തർക്കങ്ങൾ മാറ്റിവച്ച് കത്തോലിക്ക – ഓർത്തഡോക്സ് സഭകൾ അഭയാർഥികൾക്കായി കൈകോർക്കുന്നു.

pope

സ്ബോസ് (ഗ്രീസ്)∙ പതിറ്റാണ്ടുകൾ നീണ്ട ദൈവശാസ്ത്രപരവും ചരിത്രപരവുമായ തർക്കങ്ങൾ മാറ്റിവച്ച് റോമൻ കത്തോലിക്ക സഭയും ആഗോള ഓർത്തഡോക്സ് ക്രൈസ്തവ സഭകളും അഭയാർഥികള്‍ക്കു വേണ്ടി കൈകോർക്കുന്നു. ഫ്രാൻസിസ് മാർപ്പാപ്പയും ഓർത്തഡോക്സ് ക്രൈസ്തവ സഭകളുടെ മേധാവികളുമാണ് യൂറോപ്പിലെ അഭയാർഥി പ്രവാഹത്തിൽ ഇടപെടുന്നത്. സംഘം ഗ്രീക്ക് ദ്വീപായ ലെസ്ബോസ് സന്ദർശിക്കും. ‌

ലോകത്തിലെ 250 മില്യൺ ഓർത്തഡോക്സ് ക്രിസ്ത്യാനികളുടെ മേലധ്യക്ഷനായ ബർത്തലോമ്യയും ഗ്രീക്ക് ഓർത്തഡോക്സ് സഭ മേലധ്യക്ഷനായ ലെറോണിമോസ് രണ്ടാമനുമാണ് ഫ്രാൻസിസ് മാർപ്പാപ്പയ്ക്കൊപ്പം ലെസ്ബോസ് സന്ദർശിക്കുക. യൂറോപ്പിലെ കത്തോലിക്ക പള്ളികൾ അഭയാർഥികളെ സ്വീകരിക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്നയാളാണ് ഫ്രാൻസിസ് മാർപ്പാപ്പ. ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി സ്ഥാനമേറ്റെടുത്ത ശേഷം 2013ൽ ഫ്രാൻസിസ് മാർപ്പാപ്പ നടത്തിയ ആദ്യ സന്ദര്‍ശനം സിസിലിയൻ ദ്വീപായ ലാംപഡ്യൂസയിലേക്കായിരുന്നു. ലെസ്ബോസിനെപ്പോലെ ആയിരക്കണക്കിന് അഭയാർഥികളെ സ്വീകരിക്കുന്ന സ്ഥലമാണ് ലാംപെഡ്യൂസ.

സംഘം ശനിയാഴ്ച മോറിയ സന്ദര്‍ശിക്കും. യൂറോപ്യൻ യൂണിയനും തുർക്കിയും തമ്മിൽ ധാരണയായതിനെത്തുടർന്ന് ഇവിടെ 3,000ൽ അധികം അഭയാർഥികളുണ്ട്. അഭയം തേടിയുള്ള അപേക്ഷ നിരസിക്കപ്പെട്ടാൽ ഇവരിൽ പലരെയും തുർക്കിയിലേക്ക് തിരിച്ചയയ്ക്കാനാണ് ധാരണ. സംഘം 250 അഭയാർഥികളെ കാണും.

പട്ടിണിയും യുദ്ധവും കാരണം സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാൻ എന്നിവങ്ങളിൽ നിന്ന് ജീവൻ കൈയിൽപിടിച്ചുകൊണ്ട് തുർക്കി തീരത്തുനിന്ന് സമുദ്രം താണ്ടിയാണ് അഭയാർഥികൾ ലെസ്ബോസിലെത്തുന്നത്. ഇവിടെ നിന്ന് ഗ്രീസിലേക്കും പിന്നീട് നല്ലൊരു ജീവിതം സ്വപ്നം കണ്ട് യൂറോപ്പിലേക്കും കടക്കുകയാണ് ലക്ഷ്യം. ഈ യാത്രയിൽ നൂറുകണക്കിനുപേരാണ് മരിക്കുന്നത്. പലരെയും യാത്ര, തിരിച്ചറിയൽ രേഖകളില്ലെന്നപേരിൽ തിരിച്ചയയ്ക്കാറുമുണ്ട്.

– John Kochukandathil