കാതോലിക്കേറ്റ് കോളേജിന്റെ നാക്-എ ഗ്രേഡ് പദവി പ്രതിബദ്ധതയുടെ അംഗീകാരം : പ. കാതോലിക്കാ ബാവ

catholicate_college

പത്തനംതിട്ട: കാതോലിക്കേറ്റ് കോളേജിന് നാക്-എ ഗ്രേഡ് ലഭിച്ചു. മികവിന്റെ ഉയര്‍ന്ന മാനദണ്ഡമാണിത്. മൂന്നാമത് അക്രഡിറ്റേഷന്‍ പ്രക്രിയയിലാണ് ഈ അംഗീകാരം. കാതോലിക്കേറ്റ് കോളേജിന്റെ നാക്-എ ഗ്രേഡ് പദവി പ്രതിബദ്ധതയുടെ അംഗീകാരമാണ് എന്ന് അനുമോദന സമ്മേളനത്തിൽ പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു. അഭി. കുറിയാക്കോസ് മാര്‍ ക്ലീമീസ് മെത്രാപ്പൊലീത്ത അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഭി. ഡോ തോമസ് മാർ അത്താനാസ്യോസ് മെത്രാപ്പോലീത്താ,  അഭി. ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്താ, അഭി. ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്താ, ആന്റോ ആന്റണി എം.പി. തുടങ്ങിയവർ പ്രസംഗിച്ചു.

വിവിധ മേഖലകളില്‍ കോളേജ് കൈവരിച്ച നേട്ടങ്ങളാണ് സമിതി പരിഗണിച്ചത്.കേരളത്തിലെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ മികച്ച സ്‌കോറാണ് സ്ഥാപനം നേടിയത്. 13 ബിരുദ കോഴ്‌സുകള്‍, 14 ബിരുദാനന്തര കോഴ്‌സുകള്‍, ഒരു എം.ഫില്‍ കോഴ്സു, ഏഴ് ഗവേഷണപഠന വിഭാഗങ്ങള്‍ എന്നിവയുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളില്‍നിന്നുമുള്ള കുട്ടികള്‍ പഠിക്കുന്നു. ഗ്രാമീണ മേഖലയിലെ കുട്ടികള്‍ക്ക് കിട്ടുന്ന മികച്ച അവസരമാണ് പ്രധാനമായത്. ക്യാമ്പസ് അഭിമുഖംവഴി കുട്ടികള്‍ക്കു ലഭിച്ച തൊഴില്‍ അവസരങ്ങളും ഗുണംചെയ്തു. 168 പേര്‍ക്കാണ് ജോലി കിട്ടിയത്. 987 കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ കിട്ടി. പഠിതാക്കളില്‍ അറുപത് ശതമാനം പെണ്‍കുട്ടികളാണ്. നാല്‍പ്പത് ശതമാനം കുട്ടികള്‍ മികച്ച സര്‍വകലാശാലകളില്‍ ഉപരിപഠനത്തിന് യോഗ്യത നേടുന്നു. 79 ഗവേഷകര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. സര്‍വകലാശാലാ ഗവേഷണ കേന്ദ്രത്തിന് സമാനമാണിത്.

ഇവിടുത്തെ 21 അധ്യാപകര്‍ മറ്റിടങ്ങളിലും ഗൈഡുകളാണ്. ഭൂരിഭാഗം അധ്യാപകരും നിശ്ചിത യോഗ്യതയ്ക്ക് മേലെ വിദ്യാഭ്യാസ നേട്ടങ്ങള്‍ സമ്പാദിച്ചിട്ടുണ്ട്. 66 പ്രോജക്ടുകളാണ് ഇവിടെ അധ്യാപകര്‍ ഏറ്റെടുത്തത്. 82 അധ്യാപകര്‍ അന്താരാഷ്ട്ര രംഗത്ത് പ്രസിദ്ധീകരണങ്ങള്‍ നടത്തി. സൗജന്യ വൈഫൈ സൗകര്യം രുക്കിയ കാമ്പസ് കുട്ടികളുടെ എല്ലാ മികവുകള്‍ക്കും പ്രോത്സാഹനം നല്‍കുന്നു. അമൃത യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് വെര്‍ച്വല്‍ ലാബും പ്രവര്‍ത്തിക്കുന്നു. ഇവിടുത്തെ എന്‍.എസ്.എസ്. 30 വീടുകള്‍ സാധുക്കള്‍ക്ക് പണിതുനല്‍കി. സര്‍ക്കാരിേന്റത് അടക്കമുള്ള പുരസ്‌കാരങ്ങള്‍ പലവട്ടം കോളേജിനെ തേടിവന്നു. ജസ്റ്റീസ് ഫാത്തിമാ ബീവി, സ്​പീക്കര്‍ എന്‍. ശക്തന്‍, ശാസ്ത്രജ്ഞന്‍ ഡോ. ടി.കെ.അലക്‌സ് എന്നിവര്‍ ഇവിടുത്തെ പൂര്‍വവിദ്യാര്‍ഥികളാണ്. പ്രിന്‍സിപ്പല്‍ ഡോ. മാത്യു പി.ജോസഫ്, ഡോ. ഫിലിപ്പോസ് ഉമ്മന്‍, ഡോ. സുനില്‍ ജേക്കബ് എന്നിവര്‍ പരിപാടികൾക്ക് നേതൃത്വം നൽകി.