സഭ പിളര്‍ത്തി പുതിയ പാത്രിയര്‍ക്കീസിനെ വാഴിക്കാന്‍ നീക്കം നടത്തിയ ആറ് മെത്രാപ്പോലീത്തമാരെ സഭയില്‍ നിന്നും പുറത്താക്കി

aprem_patriarch4

സിറിയ:സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയിൽ    പൊട്ടിത്തെറി, സഭ പിളര്‍ത്തി പുതിയ പാത്രിയര്‍ക്കീസിനെ വാഴിക്കാന്‍ നീക്കം നടത്തിയ ആറ് മെത്രാപ്പോലീത്തമാരെ സഭയില്‍ നിന്നും പുറത്താക്കി.

മോര്‍ യൂജിന്‍ കപ്ലാന്‍, മോര്‍ സെവേറിയോസ് മല്‍ക്കി മുറാദ്, മോര്‍ സെവേറിയോസ് ഹസില്‍സൗമി, മോര്‍ മിലിത്തിയോസ് മുല്‍ക്കി, മോര്‍ ബര്‍ത്തലേമസ് നഥാനിയല്‍, മോര്‍ ഓസ്താത്തിയോസ് മത്താറോഹം എന്നിവരെയാണ് സഭാ സുന്നഹദോസ് പുറത്താക്കിയത്.

കേരളത്തിലെ യാക്കോബായാ സഭയുടെ മാതൃസഭയാണ് സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭ. കേരളത്തിലെ സഭാ നേതൃത്വത്തിനും അനഭിമതനായ പാത്രിയര്‍ക്കീസ് ബാവയെ സ്ഥാനഭ്രഷ്ടനാക്കാന്‍ നടത്തിയ നീക്കത്തിന് പിറകില്‍ ഇവിടെ നിന്നുളള പിന്തുണയുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. അടുത്ത ആഴ്ച ശ്രേഷ്ഠ കാതോലിക്ക ബാവയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുളള പതിനഞ്ചംഗ മെത്രാന്‍ സംഘം പാത്രിയര്‍ക്കീസ് ബാവയെ കാണാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. ഇവിടുത്തെ കാര്യങ്ങളില്‍ പാത്രിയര്‍ക്കീസ് ബാവ അനാവശ്യ ഇടപെടല്‍ നടത്തുകയാണെന്നും തങ്ങള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്യം വേണമെന്നുമുളള ആവശ്യമാണ് ഇവര്‍ കൂടിക്കാഴ്ചയില്‍ ഉന്നയിക്കാനിരുന്നത്.

ഇതേ കാര്യമാണ് ഇപ്പോള്‍ നടപടിക്കിരയായവരും പാത്രിയര്‍ക്കീസ് ബാവക്കെതിരെ ഉന്നയിക്കുന്നത്. ഇവരുടെ സന്ദര്‍ശന സമയത്ത് ഈ ആറുപേരുമായി ചേര്‍ന്ന് പുതിയ പാത്രിയര്‍ക്കീസ് ബാവയെ വാഴിക്കാനും കേരളത്തിലെ സഭാ നേതൃത്വം അതിന് പിന്തുണ പ്രഖ്യാപിക്കാനുമായിരുന്നു നീക്കം. ഇപ്പോള്‍ നടപടിക്കിരയായ മോര്‍ യൂജിന്‍ കപ്ലാനെയായിരുന്നു ഇവര്‍ പാത്രിയര്‍ക്കീസ് സ്ഥാനത്തേക്ക് കണ്ട് വച്ചത്.

അദേഹം കഴിഞ്ഞ പാത്രിയര്‍ക്കാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ഇപ്പോഴത്തെ പാത്രിയര്‍ക്കീസ് ബാവയോട് പരാജയപ്പെട്ടിരുന്നു. പുതിയ നീക്കങ്ങല്‍ക്ക് മുന്നോടിയായി മലങ്കരയില്‍ നി്ന്നുളള ഒരു മെത്രാപ്പോലീത്ത കഴിഞ്ഞ ദിവസം അമേരിക്കയില്‍ വച്ച് മോര്‍ കപ്ലാനുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് കേരള സംഘം പാത്രിയര്‍ക്കീസ് ബാവയുമായി ചര്‍ച്ചക്കെത്തുന്ന ദിവസം തങ്ങളും അവിടെ വരാമെന്നും പാത്രിയര്‍ക്കീസ് വഴങ്ങാത്ത പക്ഷം തര്‍ക്കമുണ്ടാക്കി പുതിയ പാത്രിയര്‍ക്കീസിനെ വാഴിക്കാമെന്നുമായിരുന്നു തീരുമാനം.

ഇത് മണത്തറിഞ്ഞാണ് ഇവരെ പെടുന്നനെ പുറത്താക്കിയത്.സുന്നഹദോസ് നടപടി വിമത നീക്കങ്ങള്‍ക്ക് തിരിച്ചടിയായതിന് പുറമേ കേരള സംഘത്തിന്റെ സന്ദര്‍ശനം അനിശ്ചിതത്വത്തിലുമാക്കിയിട്ടുണ്ട്. പാത്രിയര്‍ക്കീസ് ബാവയെ മേലധ്യക്ഷനായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ കാലങ്ങളില്‍ കേരളത്തിലെ സഭാ നേതൃത്വം തന്നെയാണ് എല്ലാ തീരുമാനങ്ങളും എടുത്തിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ പാത്രിയര്‍ക്കീസ് ബാവ സ്ഥാനമേറ്റതോടെ അദേഹം അതിന് വഴങ്ങിയില്ല. മുഴുവന്‍ കാര്യങ്ങളും ഭരണഘഘടന അനുസരിച്ചാകണമെന്ന നിലപാടാണ് അദേഹത്തിന്. ഇതോടെയാണ് ഇദേഹത്തിനെതിരെ കരുനീക്കം ആരംഭിച്ചത്.
കേരളത്തില്‍ പാത്രിയര്‍ക്കീസിനെ അനുകൂലിക്കുന്ന ബിഷപ്പുമാരെ ഒതുക്കിയതിനൊപ്പം തന്നെ ഇംഗ്ലണ്ടിലും മറ്റ് വിദേശ രാജ്യങ്ങളും കേരള സഭയുടെ കീഴില്‍ കൊണ്ടു വരണമെന്ന ആവശ്യവുമായി ഒരു വിഭാഗം അവിടങ്ങളില്‍ രംഗത്തുണ്ട്. ഇവിടങ്ങളില്‍ പാത്രിയര്‍ക്കീസ് ബാവയുടെ കല്‍പന വരെ പലപ്പോഴും വായിക്കാറില്ല. കഴിഞ്ഞയാവ്ച ഇംഗ്ലണ്ടിലെ പീറ്റര്‍ബ്രോ പളളിയില്‍ കുര്‍ബാനയും തടസപ്പെടുത്തിയിരുന്നു. കൂടുതല്‍ അധികാകരമ നല്‍കണമെന്ന ആവശ്യവുമായി കേരളസംഘം പലവട്ടം പാത്രിയര്‍ക്കീസ് ബാവയുമയി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഭരണഘടന വിരുദ്ധ നടപടികള്‍ ചെയ്യാന്‍ അദേഹം തയ്യാറായില്ല.
ഇതോടെയാണ് ആഗോള സുന്നഹദോസിലെ ഏതാനും മെത്രാന്‍മാരുമായി ചേര്‍ന്ന് അദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി പുതിയ പാത്രിയര്‍ക്കീസിനെ വാഴിക്കാനുളള നീക്കം നടത്തിയത്. സംഭവം പാളിയതോടെ കേരളത്തിലെ കാതോലിക്കയടക്കമുളള ഏതാനും മെത്രാപ്പോലീത്തമാരും പാത്രിയര്‍ക്കീ്‌സ് ബാവയുടെ ഹിറ്റ്‌ലിസ്റ്റിലായിട്ടുണ്ട്.സഭയിലെ വിഭാഗീയതയുടെ വേരറുക്കാന്‍ ശ്രമിക്കുന്ന ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ശ്രമങ്ങള്‍ക്ക് യാക്കോബായ അല്‍മായഫോറം അടക്കമുളള നിരവധി സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിഭാഗീയതക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.