്മത്യാഗത്തിന്‍റെ സുഗന്ധം പേറുന്ന എല്ലായാഗവും പ്രപഞ്ചത്തിന്‍റെ ആധാരമായി കാണുന്ന മഹത്തായ പാരമ്പര്യമാണ് ഇന്‍ഡ്യയില്‍ ഉള്ളത് (അയം യജ്ഞോ ഭുവനസ്യ നാഭി). എല്ലാ മതങ്ങളുടെയും ആത്മാവില്‍ കുടികൊള്ളുന്ന സ്വയം ത്യജിക്കലിന്‍റെ ഹോമാഗ്നി, സര്‍വ്വ ജീവജാലങ്ങളുടെയും നന്മക്കും രക്ഷക്കും വേണ്ടി ജ്വലിപ്പിച്ചെങ്കിലേ നീതിയും സമാധാനവുമുള്ള ഒരു പുതിയ ലോക വ്യവസ്ഥ ഉരുത്തിരിയുകയുള്ളു. കുരിശിലെ യാഗത്തിന്‍റെ സന്ദേശവും ഇതുതന്നെ.