കുമളി: എണ്‍പത്തിയൊന്നിന്റെ നിറവിലും യുവത്വത്തിന്റെ പ്രസരിപ്പിലാണ് തേക്കടി സെന്റ് ജോര്‍ജ് വലിയ പള്ളിയിലെ കപ്യാര്‍. നാട്ടുകാരും ഇടവകക്കാരും തങ്കച്ചനെന്ന് ഓമനപ്പേരുചൊല്ലിവിളിക്കുന്ന അമരാവതി മൂന്നാംമൈല്‍ പടിഞ്ഞാറേക്കര പി.പി. കുര്യാക്കോസ് 27-ാമത്തെ വയസിലാണ് കപ്യാരായി ചുമതലയേല്‍ക്കുന്നത്. ഇടവകയില്‍ ശുശ്രൂഷകനായിരുന്നത് മഹാഭാഗ്യമായാണ് ഇദ്ദേഹം ഓര്‍ക്കുന്നത്. താന്‍ ധൂപകുറ്റി കൈയ്യിലെടുക്കുന്ന കാലത്ത് വൈദിക ശുശ്രൂഷയിലുണ്ടായിരുന്ന പലരും മണ്‍പറഞ്ഞുപോയി. വൈദികവൃത്തിയില്‍ നിന്ന് വിരമിച്ച് വിശ്രമിക്കുന്നവരും ഏറെയുണ്ട്.
കപ്യാരെന്ന നിലയില്‍ അള്‍ത്താരയിലെ വൈദിക ശുശ്രൂഷയുടെ ത്രിഫലനമാണ് എണ്‍പത്തിയൊന്നിന്റെ നിറവിലും യുവത്വത്തിന്റെ പ്രസരിപ്പിന് വഴിയൊരുക്കുന്നത്. നാല് പതിറ്റാണ്ടുവരെ വീട്ടില്‍ നിന്നു പള്ളിയിലേക്കും തിരിച്ചും പത്തുകിലോമീറ്റര്‍ കാല്‍നടയായിട്ടാണ് കപ്യാര്‍ പള്ളിയിലെത്തിരുന്നത്. ആയിരത്തിലധികം വിവാഹങ്ങള്‍ക്കും രണ്ടായിരത്തോളം മാമോദീസകള്‍ക്കും അഞ്ഞൂറിനടുത്തു സംസ്‌കാരച്ചടങ്ങുകള്‍ക്കും കാര്‍മികര്‍ക്കൊപ്പം ശുശ്രൂഷകനായിരുന്നിട്ടുണ്ട്. ഇതിനുപുറമേ ഇടവകയിലെ നൂറുകണക്ക് വീട് കൂദാശകളിലും ശുശ്രൂഷകനായി തുടര്‍ന്നത് ദൈവനിയോഗമായിട്ടാണ് തങ്കച്ചന്‍ കരുതുന്നത്.
അരനൂറ്റാണ്ടിലേറെ പന്നിടുമ്പോഴും ആരാധനയിലും കൂദാശകളിലും ഒരിക്കല്‍പോലും മുടങ്ങാതെ ശുശ്രൂഷ നിറവേറ്റാന്‍ കഴിഞ്ഞത് ദൈവാനുഗ്രഹമായാണ് ഈ 81 വയസുകാരന്‍ കാണുന്നത്. കപ്യാര്‍ ശശ്രൂഷയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ ഭദ്രാസന മെത്രാപ്പോലീത്ത തങ്കച്ചനെ പൊന്‍മോതിരം അണിയിച്ചാദരിച്ചിരുന്നു.
ഇടവകയിലെ ഇരുനൂറ്റി നാല്‍പ്പതോളം കുടുംബങ്ങളില്‍ നിന്നുള്ള അംഗങ്ങളെയും അവരുടെ പേരുവിവരങ്ങളും വളരെ ഹൃദ്യസ്‌ഥമായി അറിയാവുന്ന ആളാണ് തങ്കച്ചന്‍. അഖില മലങ്കര ഓര്‍ത്തഡോക്‌സ് ശുശ്രൂഷക സംഘത്തില്‍ അംഗമാണ് ഇദ്ദേഹം.