മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ പുതിയ വെബ്സൈറ്റ് പ്രകാശനം ചെയ്തു

website
മസ്കറ്റ്: മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ സമഗ്ര വിവരങ്ങളടങ്ങിയ പരിഷ്കരിച്ച വെബ്സൈറ്റ്  പ്രകാശനം ചെയ്തു. റുവി സെന്റ്‌. തോമസ്‌ ചർച്ചിൽ വിശുദ്ധ കുർബ്ബാനക്ക് ശേഷം നടന്ന ചടങ്ങിൽ പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെ ഉദ്ഘാടന സന്ദേശം സംപ്രേഷണം ചെയ്തു കൊണ്ടാണ് വെബ്സൈറ്റിന്റെ പ്രകാശനകർമ്മം നിർവ്വഹിച്ചത് .

ആധുനിക കാലഘട്ടത്തിൽ വാർത്താ മാധ്യമങ്ങളുടെ വികസനവും വിവര സാങ്കേതിക രംഗത്തുണ്ടാകുന്ന വിപ്ലവകരമായ മാറ്റങ്ങളും ഫലപ്രദമായി വിനിയോഗിക്കുവാൻ നമുക്ക് കഴിയണമെന്ന് ബാവാ തിരുമേനി പറഞ്ഞു. കഴിഞ്ഞ നാല് പതിറ്റാണ്ടായി സഭയ്ക്കും സമൂഹത്തിനും തണൽ വൃക്ഷമായി ശോഭിക്കുന്ന മസ്കറ്റ് മഹാ ഇടവകയുടെ പ്രവർത്തനങ്ങൾ ലോകമെങ്ങും അറിയുവാനും ഇടവകയുടെ പ്രവർത്തനങ്ങളുമായി അംഗങ്ങൾക്ക് കൂടുതൽ ബന്ധപ്പെടുന്നതിനും വെബ്സൈറ്റ് മുഖാന്തിരമായിത്തീരുമെന്നും പരിശുദ്ധ ബാവാ പ്രത്യാശ പ്രകടിപ്പിച്ചു. ഇടവക മെത്രാപ്പോലീത്താ ഡോ. ഗീവർഗീസ് മാർ യൂലിയോസ് തിരുമേനിയുടെ ആശംസാ സന്ദേശവും ചടങ്ങിൽ പ്രദർശിപ്പിച്ചു.

വെബ്‌സൈറ്റിന്റെയും ഓണ്‍ലൈൻ സ്ട്രീമിംഗ് ചാനലായ ഗൾഫ് ഓർത്തഡോക്സ് ടി. വി. യുടെയും സ്വിച്ച്ഓണ്‍ കർമ്മം ഇടവക വികാരി ഫാ. ജേക്കബ് മാത്യു നിർവ്വഹിച്ചു. അസോസിയേറ്റ് വികാരി ഫാ. കുര്യാക്കോസ് വർഗീസ്‌, എക്സിക്യൂട്ടിവ് അംഗങ്ങൾ, വെബ്സൈറ്റ് സമിതി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Website Domain : www.mgomemuscat.com
Online Streaming Channel: www.gulforthodox.tv